പഞ്ചസാരയുടെ ഉപയോഗം കുറക്കാം...

google news
sugar

പഞ്ചസാര നമ്മുടെ അടുക്കളകളിലെ സ്ഥിരമായ ഒരു സന്തതസഹചാരിയാണ്. രാവിലെ കുടിക്കുന്ന ചായയില്‍ നിന്നും തുടങ്ങുന്നതാണ് നമ്മുടെയൊക്ക ജീവിതത്തിലെ  പഞ്ചസാര ഉപയോഗം. എന്നാല്‍ പഞ്ചസാരയുടെ അമിത ഉപയോഗം പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കാം. പ്രമേഹം മുതല്‍ അമിത വണ്ണത്തിന് വരെ ഇത് കാരണമാകാം. പഞ്ചസാരയുടെ അമിത ഉപയോഗം കുറയ്ക്കുന്നത് നിങ്ങളുടെ ശരീരത്തിനും ചര്‍മ്മത്തിനും ഏറെ ഗുണം ചെയ്യും.

അതേസമയം, പഞ്ചസാരയുടെ ഉപയോഗം തീര്‍ത്തും എടുത്തുമാറ്റാന്‍ നമുക്ക് കഴിയുകയുമില്ല. എന്നിരുന്നാലും ഒരു പരിധി വരെയൊക്കെ പഞ്ചസാരയുടെ അളവിനെ നമുക്ക് നിയന്ത്രിക്കാന്‍ കഴിയും. പഞ്ചസാരയുടെ അമിത ഉപയോഗം കുറയ്ക്കാന്‍ ഇതാ ചില വഴികള്‍...

ഒന്ന്...

ദിവസവും നിങ്ങള്‍ മുടങ്ങാതെ കുടിക്കുന്ന ഏന്തെങ്കിലും ഒരു പാനീയത്തില്‍ നിന്നും പഞ്ചസാര പൂര്‍ണ്ണമായും ഒഴിവാക്കുക. അത് ചായയോ കാപ്പിയോ പാലോ ജ്യൂസോ എന്തുമാകട്ടെ. ഇത്തരത്തില്‍ പതിയെ പതിയെ പഞ്ചസാരയുടെ അമിത ഉപയോഗം കുറയ്ക്കാം.

രണ്ട്...

ബേക്കറി ഭക്ഷണങ്ങളുടെ അമിത ഉപയോഗവും കുറയ്ക്കാം. ഒരു ദിവസം നിങ്ങള്‍ കഴിക്കുന്ന ഇത്തരം ഭക്ഷണങ്ങളില്‍ ഏറ്റവും കൂടുതല്‍ പഞ്ചസാര അടങ്ങിയ ഭക്ഷണത്തെ ആദ്യം പൂര്‍ണ്ണമായി ഒഴിവാക്കുക. പതിയെ ബേക്കറി ഭക്ഷണങ്ങള്‍ എല്ലാം പൂര്‍ണ്ണമായി ഒഴിവാക്കാം. ജങ്ക് ഫുഡ്, പ്രൊസസിഡ് ഭക്ഷണങ്ങള്‍ തുടങ്ങിയവയും പരമാവധി ഡയറ്റില്‍ നിന്നും ഒഴിവാക്കുക.

മൂന്ന്...

കഴിക്കുന്ന ഒരോ ഭക്ഷണത്തിലും അടങ്ങിയിരിക്കുന്ന പഞ്ചസാരയുടെ അളവ് മനസിലാക്കി, ഒഴിവാക്കേണ്ടത് ഒഴിവാക്കുക. കഴിക്കുന്ന ഭക്ഷണങ്ങളുടെ കലോറിയും അറിഞ്ഞിരിക്കുക.

നാല്...  

കൃത്രിമ മധുരം ചേർത്ത ശീതള പാനീയങ്ങൾ കുടിക്കുന്നതും ഒഴിവാക്കുക. പകരം നാരങ്ങാവെള്ളം ഉപ്പിട്ട് കുടിക്കാം. അതുപോലെ തന്നെ ഇളനീരും ആരോഗ്യത്തിന് നല്ലതാണ്.

അഞ്ച്...

വൈറ്റ് ബ്രെഡ്, ചോറ് പോലുള്ള കാര്‍ബൈഹൈട്രേറ്റ് അടങ്ങിയ ഭക്ഷണത്തിലും പഞ്ചസാരയുടെ അളവ് കൂടുതലാണ്. ഇവയുടെ അളവും കുറയ്ക്കാം.

ആറ്...

പഞ്ചസാരയ്ക്ക് പകരം തേന്‍, ശര്‍ക്കര തുടങ്ങിയ പ്രകൃതിദത്ത മധുരം അടങ്ങിയവ ഉപയോഗിക്കുന്നതും നല്ലതാണ്.

ഏഴ്...

ഡയറ്റില്‍ നട്സ്, പച്ചക്കറികള്‍, പഴങ്ങള്‍, തൈര് തുടങ്ങിയവയും ഉള്‍പ്പെടുത്തുക.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ  ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Tags