ദേഷ്യം കൂടുതലാണോ? ദേഷ്യം ഹൃദയസംബന്ധമായ രോഗങ്ങൾ വിളിച്ചുവരുത്തുമെന്ന് പഠനം
പല ആളുകളും നിയന്ത്രിക്കാൻ സാധിക്കാതെ വരുന്ന ഒന്നാണ് ദേഷ്യം. ദേഷ്യം വന്നാൽ അവനെ അല്ലെങ്കിൽ അവളെ പിടിച്ചാൽ കിട്ടില്ല എന്നൊക്കെ പറയുന്നത് ഈ ഒരു വികാരത്തിന്റെ തീവ്രത എടുത്തു കാണിക്കുന്നു. ആളുകളിൽ ചെറിയ സമയത്തേക്ക് പോലും നീണ്ടു നിൽക്കുന്ന ദേഷ്യം രക്തക്കുഴലുകളുടെ കോശങ്ങളുടെ പ്രവർത്തനത്തെ ബാധിച്ചേക്കാം എന്നാണ് ഒരു പുതിയ പഠനം പറയുന്നത്. കാരണം ചെറിയ സമയത്തേക്ക് ആണെങ്കിൽ പോലും ഇത് രക്തയോട്ടം പരിമിതപ്പെടുത്തിയേക്കാം എന്നാണ് കണ്ടെത്തൽ.
ദേഷ്യം ഹൃദ്രോഗങ്ങൾ, ഹൃദയാഘാതം, സ്ട്രോക്ക് എന്നിവയ്ക്ക് കാരണമാകുമെന്നാണ് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ്റെ ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പുതിയ പഠനത്തിൽ പറയുന്നത്. യുവാക്കളിലാണ് ഈ ഗവേഷണം നടത്തിയത്. ദേഷ്യപെടേണ്ടി വന്ന അനുഭവങ്ങൾ ഓർമിച്ചെടുത്തതിലൂടെ ഹൃദയസംബന്ധമായ രക്തക്കുഴലുകളുടെ പ്രവർത്തനത്തെ തകരാറിലാക്കിയതായി കണ്ടെത്തി. പഠനത്തിനിടെ പങ്കെടുത്തവരിൽ ആർക്കും ഹൃദയാഘാതമോ പക്ഷാഘാതമോ ഉണ്ടായില്ല എങ്കിലും ദേഷ്യപെടേണ്ടി വന്ന കാര്യങ്ങൾ ഓർമ്മിപ്പിച്ചതിന് ശേഷം ഇവരുടെ രക്തധമനികളുടെ ആരോഗ്യത്തെ അത് പ്രതികൂലമായി ബാധിച്ചതായി കണ്ടെത്തി.
നിലവിൽ ആരോഗ്യപ്രശ്നങ്ങളുള്ള ആളുകളിൽ ഇത് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് കൊളംബിയ യൂണിവേഴ്സിറ്റിയിൽ നിന്നും പഠനത്തിന് നേതൃത്വം കൊടുക്കുന്ന ഡായിച്ചി ഷിംബോപറഞ്ഞു. ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ വേണ്ടി ഷിംബോയും സംഘവും 280 വോളണ്ടിയർമാരെ ഉൾപ്പെടുത്തി പരീക്ഷണങ്ങൾ നടത്തി. ഈ പരീക്ഷണത്തിലും ഇവരിൽ കോപമോ ഉത്കണ്ഠയോ സങ്കടമോ ഉണ്ടാക്കിയാതായി കണ്ടെത്തി.
രക്ത സാമ്പിളുകൾ, രക്തസമ്മർദ്ദ പരിശോധന, രക്തക്കുഴലുകളുടെ വികാസ ശേഷി വിലയിരുത്തൽ എന്നിവയാണ് ഹൃദയാരോഗ്യം പരിശോധിക്കാനായി തിരഞ്ഞെടുത്തത്. ദേഷ്യപെടുന്ന അനുഭവങ്ങൾ ഓര്മിക്കുന്നവരിൽ രക്തക്കുഴലുകളുടെ വികാസ ശേഷിയിൽ ഗണ്യമായ കുറവുണ്ടായതായും ഇത് ഏകദേശം 40 മിനിറ്റ് നീണ്ടുനിൽക്കുന്നതായും കണ്ടെത്തി.
ഈ സംവിധാനങ്ങൾ പൂർണ്ണമായി മനസ്സിലാക്കാൻ കൂടുതൽ ഗവേഷണം ആവശ്യമാണ്. എന്നിരുന്നാലും ഹൃദയത്തിന്റെ ആരോഗ്യത്തിനായി സമ്മർദ്ദവും വികാരങ്ങളും നിയന്ത്രിക്കേണ്ടതിൻ്റെ പ്രാധാന്യമാണ് പഠനം എടുത്തു കാണിക്കുന്നത്.