സപ്പോട്ട കഴിച്ചാൽ ലഭിക്കും ഈ ഗുണങ്ങളൊക്കെ
ചിക്കൂ എന്ന ഓമനപ്പേരിലറിയപ്പെടുന്ന സപ്പോട്ടപഴത്തെ ആർക്കാണ് ഇഷ്ടമില്ലാത്തത് അല്ലേ.ഉഷ്ണമേഖലയിൽ കാണപ്പെടുന്ന നിത്യഹരിത മരമായ സപ്പോട്ടയുടെ പഴം മാങ്ങ,ചക്ക,വാഴപ്പഴം എന്നവയെയൊക്കെപ്പോലെ വളരെ പോഷക സമ്പുഷ്ടവും ഊർജ്ജദായകവുമാണ്.നോസ് ബെറി,സപ്പോടില്ല പ്ലം,ചിക്കൂ എന്നിങ്ങനെ പല പേരുകളിൽ സപ്പോട്ട അറിയപ്പെടുന്നുണ്ട്. സപ്പോട്ട നിങ്ങളുടെ ആരോഗ്യത്തെ എങ്ങനെ സഹായിക്കുന്നു എന്ന് നോക്കാം..
സപ്പോട്ടയിലടങ്ങിയ വൈറ്റമിൻ ഇ ചർമ്മത്തിന് നനവും തിളക്കവും കൂട്ടാൻ വളരെ നല്ലതാണ്.സപ്പോട്ട കഴിച്ചാൽ ആരോഗ്യവും സൌന്ദര്യവുമുള്ള ചർമ്മം സ്വന്തമാക്കാം.
മുടിയ്ക്ക് അഴക് മാത്രമല്ല ആരോഗ്യവും നൽകാൻ സപ്പോട്ടയ്ക്ക് കഴിവുണ്ട.സപ്പോട്ട പഴത്തിൻറെ കുരുവിൽ നിന്നും ഉണ്ടാക്കുന്ന എണ്ണ മുടി കൊഴിച്ചിൽ മാറ്റാൻ വളരെ നല്ലതാണ്. ഇത് തലയോട്ടിയിലെ ചർമ്മത്തിൻറെ വരൾച്ച ഇല്ലാതാക്കി മുടി തഴച്ചു വളരാൻ സഹായിക്കുന്നു.തലയോട്ടിയിലെ ചർമ്മവീക്കം കാരണമുണ്ടാകുന്ന മുടി കൊഴിച്ചിൽ തടയാൻ ഈ എണ്ണ ഉപയോഗിക്കാറുണ്ട്.
സപ്പോട്ടയുടെ കുരു ആവണക്കെണ്ണയുമായി ചേർത്തരച്ച് തലയോട്ടിയിൽ തേച്ച് ഒരു രാത്രി മുഴുവൻ പിടപ്പിച്ച് പിറ്റേന്ന് കഴുകിക്കളഞ്ഞാൽ താരൻ കുറയും.ഇത് കൂടാതെ മുടി മിനുസമുള്ളതാവുകയും ചെയ്യും.
പ്രായം കാരണം ശരീരത്തിലുണ്ടാകുന്ന ചുളിവുകളകറ്റാൻ സപ്പോട്ട കഴിക്കുന്നത് വളരെ നല്ലതാണ്.ശരീരത്തിനകത്ത് രൂപപ്പെടുന്ന ഫ്രീ റാഡിക്കലുകൾ പ്രായം കൂടുംതോറും തൊലിയിൽ ചുളിവുകളുണ്ടാക്കുന്നു.സപ്പോട്ട ഈ ഫ്രീറാഡിക്കലുകളെ തുരത്തി ആൻറി ഓക്സിഡൻറായി പ്രവർത്തിക്കുന്നു.
