താരനകറ്റാൻ സഹായിക്കുന്ന 4 പൊടിക്കെെകൾ

dandruff

താരൻ ഇന്ന് പലരേയും അലട്ടുന്ന പ്രശ്നമാണ്. തലയോട്ടിയിലെ വരൾച്ച, ഭക്ഷണം, വൃത്തിയില്ലായ്മ, സ്ട്രെസ് ഇതെല്ലാമാണ് താരൻ വരാനുള്ള പ്രധാന കാരണങ്ങൾ. കേശ സംരക്ഷണത്തിൽ കുറച്ചധികം ശ്രദ്ധിച്ചാൽ തന്നെ താരനെ തടയാൻ സാധിക്കും. താരനകറ്റാൻ സഹായിക്കുന്ന ചില പൊടിക്കെെകൾ പരിചയപ്പെടാം...

ഒന്ന്...

ചെറുനാരങ്ങയിലെ ആൻ്റിമൈക്രോബയൽ, ആന്റി ബാക്ടീരിയൽ, ആന്റി ഫംഗൽ ​ഗുണങ്ങൾ താരൻ അകറ്റുന്നതിന് സഹായിക്കുന്നു. തലയോട്ടി വൃത്തിയാക്കാനും നാരങ്ങാനീര് സഹായകമാണ്. നാരങ്ങ രണ്ടായി മുറിച്ച് ഇതിന്റെ നീര് തലയോട്ടിയിൽ പുരട്ടുക. കുറച്ച് നേരം മസാജ് ചെയ്ത ശേഷം മുടി കഴുകി കളയുക.

രണ്ട്...

താരൻ അകറ്റാൻ സഹായകമാണ് തെെരും മുട്ടയും കൊണ്ടുള്ള ഹെയർ പാക്ക്. തെെരിലെ ലാക്‌റ്റിക് ആസിഡും പ്രോബയോട്ടിക്‌സും പോലുള്ള പ്രകൃതിദത്ത ഗുണങ്ങൾ ചൊറിച്ചിൽ കുറയ്ക്കാനും താരൻ നിയന്ത്രിക്കാനും സഹായിക്കുന്നു. മുട്ടയിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഒരു മുട്ടയുടെ വെള്ളയും രണ്ടോ മൂന്നോ ടേബിൾ സ്പൂൺ തൈരും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം തലമുടിയിൽ ഈ ഹെയർ മാസ്ക് പുരട്ടുക. ഒരു മണിക്കൂറിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് മുടി കഴുകി കളയാം. ആഴ്ചയിൽ രണ്ട് തവണ ഈ പാക്ക് ഇടാം.

മൂന്ന്...

താരൻ അകറ്റുന്നതിന് സഹായിക്കുന്ന മറ്റൊരു ചേരുവകയാണ് കറ്റാർവാഴ. കറ്റാർവാഴ ജെൽ തലയിൽ പുരട്ടി നന്നായി മസാജ് ചെയ്യുക. ഏതാനും മിനിറ്റുകൾക്കു ശേഷം കഴുകിക്കളയാം. താരനും തലയിലെ ചൊറിച്ചിലും മാറ്റാൻ ഇത് സഹായകമാണ്.

നാല്...

ബേക്കിം​ഗ് സോഡയാണ് മറ്റൊരു ചേരുവക. ചർമ്മത്തിലെ മൃതകോശങ്ങൾ നീക്കം ചെയ്യുന്നതിനും ചൊറിച്ചിലും കുറയ്ക്കുന്നതിനും ബേക്കിം​ഗ് സോഡ സഹായിക്കുന്നു. ബേക്കിം​ഗ് സോഡ ഒരു മുട്ടയുടെ വെള്ള ചേർത്ത് തലയിൽ പുരട്ടുക. 15 മിനുട്ടിന് ശേഷം കഴുകി കളയുക. ആഴ്ചയിൽ രണ്ട് തവണ ഇത് ഇടാവുന്നതാണ്.

Tags