കോളൻ ക്യാൻസർ; ഈ ലക്ഷണങ്ങളെ തിരിച്ചറിയാതെ പോകരുത്...

cancer

വൻകുടലിൽ വളരുന്ന അർബുദമാണ് കോളൻ ക്യാൻസർ അഥവാ ബവല്‍ ക്യാന്‍സര്‍ (bowel cancer). വൻകുടലിൽ മലദ്വാരത്തോടു ചേർന്ന ഭാഗത്താണ് കോളൻ ക്യാന്‍സര്‍ കൂടുതലായി കണ്ടുവരുന്നത്. അടുത്ത കാലത്തായി ചെറുപ്പക്കാർക്കിടയിൽ വൻകുടൽ ക്യാൻസര്‍ വർധിച്ചുവരുന്നതായാണ് പഠനങ്ങള്‍ പറയുന്നത്. ജീവിത ശൈലിയിലെ മാറ്റങ്ങള്‍, മാറിയ ഭക്ഷണരീതി, അമിത വണ്ണം, മദ്യപാനം, വ്യായാമക്കുറവ് തുടങ്ങിയ പല ഘടകങ്ങളിലും ഇതിനെ സ്വാധീനിക്കുന്നു. വിദഗ്ധ ചികിത്സയാൽ ഭേദമാക്കാവുന്ന രോഗമാണ് കുടൽ ക്യാൻസർ.

ജീവിത ശൈലിയിൽ മാറ്റങ്ങൾ വരുത്തിയും സ്ക്രീനിങ് പരിശോധനകൾ വഴിയും ഇവയെ പ്രതിരോധിക്കാം. മലദ്വാരത്തിലൂടെ ഒരു ട്യൂബ് കയറ്റി വിട്ടുള്ള കൊളോണോസ്കോപ്പി പരിശോധന വഴിയാണ് കോളന്‍ അര്‍ബുദം കണ്ടെത്തുന്നത്. ആദ്യ ഘട്ടങ്ങളിലാണെങ്കിൽ പൂർണ്ണമായും ഭേദമാക്കാം. എന്നാല്‍ മറ്റു പല ക്യാൻസറുകളെയും പോലെ കുടൽ ക്യാൻസർ ആദ്യഘട്ടത്തിൽ ലക്ഷണങ്ങളൊന്നും കാണിക്കാറില്ല. പലപ്പോഴും രോഗം മൂർച്ഛിച്ച ശേഷമായിരിക്കും രോഗലക്ഷണങ്ങൾ കാണുന്നത്.

മലദ്വാരത്തിലൂടെ രക്തമൊഴുകുന്നത് ഈ അര്‍ബുദത്തിന്‍റെ ഒരു ലക്ഷണമാണ്. അതായത് മലം രക്തം കലർന്ന് പോകുന്നത് നിസാരമായി കാണരുത്. അതുപോലെ മലം കറുത്ത് പോകുന്നത്, മലം പോകുന്നതിലെ മറ്റ് മാറ്റങ്ങള്‍‌,  ഇടയ്‌ക്കിടെ വയര്‍ ഒഴിയണമെന്ന തോന്നല്‍,   മലബന്ധം, വയറിളക്കം തുടങ്ങിയവയൊക്കെ വൻകുടൽ ക്യാൻസറിന്‍റെ ലക്ഷണങ്ങളാണ്. അതുപോലെ അടിവയറ്റിൽ പിണ്ഡം വളരുക,   വയര്‍ വേദന, ഗ്യാസ്‌, വയര്‍ വീര്‍ത്തിരിക്കുക, രക്തക്കുറവ് മൂലമുള്ള ക്ഷീണം, വിശപ്പിലായ്മ, അകാരണമായി ശരീരഭാരം കുറയുക,  എപ്പോഴുമുള്ള അമിത ക്ഷീണം തുടങ്ങിയവയൊക്കെ ഒരുപക്ഷേ കോളൻ ക്യാൻസറിന്‍റെ സൂചനകളാകാം.

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

Tags