പ്രഭാതഭക്ഷണവും അത്താഴവും നേരത്തെ കഴിക്കണം, കാരണം ഇതാ...

eat

പ്രഭാതഭക്ഷണവും അത്താഴവും നേരത്തെ കഴിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കുമെന്ന് പഠനം. ലോകത്തിലെ മരണത്തിൻ്റെ പ്രധാന കാരണം ഹൃദയ സംബന്ധമായ അസുഖങ്ങളാണ്. 2019 ൽ 18.6 ദശലക്ഷം മരണങ്ങളിൽ 7.9 ദശലക്ഷവും തെറ്റായ ഭക്ഷണക്രമം മൂലമാണെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.

ഭക്ഷണം കഴിക്കുന്നതിൻ്റെ ആഘാതവും ഹൃദയ സംബന്ധമായ അസുഖ സാധ്യതയും പഠിക്കാൻ യൂറോപ്യൻ ഗവേഷകർ അടുത്തിടെ പഠനം നടത്തി.  42 വയസ് വരെ പ്രായമുള്ള 1,03,389 ആളുകളിൽ നിന്നുള്ള ഡാറ്റ പരിശോധിച്ചു. 7.2 വർഷത്തെ ശരാശരി ഫോളോ-അപ്പിൽ 2,036 പേർ മരിച്ചതും ഹൃദയ സംബന്ധമായ അസുഖങ്ങൾ മൂലമാണെന്ന് പഠനത്തിൽ പറയുന്നു.

പ്രഭാതഭക്ഷണം ഒഴിവാക്കുന്നവരോ അത്താഴ ഭക്ഷണം വെെകി കഴിക്കുന്നവർക്കോ ഹൃദയ സംബന്ധമായ അസുഖങ്ങൾ വരാനുള്ള സാധ്യത കൂടുതലാണെന്ന് പഠനത്തിൽ കണ്ടെത്തി.

ഒരു മണിക്കൂർ വൈകിയാൽ അപകടസാധ്യത ആറ് ശതമാനം വർദ്ധിക്കും. ഉദാഹരണത്തിന്, രാവിലെ 9 മണിക്ക് പ്രഭാതഭക്ഷണം കഴിക്കുന്ന ഒരാൾക്ക് 8 മണിക്ക് ഭക്ഷണം കഴിക്കുന്ന ഒരാളേക്കാൾ ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യത ആറ് ശതമാനം കൂടുതലാണെന്ന് ​ഗവേഷകർ പറയുന്നു.

പ്രഭാതഭക്ഷണം രാവിലെ 8 മണിക്ക് മുമ്പും രാത്രി ഭക്ഷണം 8 മണിക്ക് മുമ്പും കഴിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങൾ തടയാൻ സഹായിക്കുമെന്ന് ​ഗവേഷകർ പറയുന്നു. നേച്ചർ കമ്മ്യൂണിക്കേഷൻസ് ജേണലിൽ പഠനം പ്രസിദ്ധീകരിച്ചു. രാത്രി വെെകി ഭക്ഷണം കഴിക്കുന്നവർ വൈകി ഉറങ്ങുന്നതിന് കാരണമാകുന്നു. അത് കൂടാതെ, ദഹനസംബന്ധമായ പ്രശ്നങ്ങളുണ്ടാകാനുള്ള സാധ്യതയും ഏറെയാണ്.

അമിതവണ്ണം പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നതിന് കാരണമാകും. കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുന്നതാണ് കൂടുതൽ നല്ലതെന്ന് വിദ​ഗ്ധർ പറയുന്നു.

Tags