ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങള്‍ ഏതൊക്കെ എന്ന് അറിയാം ...

blood pressure
blood pressure

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം മസ്തിഷ്‌കാഘാതം, ഹൃദയധമനികളില്‍ രക്തം കട്ടപിടിക്കല്‍ തുടങ്ങിയവയ്ക്ക് കാരണമാകും. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ ഭക്ഷണരീതിയില്‍ മാറ്റങ്ങള്‍ വരുത്തേണ്ടത് അത്യാവശ്യമാണ്.  ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...

ഒന്ന്...

പച്ചിലക്കറികളാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ചീര, മുരിങ്ങയില തുടങ്ങിയവ ഇരുമ്പിന്റെ മികച്ച ഉറവിടങ്ങളാണ്. ഇതിൽ അടങ്ങിയ ആന്റി ഓക്‌സിഡന്റുകൾ, നൈട്രേറ്റുകൾ എന്നിവ ഉയർന്ന രക്തസമ്മർദ്ദമുള്ളവർക്ക് അനുയോജ്യമാണ്. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.

രണ്ട്...

ബീറ്റ്റൂട്ട് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ബീറ്റ്റൂട്ടിൽ നൈട്രേറ്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് രക്തക്കുഴലുകളെ വിശ്രമിക്കാനും രക്തയോട്ടം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

മൂന്ന്...

വെളുത്തുള്ളി ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. രക്തക്കുഴലുകളെ വിപുലീകരിക്കുന്ന നൈട്രിക് ഓക്സൈഡിന്റെ അളവ് വർദ്ധിപ്പിക്കാൻ വെളുത്തുള്ളി സഹായിക്കും. ദിവസവും 3 - 4 അല്ലി വെളുത്തുള്ളി വരെ കഴിക്കുന്നത് ഹൃദയത്തിൽ സമ്മർദ്ദം കുറയ്ക്കാനും സഹായിക്കുന്നു.

നാല്...

ഇഞ്ചിയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ദിവസവും ഡയറ്റിൽ ഇഞ്ചി ഉൾപ്പെടുത്തുകയോ അല്ലെങ്കിൽ ദിവസവും ഇഞ്ചിച്ചായ കുടിക്കുകയോ ചെയ്യുന്നതു വഴി രക്ത സമ്മർദ്ദം നിയന്ത്രിക്കാനും ഹൃദയരോഗങ്ങളെ പ്രതിരോധിക്കാനും സാധിക്കും.

അഞ്ച്...

വാഴപ്പഴമാണ് അഞ്ചാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്ന പൊട്ടാസ്യം വലിയ അളവിൽ വാഴപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. ഒരു ഇടത്തരം വാഴപ്പഴത്തിൽ ഏകദേശം 422 മില്ലിഗ്രാം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യം രക്തക്കുഴലുകളുടെ ഭിത്തിയിലെ പിരിമുറുക്കം ലഘൂകരിക്കുക ചെയ്യുന്നുവെന്ന് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ പറയുന്നു.

ആറ്...

മത്തങ്ങ വിത്തുകൾ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പോഷകങ്ങളാൽ സമ്പന്നമാണ് മത്തങ്ങ വിത്തുകൾ. മഗ്നീഷ്യം, പൊട്ടാസ്യം, അർജിനൈൻ തുടങ്ങിയ പോഷകങ്ങളുടെ നല്ല ഉറവിടമാണ് ഇത്. നൈട്രിക് ഓക്സൈഡിന്റെ ഉൽപാദനത്തിന് സുപ്രധാനമായ അമിനോ ആസിഡ് രക്തസമ്മർദ്ദം കുറയ്ക്കുന്നതിന് ആവശ്യമാണ്. ഇത് ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ മത്തങ്ങ വിത്തുകള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം.

Tags