രാവിലെ എഴുന്നേൽക്കുമ്പോൾ ക്ഷീണം തോന്നുന്നുണ്ടോ? എങ്കിൽ ഈ ഭക്ഷണം കഴിക്കൂ...

google news
tired

രാവിലെ ഉണരുമ്പോള്‍ നല്ല ക്ഷീണം തോന്നുന്നുണ്ടോ? പല കാരണങ്ങള്‍ കൊണ്ടും ഇത്തരത്തില്‍ ക്ഷീണം ഉണ്ടാകാം. ചിലപ്പോള്‍ രാത്രി ഉറക്കം ശരിയാകാത്തതു കൊണ്ടോ, അല്ലെങ്കില്‍ രാത്രി നന്നായി ഭക്ഷണം കഴിക്കാത്തതു കൊണ്ടോ ആകാം ഈ ക്ഷീണം. ഭക്ഷണത്തിലൂടെ കൃത്യമായ ഊര്‍ജം ലഭിച്ചില്ലെങ്കില്‍ ക്ഷീണം തോന്നാം. ഇത്തരത്തില്‍ ഊർജത്തിന്‍റെ അഭാവം നിങ്ങളുടെ ദിവസത്തെ ബാധിക്കാം. ഒരു ദിവസം മുഴുവന്‍ ഉന്‍മേഷവും ഊര്‍ജ്ജവും നിലനിര്‍ത്താന്‍ പ്രഭാത ഭക്ഷണത്തിന് പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍‌പ്പെടുത്തുന്നത് നല്ലതാണ്. അത്തരം ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...

ഒന്ന്...

ബദാം ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രോട്ടീനും വിറ്റാമിന്‍ ബിയും മറ്റും ധാരാളം അടങ്ങിയതാണ് ബദാം. കൂടാതെ ഇവയില്‍ മഗ്നീഷ്യവും അടങ്ങിയിട്ടുണ്ട്. ഇത് ക്ഷീണം അകറ്റി, ശരീരത്തിന് വേണ്ട ഊര്‍ജം പകരാന്‍ സഹായിക്കും. ഇതിനായി രാവിലെ വെറും വയറ്റില്‍ കുതിര്‍ത്ത ബദാം കഴിക്കാം.

രണ്ട്...

വാഴപ്പം ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പൊട്ടാസ്യം, പ്രോട്ടീന്‍, ഫൈബര്‍ എന്നിവ അടങ്ങിയ ഒരു ഊര്‍ജ്ജദായകമായ ഭക്ഷണമാണ് പഴം. സൂക്രോസ്, ഫ്രക്ടോസ്, ഗ്ലൂക്കോസ് എന്നീ പ്രകൃതിദത്ത പഞ്ചസാരകളും പഴത്തില്‍ അടങ്ങിയിരിക്കുന്നു. ഊര്‍ജ്ജത്തിന്‍റെ തോത് ഉയര്‍ത്താന്‍ സഹായിക്കുന്ന കാര്‍ബോഹൈഡ്രേറ്റ്സും പഴത്തില്‍ ധാരാളമുണ്ട്. അതിനാല്‍ രാവിലെ‌ പഴം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ക്ഷീണമകറ്റാനും  ഊര്‍ജം പകരാനും സഹായിക്കും.

മൂന്ന്...

മുട്ടയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രോട്ടീനുകളുടെ കലവറയാണ് മുട്ട. കൂടാതെ ആരോഗ്യകരമായ കൊഴുപ്പും ഇരുമ്പ്, കൊളീന്‍, വിറ്റാമിന്‍ ഡി, വിറ്റാമിന്‍ ബി-12 എന്നിവയും മുട്ടയില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ രാവിലെ ഓരോ മുട്ട കഴിക്കുന്നത് ഉന്‍മേഷവും ഊര്‍ജ്ജവും നിലനിര്‍ത്താന്‍ സഹായിക്കും.  

നാല്...

ഈന്തപ്പഴം ആണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പാന്‍റോത്തെനിക് ആസിഡ്, ഫോളേറ്റ്, നിയാസിന്‍ പോലുള്ള ബി വിറ്റാമിനുകള്‍ ധാരാളം അടങ്ങിയ ഈന്തപ്പഴം ഭക്ഷണത്തെ ഊര്‍ജ്ജമാക്കി പരിവര്‍ത്തനം ചെയ്യുന്ന പ്രക്രിയ വേഗത്തിലാക്കുന്നു. കൂടാതെ കാത്സ്യം, പൊട്ടാസ്യം, മഗ്നീഷ്യം, സിങ്ക്, അയേണ്‍ തുടങ്ങിയവയും ഈന്തപ്പഴത്തില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ രാവിലെ രണ്ട് ഈന്തപ്പഴം കഴിക്കാം.

അഞ്ച്...

ആപ്പിളാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബറും മറ്റ് വിറ്റാമിനുകളും അടങ്ങിയ ആപ്പിള്‍ കഴിക്കുന്നതും ശരീരത്തിന് വേണ്ട ഊര്‍ജം പകരാന്‍ സഹായിക്കും.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Tags