തുളസിയില കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ അറിയാം...

google news
thulasi

പണ്ടുകാലങ്ങളില്‍ മോഡേണ്‍ മെഡ‍ിസിൻ അത്ര പ്രചാരത്തില്‍ ഇല്ലാതിരുന്ന കാലത്ത് നാട്ടുവൈദ്യവും പച്ചമരുന്നുകളും എല്ലാമാണ് ആളുകള്‍ ആശ്രയിച്ചിരുന്നത്. എന്നാല്‍ ഇന്ന്, നാട്ടുവൈദ്യത്തിന്‍റെ തുടര്‍ച്ചയാണെന്ന് അവകാശപ്പെടുന്ന പല ചികിത്സാരീതികളും വ്യാജമാണെന്ന് കണ്ടെത്തപ്പെടുന്നുണ്ട്. അതേസമയം തന്നെ പരമ്പരാഗതമായി ആയുര്‍വേദ ചികിത്സ നടത്തുന്ന കുടുംബങ്ങളും ആളുകളുമുണ്ട്.

ആയുര്‍വേദം തീര്‍ത്തും വ്യത്യസ്തമായ ചികിത്സാരീതി തന്നെയാണ്. ഇത് ഫലപ്രദമോ അല്ലയോ എന്ന് എല്ലായ്പോഴും ഒറ്റവാക്കില്‍ പറഞ്ഞുതീര്‍ക്കാൻ പറ്റുന്നതല്ല. എന്തായാലും ആയുര്‍വേദത്തില്‍ വിശ്വസിക്കുന്നതും വിശ്വസിക്കാതിരിക്കുന്നതുമെല്ലാം ആപേക്ഷികമാണ്. ഓരോരുത്തരുടെയും ഇഷ്ടവും സൗകര്യവും വിശ്വാസവുമൊക്കെയാണ് അത്.

ആയുര്‍വേദ വിധി പ്രകാരം ഏറെ ഔഷധഗുണമുള്ള സസ്യമാണ് തുളസി. പല ആരോഗ്യപ്രശ്നങ്ങള്‍ക്കും ആശ്വാസം നല്‍കാൻ തുളസി ഉപയോഗിക്കാറുണ്ട്. ഇത്തരത്തില്‍ ആയുര്‍വേദത്തില്‍ തുളസിക്കുള്ള ഗുണങ്ങള്‍ എന്തെല്ലാമാണ് എന്നതാണിനി പങ്കുവയ്ക്കുന്നത്.

ഒന്ന്...

സ്ട്രെസ് അകറ്റുന്നതിന് സുളസി നമ്മെ സഹായിക്കുമത്രേ. തുളസിയില്‍ അങ്ങനെ മനസിനെ ശാന്തമാക്കാൻ സഹായിക്കുന്ന കോമ്പൗണ്ടുകല്‍ അടങ്ങിയിട്ടുണ്ട് എന്നാണ് വാദം. സ്ട്രെസ്, ഉത്കണ്ഠ (ആംഗ്സൈറ്റി) എന്നിവയെ എല്ലാം അകറ്റാനിവ സഹായിക്കുമെന്ന്. മാത്രമല്ല നമ്മുടെ മാനസികാവസ്ഥ പെട്ടെന്ന് മെച്ചപ്പെടുത്താനും തുളസിക്ക് കഴിവുണ്ടത്രേ.

രണ്ട്...

രോഗങ്ങളെ അകറ്റുന്നതിനും ആരോഗ്യത്തോടെ തുടരുന്നതിനും രോഗപ്രതിരോധ ശേഷി കൂടിയേ തീരൂ. ഇത് ശക്തിപ്പെടുത്തുന്നതിനും സുളസി സഹായിക്കുമെന്നാണ് ആയുര്‍വേദം പറയുന്നത്. തുളസിയിലുള്ള ആന്‍റി-ഓക്സിഡന്‍റ്സും മറ്റ് പോഷകങ്ങളും ഇതിന് സഹായിക്കുമത്രേ.

മൂന്ന്...

ശ്വാസകോശത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും തുളസി സഹായകമാണെന്ന് ആയുര്‍വേദത്തില്‍ വിശ്വസിക്കപ്പെടുന്നു. അതിനാലാണ് തൊണ്ടവേദന, കഫക്കെട്ട്, ചുമ പോലുള്ള അണുബാധകളുണ്ടാകുമ്പോള്‍ തുളസിയിട്ട കാപ്പി കഴിക്കാൻ നിര്‍ദേശിക്കുന്നത്.

നാല്...

ദഹനപ്രശ്നങ്ങള്‍ അകറ്റുന്നതിനും ദഹനം സുഗമമാക്കുന്നതിനും തുളസി ഉപകരിക്കുമത്രേ. അസിഡിറ്റി, ഗ്യാസ് പോലുള്ള പ്രയാസങ്ങളെല്ലാം തുളസി നീക്കം ചെയ്യുന്നുവെന്നും വാദമുണ്ട്.

അഞ്ച്...

വായിലുണ്ടാകുന്ന പല അണുബാധകളും രോഗങ്ങളും ചെറുക്കുന്നതിനും തുളസി സഹായകമാണത്രേ. ബാക്ടീരിയകള്‍ക്കെതിരെ പോരാടാനുള്ള തുളസിയുടെ കഴിവാണ് ഇതിന് ഉപകാരപ്പെടുന്നതായി പറയപ്പെടുന്നത്.

ആറ്...

രക്തത്തിലെ ഷുഗര്‍നില നിയന്ത്രിക്കുന്നതിനും തുളസി സഹായിക്കുമത്രേ. അതിനാല്‍ ആയുര്‍വേദം ഫോളോ ചെയ്യുന്ന, പ്രമേഹമുള്ളവര്‍ പതിവായി തുളസി കഴിക്കാൻ ശ്രമിക്കാറുണ്ട്.

Tags