സ്ട്രോക്ക്;സാധ്യതയെ തടയാന്‍ കഴിക്കാം ഈ ഭക്ഷണങ്ങള്‍...

google news
stroke

തലച്ചോറിലേക്ക് പോകുന്ന ഒന്നോ അതിലധികമോ രക്തധമനികളുടെ തകരാറ് മൂലം തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് പെട്ടെന്നുണ്ടാകുന്ന ആഘാതമാണ് സ്ട്രോക്ക് അഥവാ പക്ഷാഘാതം  എന്ന് പറയുന്നത്.  പുകവലി, അമിതവണ്ണം, വ്യായാമത്തിന്റെ അഭാവം, തെറ്റായ ഭക്ഷണക്രമം, അമിത മദ്യപാനം എന്നിവ സ്ട്രോക്ക് വരാനുള്ള സാധ്യതയെ കൂട്ടും. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പ്രമേഹം, ഉയര്‍ന്ന കൊളസ്‌ട്രോളിന്റെ അളവ് എന്നിവ ഉള്ളവരില്‍ സ്ട്രോക്ക് വരാനുള്ള സാധ്യത വളരെ കൂടുതലാണ്. ഹാര്‍ട്ട് അറ്റാക്ക് വന്നവരില്‍, ഹൃദയ വാല്‍വ് സംബന്ധമായ തകരാറുകള്‍ ഉള്ളവരില്‍, ഹൃദയമിടിപ്പ് ക്രമം അല്ലാത്തവര്‍, ഇവരിലൊക്കെ സ്‌ട്രോക്കിനുള്ള സാധ്യത വളരെ കൂടുതലാണ്.

മുഖം ഒരു ഭാഗത്തേക്ക് കോടിപ്പോവുക, ശരീരത്തിന്‍റെ ഒരു വശത്ത് പെട്ടെന്നുണ്ടാകുന്ന ബലക്ഷയം, കൈകാലുകളില്‍ പെട്ടെന്നുണ്ടാകുന്ന തളർച്ച, അപ്രതീക്ഷിതമായി സംസാരശേഷി നഷ്ടമാകുക, നടക്കുമ്പോൾ ബാലൻസ് തെറ്റുക, കാഴ്ചയോ കേൾവിയോ നഷ്ടമാകുക, പെട്ടെന്ന് മറവി ഉണ്ടാകുക തുടങ്ങിയവയൊക്കെ സ്ട്രോക്കിന്‍റെ ലക്ഷണങ്ങളാകാം. സ്‌ട്രോക്ക് തടയാന്‍ ഭക്ഷണകാര്യത്തിലും പ്രത്യേകം ശ്രദ്ധ വേണം.
അമിതമായ ഉപ്പിന്‍റെ ഉപയോഗം ഒഴിവാക്കുക, അമിതമായി കൊഴുപ്പടങ്ങിയ ഭക്ഷണം ഒഴിവാക്കുക, അന്നജം കുറവുള്ള ഭക്ഷണം കഴിക്കുക, മദ്യം- പുകവലി എന്നിവ ഉപേക്ഷിക്കുക, മുടങ്ങാതെ വ്യായാമം ചെയ്യുക തുടങ്ങിയവയൊക്കെ സ്‌ട്രോക്ക് സാധ്യതയെ കുറയ്ക്കുന്ന കാര്യങ്ങളാണ്.

പക്ഷാഘാതത്തിന്‍റെ സാധ്യതയെ തടയാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം...

ഒന്ന്...

ഇലക്കറികളാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിനുകള്‍, മിനറലുകള്‍, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയ ചീര പോലെയുള്ള ഇലക്കറികള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് സ്ട്രോക്ക് തടയാന്‍ സഹായിക്കും. ഇവയിലെ ഫോളേറ്റ്, വിറ്റാമിന്‍ ബി തുടങ്ങിയവയാണ് ഇതിന് സഹായിക്കുന്നത്.

രണ്ട്...

ബെറി പഴങ്ങളാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ബ്ലൂബെറി, സ്ട്രോബെറി തുടങ്ങിയ ബെറി പഴങ്ങള്‍ കഴിക്കുന്നതും പക്ഷാഘാതത്തിന്‍റെ സാധ്യതയെ കുറയ്ക്കാന്‍ ഗുണം ചെയ്യും.

മൂന്ന്...

മുഴുധാന്യങ്ങളാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഓട്സ്, ഓട്മീല്‍, ബ്രൌണ്‍ റൈസ് തുടങ്ങിയവ അടങ്ങിയ മുഴുധാന്യങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും സ്ട്രോക്ക് സാധ്യതയെ കുറയ്ക്കാന്‍ ഗുണം ചെയ്യും. ഇവയിലെ ഫൈബര്‍ കൊളസ്ട്രോള്‍ കുറയ്ക്കാനും വിശപ്പിനെ നിയന്ത്രിക്കാനും ഗുണം ചെയ്യും.

നാല്...

നട്സും സീഡുകളുമാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ബദാം, ഫ്ലക്സ് സീഡ്, വാള്‍നട്സ്, ചിയ സീഡുകള്‍ തുടങ്ങിയവയില്‍ വിറ്റാമിനുകള്‍, മിനറലുകള്‍, ഒമേഗ 3 ഫാറ്റി ആസിഡ് തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവയും പക്ഷാഘാതത്തിന്‍റെ സാധ്യതയെ കുറയ്ക്കാന്‍ സഹായിക്കും.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Tags