പ്രമേഹമുള്ളവരോട് പാവയ്ക്കാ ജ്യൂസ് കഴിക്കാൻ പറയുന്നതിന്റെ കാരണം ഇതാകാം
ഷുഗര്‍ അഥവാ രക്തത്തില്‍ പഞ്ചസാര അധികമാകുന്ന അവസ്ഥയാണ് പ്രമേഹരോഗം. പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളിലേക്കും അസുഖങ്ങളിലേക്കുമെല്ലാം ഇത് പിന്നീട് നമ്മെ നയിച്ചേക്കാം. വലിയൊരു പരിധി വരെ ഡയറ്റ് അടക്കമുള്ള ജീവിതരീതികളിലെ നിയന്ത്രണങ്ങളാണ് പ്രമേഹം വരുതിയിലാക്കാന്‍ സഹായിക്കുന്നത്.
അത്തരത്തില്‍ പ്രമേഹം നിയന്ത്രിക്കാന്‍, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായകരമാകുന്ന ഏഴ് തരം ഭക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.
ബാര്‍ലി: വളരെയധികം ആരോഗ്യഗുണങ്ങളുള്ള ധാന്യമാണ് ബാര്‍ലി. ഇത് പ്രമേഹം നിയന്ത്രിക്കാന്‍ കഴിവുള്ളതാണ്. സ്വീഡനില്‍ നടന്നൊരു പഠനവും ഇക്കാര്യം സൂചിപ്പിക്കുന്നു.
നേന്ത്രപ്പഴം: മിക്ക വീടുകളിലും എല്ലാ ദിവസവും വാങ്ങിക്കുന്ന ഒന്നാണ് നേന്ത്രപ്പഴം. ഇതും പ്രമേഹം നിയന്ത്രിക്കുന്നതിന് സഹായിക്കുന്ന ഭക്ഷണമാണ്. എന്നാല്‍ മിതമായ അളവിലേ കഴിക്കാവൂ എന്ന കാര്യം ശ്രദ്ധിക്കുക. നേന്ത്രപ്പഴം മാത്രമല്ല, ഉരുളക്കിഴങ്ങ്, പയറുവര്‍ഗങ്ങള്‍ എന്നിവയും ഇതേ രീതിയില്‍ തന്നെ ഷുഗര്‍ നിയന്ത്രിക്കാൻ സഹായിക്കുന്നു.
നട്ട്സ്: നട്ട്സിലടങ്ങിയിരിക്കുന്ന അണ്‍സാച്വറേറ്റഡ് ഫാറ്റ്, പ്രോട്ടീന്‍, വൈറ്റമിനുകള്‍, ധാതുക്കള്‍ എന്നിവ കൊളസ്ട്രോളിനെ കുറയ്ക്കാൻ സഹായിക്കുന്നു. ഇതുവഴി ഷുഗറും നിയന്ത്രണത്തിലാകുന്നു.
പാവയ്ക്ക : പാവയ്ക്കയില്‍ അടങ്ങിയിരിക്കുന്ന 'പോളിപെപ്റ്റൈഡ്-പി' പ്രമേഹം ജൈവികമായി നിയന്ത്രിക്കാൻ സഹായിക്കുന്നു. ഇക്കാരണം കൊണ്ടാണ് പ്രമേഹരോഗികളോട് ഡോക്ടര്‍മാര്‍ പാവയ്ക്ക ജ്യൂസ് കഴിക്കാൻ നിര്‍ദേശിക്കുന്നത്.
ഉലുവ: ഉലുവയും പ്രമേഹം നിയന്ത്രിക്കുന്നതിന് സഹായകമാണ്. ഒരു ടീസ്പൂണ്‍ ഉലുവയു അല്‍പം മഞ്ഞളും നെല്ലിക്കാപ്പൊടിയും ഇളം ചൂടുവെള്ളത്തില്‍ കലര്‍ത്തി കഴിക്കുന്നത് പ്രമേഹം കുറയ്ക്കാൻ സഹായിക്കുമെന്നാണ് പ്രമുഖ ആരോഗ്യവിദഗ്ധനായ ഡോ. പിഎസ് ഫാഡ്കെ പറയുന്നത്.
പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍: പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങളും ജൈവികമായിത്തന്നെ പ്രമേഹം നിയന്ത്രിക്കാന്‍ ഒരു പരിധി വരെ സഹായിക്കുന്നു. മുട്ട, ഇറച്ചി, മീന്‍, ചില പച്ചക്കറികള്‍, പരിപ്പ്, പനീര്‍ പോലുള്ളവയെല്ലാം ഇതിന് ഉദാഹരണമാണ്. എല്ലാം മിതമായ അളവില്‍ മാത്രം കഴിക്കുക.
നെല്ലിക്ക: പല ആരോഗ്യഗുണങ്ങളും നെല്ലിക്കയ്ക്ക് ഉണ്ട്. ഇക്കൂട്ടത്തിലൊന്നാണ് പ്രമേഹ നിയന്ത്രണവും.