അറിയാം ഇഞ്ചിയുടെയും വെളുത്തുള്ളിയുടെയും ഈ ഗുണങ്ങൾ...

ginger garlic paste

നമ്മുടെയൊക്കെ അടുക്കളകളില്‍ നാം സ്ഥിരമായി പാചകത്തിന് ഉപയോഗിക്കുന്നവയാണ് ഇഞ്ചിയും വെളുത്തുള്ളിയും. ആന്‍റി-ഇൻഫ്ലമേറ്ററി, ആന്‍റി ഓക്‌സിഡന്‍റ് ഗുണങ്ങള്‍ അടങ്ങിയ ഇവ രണ്ടും ദഹനം മുതല്‍ രോഗ പ്രതിരോധശേഷി കൂട്ടാന്‍ വരെ സഹായിക്കും. എന്നാല്‍ ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത് കഴിക്കുന്നത് അവയുടെ ഗുണങ്ങൾ കുറയ്ക്കുമോ? നമ്മുക്ക് പരിശോധിക്കാം.

ഇഞ്ചിയുടെ ഗുണങ്ങള്‍:

ദഹനപ്രശ്‌നങ്ങള്‍ക്കുള്ള ഉത്തമ പരിഹാരമാണ് ഇഞ്ചി. ഇഞ്ചിയില്‍ അടങ്ങിയിരിക്കുന്ന ജിഞ്ചറോളാണ് ഇതിന് സഹായിക്കുന്നത്. ദഹനക്കേട് കാരണം ഉണ്ടാകുന്ന വയറുവേദന, ഛര്‍ദ്ദി, വയറിളക്കം, ഗ്യാസ്, മലബന്ധം എന്നിവ മാറാന്‍ ഇഞ്ചി കഴിച്ചാല്‍ മതി. ഇഞ്ചിയില്‍ അടങ്ങിയിട്ടുള്ള നാരുകളും ദഹനം എളുപ്പമാക്കാന്‍ സഹായിക്കുന്നു.

ആൻറി-ഇൻഫ്ലമേറ്ററി സംയുക്തങ്ങൾ ഇഞ്ചിയിൽ അടങ്ങിയിട്ടുണ്ട്. ഇത് ക്യാൻസർ, ഹൃദ്രോഗം തുടങ്ങിയ ഒന്നിലധികം രോഗങ്ങളെ ചെറുക്കാന്‍ സഹായിച്ചേക്കാം. ഇഞ്ചിക്ക് മികച്ച വേദനസംഹാരിയായി പ്രവര്‍ത്തിക്കാനുള്ള ഗുണങ്ങളുണ്ട്. ഇത് ഓസ്റ്റിയോ ആർത്രൈറ്റിസ്, റൂമറ്റോയ്ഡ് ആർത്രൈറ്റിസ്, ആര്‍ത്തവസംബന്ധമായ വേദന തുടങ്ങിയ അവസ്ഥകൾ മൂലമുണ്ടാകുന്ന വേദന കുറയ്ക്കാൻ സഹായിക്കും. കൊളസ്ട്രോള്‍ കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനുമൊക്കെ ഇഞ്ചി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും രോഗ പ്രതിരോധശേഷിക്കുമൊക്കെ ഇഞ്ചി ഡയറ്റില്‍ ഉള്‍പ്പെടുത്താം.

വെളുത്തുള്ളിയുടെ ഗുണങ്ങള്‍‌:

വിറ്റാമിന്‍ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും ആലിസിനും  അടങ്ങിയ വെളുത്തുള്ളി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. ദഹനസംബന്ധമായ പ്രശ്നങ്ങള്‍ ഒഴിവാക്കാനും വെളുത്തുള്ളി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ഇവ രക്തസമ്മര്‍ദ്ദവും കൊളസ്ട്രോളും കുറയ്ക്കാന്‍ സഹായിക്കും. ഇതിന്റെ ഫലമായി ഹൃദയ സംബന്ധമായ അസുഖങ്ങള്‍ കുറഞ്ഞേക്കാം.  ശ്വാസകോശ സംബന്ധമായ വിഷമതകള്‍ക്കും വെളുത്തുള്ളി ആശ്വാസമാകും. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ വെളുത്തുള്ളി കഴിക്കുന്നത് ചില ക്യാന്‍സര്‍ സാധ്യതകളെ കുറയ്ക്കാനും സഹായിക്കും. വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ വെളുത്തുള്ളി ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും  നല്ലതാണ്.

ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത് കഴിച്ചാല്‍...

ഇഞ്ചിയും വെളുത്തുള്ളിയും സംയോജിപ്പിക്കുന്നത് അഥവാ ഒരുമിച്ച് ചേര്‍ത്ത് കഴിക്കുന്നത് അവരുടെ വ്യക്തിഗത ആരോഗ്യ ഗുണങ്ങൾ കുറയ്ക്കുമെന്നത് ഒരു തെറ്റായ ധാരണയാണ്. ഇഞ്ചിയും വെളുത്തുള്ളിയും മിക്സിംഗ് ചെയ്താല്‍ ശരിക്കും അവയുടെ ഗുണങ്ങള്‍ കൂടുമെന്നാണ് ജേണൽ ഓഫ് അഗ്രികൾച്ചറൽ ആൻഡ് ഫുഡ് കെമിസ്ട്രിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നത്. ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് ചേരുമ്പോള്‍ ഇവ ശക്തമായ ആൻ്റിഓക്‌സിഡൻ്റ് പ്രവർത്തനം പ്രകടിപ്പിക്കുന്നതായി ഗവേഷകർ കണ്ടെത്തി. അതിനാല്‍ ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത് കഴിക്കുന്നത് അവയുടെ മൊത്തം ഗുണങ്ങളെ കൂട്ടും.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Tags