സപ്പോട്ടയുടെ കുരുവിൽ നിന്നുണ്ടാക്കുന്ന എണ്ണ ചർമ്മലേപനമായും ഉപയോഗിക്കാം.എണ്ണ വേർതിരിച്ചെടുത്തതിനുശേഷമുണ്ടാകുന്ന കുരുവിൻറെ അവശിഷ്ടം ചർമ്മത്തിലുണ്ടാകുന്ന മുറിവുകളിലും ചൊറിച്ചിലിനും പുരട്ടാവുന്നതാണ്.
സപ്പോട്ടമരത്തിലുള്ള പാൽപോലുള്ള കറ ചർമ്മത്തിലുണ്ടാകുന്ന അരിമ്പാറയും ഫംഗസ് ബാധയും തടയാൻ വളരെ നല്ലതാണ്.
കാൽസ്യം ,ഫോസ്ഫറസ് , അയേൺ എന്നിവ എല്ലുകളുടെ ആരോഗ്യത്തിന് അത്യാവശ്യമായ ഘടകങ്ങളാണ്.സപ്പോട്ടയിൽ ഇവ മൂന്നും അടങ്ങിയതുകൊണ്ട് തന്നെ എല്ലുകളുടെ ആരോഗ്യം നിലനിർത്തുന്നതിന് സപ്പോട്ട വളരെ നല്ലതാണ്.
കാർബോ ഹൈഡ്രേറ്റുകളും,പോഷകങ്ങളും അടങ്ങിയതുകൊണ്ട് തന്നെ ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും സപ്പോട്ട നല്ല ഭക്ഷണമാണ്.ഗർഭകാലത്തെ തളർച്ചയും ക്ഷീണവും രാവിലെകളിലെ അസ്വസ്ഥതകളും മാറ്റാനും ഇത് ഉത്തമമാണ്.
ദോഷങ്ങൾ അകറ്റി വയറ് ശുദ്ധീകരിക്കാൻ സപ്പോട്ട വളരെ നല്ലതാണ്.സപ്പോട്ട പഴം വെള്ളത്തിലിട്ട് തിളപ്പിച്ച കഷായം വയറിളക്കത്തിനുള്ള മരുന്നായി ഉപയോഗിക്കുന്നു.പൈൽസ് ,വയറുകടി തുടങ്ങീ രോഗങ്ങൾക്കും ഇത് ഉപയോഗിക്കുന്നത് നല്ലതാണ്.
ഉറക്കമില്ലായ്മ,വിഷാദം,ഉത്കണ്ഠ തുടങ്ങി അസുഖമുള്ളവരിൽ ഉറക്കമരുന്നായി സപ്പോട്ട ഗുണം ചെയ്യും.ശക്തിയേറിയ ഉറക്കമരുന്ന് കൂടിയായ സപ്പോട്ട ഞരമ്പുകളെ ശാന്തമാക്കാനും പിരിമുറുക്കം കുറയ്ക്കാനും സഹായിക്കും.
നാസാരന്ധ്രങ്ങളിലേയും ശ്വാസകോശഭിത്തിയിലേയും ശ്ലേഷ്മത്തെ പുറന്തള്ളി ജലദോഷവും കഫക്കെട്ടും നിയന്ത്രിക്കാൻ സപ്പോട്ടയ്ക്ക കഴിവുണ്ട്.
വയറിനകത്ത് ഗ്രന്ഥികളുടെ പ്രവർത്തനത്തെ നിയന്ത്രിക്കുക വഴി ജീവൽപ്രവർത്തനങ്ങൾ നിയന്ത്രണത്തിലാക്കി അമിതഭാരം കുറയ്ക്കാൻ സപ്പോട്ട സഹായിക്കുന്നു.
മൂത്രക്കല്ലു പോലുള്ള രോഗങ്ങൾ തടയാനും സപ്പോട്ട നല്ലതാണ്. ഇത് വൃക്കയുടെ ആരോഗ്യം കാക്കുന്നതു തന്നെയാണ് കാരണം.