കസ്റ്റാർഡ് ആപ്പിൾ സൂപ്പറാ... ഇനി ആരോഗ്യകാര്യത്തിൽ ആശങ്ക വേണ്ട

CUSTARD APPLE

 

നമ്മുടെ നാട്ടിൽ ഏറ്റവുമധികം ലഭ്യമാവുന്ന ഒരു സീസണൽ പഴമാണ് കസ്റ്റാർഡ് ആപ്പിൾ അല്ലെങ്കിൽ സീതപ്പഴം. ഇതിൽ വിറ്റാമിൻ സി യും മറ്റ് ആന്റി ഓക്‌സിഡന്റുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയും ആവശ്യത്തിലധികം അടങ്ങിയിട്ടുള്ളതിനാൽ ഹൃദയ സംബന്ധമായ രോഗങ്ങളിൽ നിന്നും രക്ഷ നേടാനും മികച്ചൊരു പഴമാണ്. സീതപ്പഴം കഴിച്ചാലുള്ള മറ്റ് ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ചറിയാം...

സീതപ്പഴത്തിൽ മഗ്നീഷ്യത്തിന്റെ അളവ് ഉയർന്ന നിലയിലായതിനാൽ ഇവ നമ്മുടെ ശരീരത്തിൽ ജലാംശത്തെ സന്തുലിതമായി നിലനിർത്തുന്നു. ഇതുവഴി സന്ധിവാതത്തിന്റെ ലക്ഷണങ്ങളെ കുറയ്ക്കാനും സഹായിക്കും. ഇതിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം പേശികളിൽ അനുഭവപ്പെടുന്ന ബലഹീനതകൾക്കെതിരെ പോരാടുന്നു.

വിറ്റാമിൻ ബി 6 ന്റെ മികച്ച ഉറവിടം കൂടിയാണ് സീതപ്പഴം. മാനസികാവസ്ഥ മികച്ചതാക്കി മാറ്റാൻ ഏറ്റവും സഹായിക്കുന്ന ഒന്നാണിത്. തലച്ചോറിലെ ഡോപാമൈൻ, സെറോടോണിൻ തുടങ്ങിയ ന്യൂറോ ട്രാൻസ്മിറ്ററുകളെ പുനർ സൃഷ്ടിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചുകൊണ്ട് ഇത് മാനസികാവസ്ഥയെ മികവുറ്റതാക്കി മാറ്റുന്നു.

സീതപ്പഴം കഴിക്കുന്നത് വാർദ്ധക്യത്തിന്റെ ലക്ഷണങ്ങളായ നേർത്ത വരകളേയും പാടുകളെയും ചർമ്മത്തിലുണ്ടാകുന്ന ചുളിവുകളേയും കുറയ്ക്കുന്നതിന് സഹായിക്കുന്നു.
 
ഉയർന്ന രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാൻ കഴിയുന്ന പോഷകങ്ങളായ പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ സീതപ്പഴത്തിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഉയർന്ന രക്തസമ്മർദ്ദം ഹൃദ്രോഗങ്ങൾക്കും ഹൃദയാഘാതത്തിനും വരെ കാരണമാകുമെന്ന് കണ്ടെത്തിയിട്ടുള്ളതാണ്.
 
സീതപ്പഴത്തിന് കാൻസറിനെതിരെ പോരാടാനുള്ള പ്രത്യേക കഴിവുണ്ട്. ഈ പഴത്തിലെ ഫ്ലേവനോയ്ഡ് സംയുക്തങ്ങളായ കാറ്റെച്ചിൻ, എപികാടെക്കിൻ എന്നിവയൊക്കെ കാൻസർ കോശങ്ങളുടെ വളർച്ചയെ തടഞ്ഞ് നിർത്തും. സീതപ്പഴം പതിവായി കഴിക്കുന്നത് വഴി ആമാശയത്തിലും വൻകുടലിലും ഉണ്ടാവുന്ന കാൻസറിനുള്ള സാധ്യത കുറയ്ക്കും.

Tags