വിഷാദ രോഗം; അറിയാം ഈ കാര്യങ്ങൾ...

depression

മാനസികാരോഗ്യപ്രശ്നങ്ങള്‍, ശാരീരികാരോഗ്യപ്രശ്നങ്ങള്‍ പോലെ തന്നെ വളരെ പ്രധാനമാണ്. വ്യക്തിയെ എല്ലാ രീതിയിലും ബാധിക്കാനും തകര്‍ക്കാനുമെല്ലാം മാനസികാരോഗ്യപ്രശ്നങ്ങള്‍ക്ക് കഴിയും. ഇപ്പോഴാണെങ്കില്‍ മുൻകാലങ്ങളെ അപേക്ഷിച്ച് ആളുകളില്‍ വിഷാദം (ഡിപ്രഷൻ), ഉത്കണ്ഠ (ആംഗ്സൈറ്റി) പോലുള്ള പ്രശ്നങ്ങള്‍ ബാധിക്കുന്നതും കൂടുതലാണ്.

പ്രത്യേകിച്ച് ഇന്ത്യയില്‍ വിഷാദരോഗികളുടെ എണ്ണം കൂടിക്കൊണ്ട് വരികയാണെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. ലോകത്തില്‍ തന്നെ ഏറ്റവുമധികം വിഷാദരോഗികളുള്ളൊരു രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നു.

ഈയൊരു സാഹചര്യത്തില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നൊരു പഠനറിപ്പോര്‍ട്ട് പങ്കുവയ്ക്കുകയാണ് ജോധ്പൂരിലെ ഐഐടി (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി)യില്‍ നിന്നും യുഎസിലെ 'ഒഹിയോ സ്റ്റേറ്റ് യൂണിവേഴ്സ്റ്റി'യില്‍ നിന്നുമുള്ള ഗവേഷകര്‍. ഇവര്‍ സംയുക്തമായി സംഘടിപ്പിച്ച പഠനത്തില്‍ ഇന്ത്യയില്‍ മാനസികാരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നവര്‍ സ്വയം ഇത് തിരിച്ചറിഞ്ഞ് ചികിത്സ തേടുന്നതിന്‍റെ തോത് ആണ് വ്യക്തമാക്കിയിരിക്കുന്നത്.

രാജ്യത്ത് മാനസികാരോഗ്യപ്രശ്നങ്ങളുള്ളവര്‍ സ്വയം ഇത് തിരിച്ചറിഞ്ഞ് ചികിത്സ തേടുന്നവര്‍ ആകെ ഒരു ശതമാനത്തില്‍ താഴെ മാത്രമാണെന്നാണ് ഇവരുടെ പഠനം കണ്ടെത്തിയിരിക്കുന്നത്. അതും സ്വകാര്യമേഖലയെ മാത്രമാണ് ഏറെയും ആശ്രയിക്കുന്നതെന്നും പഠനം പറയുന്നു.

'മാനസികാരോഗ്യപ്രശ്നങ്ങളെ കുറിച്ച് തുറന്നുപറയാനും ചികിത്സ തേടാനുമെല്ലാം ആളുകള്‍ മടിക്കുന്നത് സമൂഹം എന്ത് വിചാരിക്കുമെന്ന ഭയത്താലാണ്. ഈയൊരു സാഹചര്യമാണ് ഇനി മാറിവരേണ്ടത്...'- പഠനത്തിന് നേതൃത്വം നല്‍കിയ ഗവേഷൻ ഡോ. അലോക് രഞ്ജൻ പറയുന്നു.

സാമൂഹിക- സാമ്പത്തിക ഘടകങ്ങള്‍, സ്വകാര്യ മേഖലയുടെ അപ്രമാദിത്വം, ഹെല്‍ത്ത് ഇൻഷൂറൻസ് ഇല്ലായ്മ, ഭാരിച്ച ചികിത്സാച്ചെലവ് എന്നിങ്ങനെയുള്ള തടസങ്ങളും ധാരാളം പേരെ മാനസികാരോഗ്യപ്രശ്നങ്ങള്‍ക്ക് ചികിത്സ തേടുന്നതില്‍ നിന്ന് വിലക്കുന്നതായി പഠനം പറയുന്നുണ്ട്. വളരെയധികം പ്രാധാന്യം അര്‍ഹിക്കുന്ന, ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയങ്ങളാണ് ഇതെല്ലാം എന്നാണ് പഠനറിപ്പോര്‍ട്ടിനോട് പ്രതികരിക്കുന്ന, ആരോഗ്യമേഖലയില്‍ നിന്നുള്ള വിദഗ്ധരും സാമൂഹ്യപ്രവര്‍ത്തകരും പറയുന്നത്.

Tags