രാവിലെ വെറുംവയറ്റില്‍ കരിമ്പിൻ ജ്യൂസ് കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ അറിയാം...

google news
sugarcane juice

കരിമ്പിന്‍ ജ്യൂസ് കുടിക്കാന്‍ പലര്‍ക്കും ഇഷ്ടമായിരിക്കും. മധുരത്തിന്റെ സ്രോതസ്സെന്നതിനപ്പുറം നിരവധി പോഷകങ്ങള്‍ അടങ്ങിയ ഒന്നാണ് കരിമ്പ്. പ്രത്യേകിച്ച് ഈ കത്തുന്ന വേനലില്‍ ശരീരത്തിന് അല്‍പം കുളിരേകാന്‍ കുടിക്കാവുന്ന ഒരു പാനീയമാണ് കരിമ്പിന്‍ ജ്യൂസ്. ദാഹം മാറ്റാനും നിര്‍ജ്ജലീകരണത്തെ തടയാനും ഇവ സഹായിക്കും. രുചികരവും പോഷസമ്പുഷ്ടവുമായ കരിമ്പിന്‍ ജ്യൂസ് ദാഹമകറ്റുന്നതോടൊപ്പം ഉന്മേഷവും ഊർജ്ജസ്വലതയും നല്‍കുന്നു.

നാരുകൾ ധാരാളം അടങ്ങിയ കരിമ്പിൻ ജ്യൂസ് രാവിലെ വെറുംവയറ്റില്‍ കുടിക്കുന്നത്  ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ അകറ്റാനും സഹായിക്കും. ഉപാപചയ പ്രവർത്തനം മെച്ചപ്പെടുത്താനും ഉദരത്തിന്റെ ആരോഗ്യത്തിനുമൊക്കെ ഇവ നല്ലതാണ്. കരിമ്പിൽ കൊഴുപ്പ് ഒട്ടും ഇല്ല. മധുരം സ്വാഭാവികമായും കരിമ്പിനുണ്ട്. അതുകൊണ്ടുതന്നെ കരിമ്പിന്‍ ജ്യൂസ് തയ്യാറാക്കുമ്പോള്‍ പഞ്ചസാര ചേര്‍ക്കേണ്ട കാര്യമില്ല. 100 ഗ്രാം കരിമ്പില്‍  ജ്യൂസില്‍ വെറും 270 കലോറി മാത്രമാണ് അടങ്ങിയിരിക്കുന്നത്. കൂടാതെ കരിമ്പിൽ നാരുകൾ ധാരാളം അടിങ്ങിയിട്ടുണ്ട്. അതുകൊണ്ട് ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും മികച്ച പാനീയം ആണിത്. പ്രതിരോധശേഷി കൂട്ടാനും ഇവ സഹായിക്കും.

കാത്സ്യം, മഗ്നീഷ്യം, ഫോസ്ഫറസ്, അയേണ്‍, പൊട്ടാസിയം പോലുള്ള ധാതുക്കളുടെ കലവറയാണ് കരിമ്പിന്‍ ജ്യൂസ്. ഇത് എല്ലുകളെ ശക്തിപ്പെടുത്തി ഓസ്റ്റിയോപോറോസിസ് പോലുള്ള രോഗങ്ങള്‍ക്കുള്ള സാധ്യത കുറയ്ക്കും. കരിമ്പിന്‍ ജ്യൂസ് കുടിക്കുന്നത് പല്ലിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. പഞ്ചസാരയുടെ സ്വാഭാവിക അംശം ഉള്ളതിനാൽ പ്രമേഹരോഗികൾ കരിമ്പിന്‍ ജ്യൂസ് മിതമായ അളവില്‍ മാത്രം കുടിക്കുന്നതാണ് നല്ലത്. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൂട്ടാന്‍ ഇവയ്ക്ക് കഴിയുമെന്നും ന്യൂട്രീഷ്യന്മാര്‍ പറയുന്നു. ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ കരിമ്പിന്‍ ജ്യൂസ് കുടിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Tags