പച്ചമാങ്ങ കഴിക്കാം കേട്ടോ; മാരകമായ ഈ രോഗങ്ങളെ ചെറുക്കാം
green mango

 


സീസണല്‍ ഫ്രൂട്ട് ആയ മാമ്പഴത്തിന് ആരാധകരേറെയാണ്. നല്ല മധുരമുള്ള നാട്ടുമാമ്പഴങ്ങളെല്ലാമാണെങ്കില്‍ പറയാനുമില്ല. എന്നാല്‍ പച്ചമാങ്ങയുടെ കാര്യം അങ്ങനെയല്ല. നല്ല പുളിയുള്ള പച്ചമാങ്ങ, അത് ശരിക്കും ഇഷ്ടമുള്ളവര്‍ മാത്രമേ കഴിക്കൂ. 

എങ്കിലും മലയാളിയുടെ ഗൃഹാതുരതയില്‍ ഉപ്പും മുളകുപൊടിയും ചേര്‍ത്തുള്ള പച്ചമാങ്ങ കഴിപ്പ് തീര്‍ച്ചയായും ഉള്ളതാണ്. എന്നാല്‍ വളരുന്നതിന് അനുസരിച്ച് നാം ഉപേക്ഷിക്കുന്ന രുചികളിലൊന്നാണിത്. മുതിര്‍ന്നവരെ സംബന്ധിച്ച് കറിയില്‍ ചേര്‍ത്തോ, ചമ്മന്തിയോ അച്ചാറോ ആക്കിയോ, ജ്യൂസ് തയ്യാറാക്കിയോ എല്ലാമാണ് പച്ചമാങ്ങ കഴിക്കുന്നത്. 

പച്ചമാങ്ങ അങ്ങനെ ഉപേക്ഷിക്കേണ്ട ഒരു രുചിയല്ലെന്നാണ് ന്യൂട്രീഷ്യനിസ്റ്റുകള്‍ പറയുന്നത്. വൈറ്റമിന്‍-സി, വൈറ്റമിൻ-എ, വൈറ്റമിൻ ബി-6, വൈറ്റമിൻ- കെ, മഗ്നീഷ്യം, കാത്സ്യം, അയേണ്‍, ഫൈബര്‍ എന്നിവയാലെല്ലാം സമ്പന്നമാണ് പച്ചമാങ്ങ. ഇവയെല്ലാം തന്നെ ശരീരത്തില്‍ വിവിധ ധര്‍മ്മങ്ങള്‍ക്ക് അടിസ്ഥാനപരമായി ആവശ്യമുള്ള ഘടകങ്ങളാണ്. 

പച്ചമാങ്ങ കഴിക്കുന്നത് കൊണ്ടും ചില ആരോഗ്യഗുണങ്ങളുണ്ടെന്ന് ഇപ്പോള്‍ മനസിലായില്ലേ? ഇനി ഇതിന്‍റെ ഏറ്റവും പ്രധാനപ്പെട്ട നാല് ഗുണങ്ങളാണ് എടുത്തുപറയുന്നത്. 

ഒന്ന്.

പച്ചമാങ്ങയിലടങ്ങിയിരിക്കുന്ന 'മാംഗിഫെറിൻ' എന്നറിയപ്പെടുന്ന ആന്‍റി ഓക്സിഡന്‍റ് കൊളസ്ട്രോള്‍ നിയന്ത്രിക്കാൻ സഹായിക്കുന്നു. കൊളസ്ട്രോള്‍ മാത്രമല്ല ട്രൈഗ്ലിസറൈഡ്സ്, ഫാറ്റി ആസിഡ് എന്നിവയെല്ലാം 'ബാലൻസ്' ചെയ്യുന്നു. ഇതിലൂടെ ഹൃദയാരോഗ്യത്തെ സുരക്ഷിതമാക്കുകയും ചെയ്യുന്നു. ഇതിന് പുറമെ പച്ചമാങ്ങയിലുള്ള മഗ്നീഷ്യം, പൊട്ടാസ്യം, എന്നിവയും ഹൃദയാരോഗ്യത്തെ ഉറപ്പിക്കാൻ സഹായിക്കുന്നു. 

രണ്ട്.

ദഹനപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും പച്ചമാങ്ങ ഏറെ സഹായകമാണ്. ഇതിലുള്ള ചില സംയുക്തങ്ങളും ഫൈബറുമാണ് ഇതിന് സഹായകമാകുന്നത്. ഇവ ദഹനരസം കൂടുതലായി ഉത്പാദിപ്പിക്കാൻ സഹായിക്കുന്നു. ഇതിലൂടെയാണ് ദഹനപ്രശ്നങ്ങള്‍ പരിഹരിക്കുന്നത്. മലബന്ധം, അസിഡിറ്റി, നെഞ്ചെരിച്ചില്‍, 'മോണിംഗ് സിക്നെസ്' എന്നീ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും പച്ചമാങ്ങ സഹായകമാണ്. 

മൂന്ന്.

പച്ചമാങ്ങയില്‍ അടങ്ങിയിരിക്കുന്ന 'പോളിഫിനോള്‍സ്' ക്യാൻസര്‍ സാധ്യതയെ വെട്ടിക്കുറക്കുന്നു. അങ്ങനെ ക്യാൻസര്‍ പ്രതിരോധത്തിലും പച്ചമാങ്ങ ഭാഗമാകുന്നുണ്ട്. 

നാല്.

കരളിന്‍റെ ആരോഗ്യം സംരക്ഷിച്ചുനിര്‍ത്തി കരള്‍രോഗങ്ങളെ ചെറുക്കുന്നതിനും പച്ചമാങ്ങ സഹായകമാണ്. നമുക്കറിയാം ശരീരത്തില്‍ നിന്ന് വിഷാംശങ്ങളെ പുറന്തള്ളുന്നതിന് സഹായിക്കുന്നത് കരള്‍ ആണ്. ഈ പ്രക്രിയയെ ത്വരിതപ്പെടുത്തുന്നതിന് പച്ചമാങ്ങയ്ക്ക് സാധിക്കും. പച്ചമാങ്ങയ്ക്ക് പിത്തരസത്തിന്‍റെ ഉത്പാദനം കൂട്ടാനും കൊഴുപ്പ് കൂടുതലായി പിടിച്ചെടുക്കുന്നതിന് സഹായിക്കാനും സാധിക്കും. 


 

Share this story