ഭക്ഷണം കഴിച്ചതിനു ശേഷം നിങ്ങൾ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യങ്ങള്‍

google news
eat5

ഭക്ഷണം കഴിച്ച ഉടൻ തന്നെ നിങ്ങൾക്ക് അസിഡിറ്റിയോ മറ്റ് ദഹനപ്രശ്നങ്ങളോ അനുഭവപ്പെടുന്നുണ്ടോ? ഈ പ്രശ്‌നത്തിന് കാരണമാകുന്ന നിരവധി ഘടകങ്ങൾ ഉണ്ടാകാം. ആരോഗ്യകരവുമായ ഭക്ഷണം കഴിച്ചതിന് ശേഷം ദഹനപ്രശ്നങ്ങൾ നേരിടുകയാണെങ്കില്‍, ഭക്ഷണം കഴിച്ചതിന് ശേഷം നിങ്ങള്‍ ചെയ്ത ചില തെറ്റുകളാകാം കാരണം. അത്തരത്തില്‍ ഭക്ഷണം കഴിച്ചതിനു ശേഷം നിങ്ങൾ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് പങ്കുവയ്ക്കുകയാണ് ന്യൂട്രീഷ്യനിസ്റ്റായ ദീപ്ശിഖ ജെയിൻ. അവ എന്തൊക്കെയാണെന്ന് നോക്കാം...

1. ഭക്ഷണം കഴിച്ചതിന് ശേഷം കിടന്നുറങ്ങുക

ഭക്ഷണം കഴിച്ചയുടൻ കിടന്നുറങ്ങുന്നത് ദഹന പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നാണ് ന്യൂട്രീഷ്യനിസ്റ്റായ ദീപ്ശിഖ ജെയിൻ പറയുന്നത്. പലരും ഉച്ചഭക്ഷണത്തിനും അത്താഴത്തിനും ശേഷം ഇങ്ങനെ കിടന്നുറങ്ങാറുണ്ട്. ഈ ശീലം അസിഡിറ്റിക്ക് കാരണമാകും. അതിനാല്‍ ഭക്ഷണം കഴിച്ചയുടൻ കിടന്നുറങ്ങുന്ന ശീലം അവസാനിപ്പിക്കുക.

2. ഭക്ഷണം കഴിച്ചതിന് ശേഷം കുളിക്കുക

പലരും ഭക്ഷണം കഴിച്ചയുടന്‍ കുളിക്കാൻ പോകാറുണ്ട്. ഇതും നിങ്ങളുടെ ദഹനത്തെ തടസ്സപ്പെടുത്തുമെന്നാണ് ന്യൂട്രീഷ്യനിസ്റ്റ് പറയുന്നത്. കുളിക്കുന്ന സമയം വയറിലേക്കുള്ള രക്തയോട്ടം കുറയാനും അത് ദഹനപ്രശ്‌നങ്ങൾ ഉണ്ടാക്കാനും കാരണമാകുമത്രേ.

3. ഭക്ഷണം കഴിച്ചയുടന്‍ വെള്ളം കുടിക്കുക

ഭക്ഷണം കഴിച്ചയുടന്‍ ധാരാളം വെള്ളമോ മറ്റേതെങ്കിലും ദ്രാവകങ്ങളോ കുടിക്കരുതെന്നും ന്യൂട്രീഷ്യനിസ്റ്റ് ദീപ്ശിഖ ജെയിൻ പറയുന്നു. ഇതും ചിലരില്‍ ഗ്യാസ്ട്രിക് പ്രശ്നങ്ങൾ ഉണ്ടാക്കാം. അതിനാല്‍  ഭക്ഷണം കഴിച്ചതിന് ശേഷം 20-30 മിനിറ്റ്  ഇടവേളയെങ്കിലും നല്‍കിയതിന് ശേഷം മാത്രം കുറച്ച് വെള്ളം കുടിക്കാമെന്നും ദീപ്ശിഖ ജെയിൻ പറയുന്നു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇവര്‍ ഇക്കാര്യം പറയുന്നത്.

ശ്രദ്ധിക്കുക: നിങ്ങളുടെ ആരോഗ്യ വിദഗ്ധന്‍റെ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുന്നതാകും നിങ്ങളുടെ ആരോഗ്യത്തിന് നല്ലത്.

Tags