ഈ പഴങ്ങൾ കഴിക്കുന്നത് നിങ്ങളുടെ കൊളസ്ട്രോള്‍ കുറയ്ക്കും

google news
blueberry

ശരീരത്തില്‍ കൊളസ്‌ട്രോളിന്‍റെ അളവ് അധികമായാല്‍ അത്  ഹൃദയാഘാതം, പക്ഷാഘാതം ഉള്‍പ്പെടെ മരണകാരണമായേക്കാവുന്ന പല രോഗങ്ങളിലേക്ക് നയിക്കാം. നെഞ്ചുവേദന, തലകറക്കം, മനംമറിച്ചില്‍, മരവിപ്പ്, അമിതമായ ക്ഷീണം, ശ്വാസംമുട്ടല്‍, നെഞ്ചിന് കനം, രക്തസമ്മര്‍ദ്ദം ഉയരുക, അവ്യക്തമായ സംസാരം, കാലിന്‍റെ കീഴ്ഭാഗത്ത് വേദന എന്നിവയെല്ലാം ഉയര്‍ന്ന കൊളസ്ട്രോളിന്‍റെ ലക്ഷണങ്ങളാണ്.  ഭക്ഷണത്തിലും ജീവിതശൈലിയിലും ചില മാറ്റങ്ങള്‍ വരുത്തുന്നതിലൂടെ ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാന്‍ സാധിക്കും.

ഇതിനായി റെഡ് മീറ്റ്, സംസ്കരിച്ച ഭക്ഷണങ്ങള്‍, കൊഴുപ്പും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍, എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങള്‍, ഫാസ്റ്റ് ഫുഡ് തുടങ്ങിവയ ഡയറ്റില്‍ നിന്നും ഒഴിവാക്കുക. പകരം പച്ചക്കറികളും പഴങ്ങളും ഫൈബറുമടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന പര്‍പ്പിള്‍ നിറത്തിലുള്ള പഴങ്ങളെ പരിചയപ്പെടാം...

1. ബ്ലൂബെറി

നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു പഴമാണ് ബ്ലൂബെറി. ഫൈബറും ആന്‍റി ഓക്സിഡന്‍റുകളും ധാരാളം അടങ്ങിയ ബ്ലൂബെറി ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാന്‍ സഹായിക്കും. വിറ്റാമിന്‍ കെ അടങ്ങിയ ബ്ലൂബെറി ദിവസേന കഴിക്കുന്നത് ഹൃദയാഘാതം, പക്ഷാഘാതം, എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

2. ബ്ലാക്ക്ബെറി

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ബ്ലാക്ക്ബെറിയും കൊളസ്ട്രോളിനെ കുറയ്ക്കാന്‍ സഹായിക്കും. പൊട്ടാസ്യം അടങ്ങിയിള്ള ഇവ രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

3. മുന്തിരി

ചീത്ത കൊളസ്‌ട്രോളായ എൽഡിഎൽ കുറയ്‌ക്കാന്‍ മുന്തിരിയും സഹായിക്കും. കൂടാതെ മുന്തിരിയിലടങ്ങിയിരിക്കുന്ന പൊട്ടാസ്യത്തിന് ഹൃദയത്തിന് കൂടുതല്‍ ആരോഗ്യം പ്രദാനം ചെയ്യാനും കഴിയും. രോഗപ്രതിരോധശേഷി കൂട്ടാനും ഇവ സഹായിക്കും.

4. പ്ലം

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഫലമാണ് പ്ലം. കൂടാതെ ഇവയില്‍ ഫൈബറും അടങ്ങിയിട്ടുണ്ട്. അതിനാല്‍ പ്ലം കഴിക്കുന്നതും ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും അതുവഴി ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. പ്ലം പഴത്തിന്‍റെ ഗ്ലൈസമിക് സൂചിക കുറവാണ്. അതിനാല്‍ പ്രമേഹ രോഗികള്‍ക്കും പ്ലം കഴിക്കാം.

5. അത്തിപ്പഴം

മൾബറി കുടുംബത്തിൽപ്പെട്ടതാണ്  'ഫിഗ്സ്' അഥവാ അത്തിപ്പഴം. ഫൈബര്‍ ധാരാളം അടങ്ങിയ അത്തിപ്പഴം കഴിക്കുന്നതും കൊളസ്ട്രോൾ കുറയ്ക്കാൻ ഗുണം ചെയ്യും.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Tags