നിങ്ങൾ വാങ്ങുന്ന നെയ്യ് നല്ല നിലവാരമുള്ളതാണോ? നമുക്ക് പരിശോധിക്കാം...

ghee

മിക്ക വീടുകളിലും നിത്യവും ഉപയോഗിക്കുന്നൊരു വിഭവമാണ് നെയ്യ്. ഏറെ ആരോഗ്യഗുണങ്ങളുള്ളൊരു വിഭവമെന്ന നിലയ്ക്ക് തന്നെയാണ് നെയ്യിനെ ഏവരും കാണുന്നത്. അതോടൊപ്പം തന്നെ വിഭവങ്ങള്‍ രുചിയും ഫ്ളേവറും കൂട്ടുന്നതിനും നെയ്യ് ഏറെ പ്രയോജനപ്പെടുന്നു.

പല പരമ്പരാഗത വിഭവങ്ങളിലും നെയ്യ് ഒഴിച്ചുകൂട്ടാൻ സാധിക്കാത് ചേരുവയാണ്. അതായത് പണ്ടുകാലം മുതല്‍ തന്നെ നെയ്യിന്‍റെ പ്രാധാന്യം ആളുകള്‍ മനസിലാക്കിയിരുന്നു എന്ന് സാരം. പക്ഷേ അക്കാലത്തെല്ലാം നെയ്യ് വീടുകളില്‍ തന്നെയാണ് തയ്യാറാക്കാറ്.

എന്നാലിന്ന് അധികപേരും നെയ്യ്  പുറത്തുനിന്ന് വാങ്ങിക്കുകയാണ് പതിവ്. ഇങ്ങനെ വാങ്ങിക്കുന്ന നെയ്യ് ചില സന്ദര്‍ഭങ്ങളിലെങ്കിലും മായം കലര്‍ന്നതോ, കേടായതോ എല്ലാം ആകാം.  അല്ലെങ്കിലേ, വൃത്തിയില്‍ സൂക്ഷിച്ചില്ല എങ്കില്‍ നെയ്യ് പെട്ടെന്ന് ചീത്തയായിപ്പോകും. എന്തായാലും നെയ്യ് കേടായതാണോ, ഉപയോഗിക്കാൻ കഴിയില്ലേ എന്നെല്ലാം മനസിലാക്കാൻ ലളിതമായി ചെയ്യാവുന്ന ചില പരീക്ഷണങ്ങളുണ്ട്. ഇത്തരത്തിലുള്ള മൂന്ന് പരീക്ഷണങ്ങളെ കുറിച്ചറിയാം...

ഒന്ന്...

ഒരു സ്പൂണ്‍ നെയ്യ് കയ്യിലെടുത്ത് നന്നായി ഉരച്ചുനോക്കണം. ഇങ്ങനെ ചെയ്യുമ്പോള്‍ നെയ്യ് പെട്ടെന്ന് ഉരുകിവരുന്നുണ്ട് എങ്കില്‍ അത് ശുദ്ധമാണെന്ന് മനസിലാക്കാം. ഉരച്ചുനോക്കുമ്പോള്‍ തരികളായി നെയ്യില്‍ തടയുന്നുണ്ടെങ്കില്‍ അത് മായം കലര്‍ന്നതാണെന്ന് മനസിലാക്കാം.

രണ്ട്...

നെയ്യ് ചൂടാക്കിയും ഇതിന്‍റെ പഴക്കവും പരിശുദ്ധിയും മനസിലാക്കാവുന്നതാണ്. ഒരു സ്പൂണ്‍ നെയ്യ് പാൻ ചൂടാകുമ്പോള്‍ അതിലേക്ക് പകരണം. ഇത് ഉരുകി ബ്രൗണ്‍ നിറത്തിലേക്കാണ് മാറുന്നതെങ്കില്‍ നെയ്യ് നല്ലതാണെന്ന് ഉറപ്പിക്കാം. എന്നാല്‍ ഉരുകിക്കഴിയുമ്പോള്‍ നെയ്യ് ഇളം മഞ്ഞ നിറത്തിലോ മഞ്ഞനിറത്തിലോ ആണ് ആകുന്നതെങ്കില്‍ ആ നെയ് പോര എന്ന് മനസിലാക്കണം.

മൂന്ന്...

മറ്റൊരു പരീക്ഷണം പഞ്ചസാര വച്ചാണ് ചെയ്തുനോക്കുന്നത്. നെയ്യ് സുതാര്യമായ ഒരു കുപ്പിയിലാക്കിയ ശേഷം ഇതിലേക്ക് അല്‍പം പഞ്ചസാര ചേര്‍ത്ത് നന്നായി കുലുക്കി യോജിപ്പിക്കണം. ഇനിയിത് കുറച്ച് സമയം വയ്ക്കുമ്പോള്‍ കുപ്പിയില്‍ താഴെയായി ചുവന്ന നിറത്തിലൊരു വര പ്രത്യക്ഷപ്പെടുന്നുവെങ്കില്‍ അത് നെയ്യിലെ മായത്തെയാണ് സൂചിപ്പിക്കുന്നത്.

Tags