ഗ്യാസ് കയറുന്നത് പതിവാണോ?; രാവിലെ ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്...

gas and swollen

നിത്യജീവിതത്തില്‍ നാം നേരിടുന്ന ആരോഗ്യപ്രശ്നങ്ങള്‍ പലതുണ്ട്. തലവേദന, വയറിന് പ്രശ്നം, ജലദോഷം, ശരീരവേദന എന്നിങ്ങനെയുള്ള പ്രയാസങ്ങളൊക്കെ ധാരാളം പേര്‍ദൈനംദിനജീവിതത്തില്‍ നേരിടുന്നതാണ്. ഇതില്‍ ഏറെ പേരെയും ബാധിക്കുന്ന വിഷയം ഗ്യാസ്ട്രബിള്‍ തന്നെയാണ്.

വയര്‍ വീര്‍ത്തുകെട്ടി ഇരിക്കുക, അസ്വസ്ഥത, ഏമ്പക്കം, മലബന്ധം, നെഞ്ചെരിച്ചിലും പുളിച്ചുതികട്ടലും എല്ലാം ഗ്യാസിന്‍റെ അനുബന്ധമായി വരാം. ദഹനവ്യവസ്ഥയെ ബാധിക്കുന്ന ചില അസുഖങ്ങള്‍, ചില മരുന്നുകള്‍, മോശം ജീവിതരീതി എന്നിങ്ങനെ പല കാരണങ്ങള്‍ കൊണ്ടും ഗ്യാസും അനുബന്ധപ്രശ്നങ്ങളും പതിവാകാം.

ഇതില്‍ മോശം ജീവിതരീതി എന്ന് പറയുമ്പോള്‍ നമുക്ക് ഗുണകരമല്ലാത്ത ഭക്ഷണങ്ങളും ഉള്‍പ്പെടും. ഇതിന് പുറമെ ചില സമയങ്ങളില്‍ ചില ഭക്ഷണങ്ങള്‍ കഴിക്കുന്നതും ഗ്യാസിന് കാരണമാകും. അത് എത്ര മികച്ച ഭക്ഷണങ്ങളാണെങ്കില്‍ പോലും. ഇത്തരത്തില്‍ ഗ്യാസ് കയറാതിരിക്കാൻ രാവിലെ ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.

ഒന്ന്...

രാവിലെ എഴുന്നേല്‍ക്കുന്നയുടൻ പാലൊഴിച്ച കാപ്പിയോ ചായയോ കഴിക്കുന്നത് തന്നെ പലര്‍ക്കും ഗ്യാസുണ്ടാക്കും. ഇതിന് പുറമെ അധികമായി ചായയും കാപ്പിയും കഴിക്കുന്ന ശീലവും രാവിലെ നല്ലതല്ല. ഇത് ദഹനരസം കൂടുതലായി ഉത്പാദിപ്പിക്കുന്നതിന് കാരണമാകും. ഗ്യാസ്, നെഞ്ചെരിച്ചില്‍, പുളിച്ചുതികട്ടല്‍ എല്ലാം ഇതിന്‍റെ ഭാഗമായി വരാം. പാല്‍ ഒഴിവാക്കുന്നതും നല്ലൊരു ഓപ്ഷനാണ്.

രണ്ട്...

കോളിഫ്ളവര്‍, കാബേജ് പോലുള്ള പച്ചക്കറികള്‍ രാവിലെ കഴിക്കുന്നതും നല്ലതല്ല. ഇവയിലുള്ള 'കോംപ്ലക്സ് കാര്‍ബോഹൈഡ്രേറ്റ്' ആണ് ഗ്യാസിന് കാരണമാകുന്നത്. കാര്‍ബ് കുറഞ്ഞ പച്ചക്കറികള്‍ കഴിക്കുന്നത് പ്രശ്നമില്ല.

മൂന്ന്...

ആപ്പിള്‍ ആരോഗ്യത്തിന് വളരെ നല്ലതാണെന്ന് നമുക്കറിയാം. പക്ഷേ രാവിലെ വെറുംവയറ്റില്‍ ആപ്പിള്‍ അത്ര നല്ലതല്ലെന്നാണ് ന്യൂട്രീഷ്യനിസ്റ്റുകള്‍ പറയുന്നത്. ആപ്പിള്‍, പിയര്‍ എല്ലാം രാവിലെ കഴിക്കുന്നത് ഗ്യാസ് കൂട്ടും. ഇതിലുള്ള ഉയര്‍ന്ന അളവിലെ ഫ്രക്ടോസ്, ഫൈബര്‍ എന്നിവയാണ് ഗ്യാസിന് കാരണമാകുന്നത്.

നാല്...

കുക്കുമ്പറും ഉള്ളിയും പച്ചയ്ക്ക് അങ്ങനെ തന്നെ കഴിക്കുന്നതും രാവിലെ ഒഴിവാക്കുന്നതാണ് നല്ലത്. പൊതുവില്‍ പച്ചക്കറി തീരെയും വേവിക്കാതെ രാവിലെ കഴിക്കുന്നത് നല്ലതല്ല. പ്രത്യേകിച്ച് കാര്യമായ അളവില്‍ ഫൈബര്‍ അടങ്ങിയവ. ഇവ ദഹിക്കാൻ പ്രയാസമുണ്ടാകും. അതിന്‍റെ ഭാഗമായി ഗ്യാസും കൂടുതലായിരിക്കും.

അഞ്ച്...

രാവിലെ കോണ്‍ (ചോളം) കഴിക്കുന്നതും ഗ്യാസ് കൂട്ടാം. അത് സ്വീറ്റ് കോണ്‍ ആയാലും ഒഴിവാക്കുന്നതാണ് നല്ലത്. കാരണം ഇതിലുള്ള തരം ഫൈബര്‍ ചിലര്‍ക്ക് ദഹനപ്രശ്നങ്ങളുണ്ടാക്കും. ഇതിന്‍റെ ഭാഗമായി ഗ്യാസും കയറാം.

Tags