ടോൺസിലൈറ്റിസ് ; അറിയാം ലക്ഷണങ്ങളും പ്രതിവിധിയും

google news
ton

തൊണ്ടയിലെ കാവല്‍ക്കാരാണ് ടോണ്‍സിലുകള്‍. തൊണ്ടയില്‍ രണ്ട് വശങ്ങളിലായി അവ രോഗപ്രതിരോധ പ്രവര്‍ത്തന ജോലികള്‍ നിര്‍വഹിക്കുന്നു. 

കുറുനാക്കിന് സമീപം രണ്ട് വശങ്ങളിലായി അല്പം തള്ളിനില്‍ക്കുന്ന ഭാഗമാണിത്. ലിംഫ് കോശങ്ങളാല്‍ നിര്‍മിക്കപ്പെട്ടിട്ടുള്ള ടോണ്‍സില്‍ ഗ്രന്ഥികള്‍ ശരീരത്തിന്റെ പ്രാഥമിക പ്രതിരോധ സംവിധാനത്തിന്റെ ഭാഗമാണ്.

 ശ്വാസവായുവിലൂടെയും ഭക്ഷണത്തിലൂടെയുമെല്ലാം കടന്നുവരുന്ന രോഗാണുക്കളെ ആദ്യം നേരിടുന്നത് ടോണ്‍സില്‍ ഗ്രന്ഥികളാണ്. രോഗാണുക്കള്‍ക്കെതിരേ ആന്റിബോഡികള്‍ ഇവ ഉത്പാദിപ്പിക്കും. എന്നാല്‍ ചിലപ്പോള്‍ ടോണ്‍സിലുകള്‍ക്ക് തന്നെ അണുബാധ ഏല്‍ക്കേണ്ടിവരാം. 

ഇങ്ങനെ ടോണ്‍സിലുകളില്‍ ഉണ്ടാകുന്ന അണുബാധയെയാണ് ടോണ്‍സിലൈറ്റിസ് എന്ന് പറയുന്നത്. ടോണ്‍സിലൈറ്റിസ് കുട്ടികളിലും മുതിര്‍ന്നവരിലും കണ്ടുവരുന്നുണ്ട്. എന്നാല്‍ കുട്ടികളിലാണ് ഈ അസുഖം കൂടുതലായി കാണുന്നത്.

ലക്ഷണങ്ങള്‍

കഠിനമായ തൊണ്ടവേദനയാണ് ആദ്യ ലക്ഷണം. ഉമിനീര്‍ ഇറക്കുവാന്‍പോലും പ്രയാസമുണ്ടാകുന്നവിധം വേദന അനുഭവപ്പെടും. ഇതോടൊപ്പം പനിയും ഉണ്ടാകാം. കഴുത്തിലെ ചില കഴലകളില്‍ വീക്കവും കാണാറുണ്ട്. വായയില്‍നിന്ന് ദുര്‍ഗന്ധം വരാനുള്ള സാധ്യതയുമുണ്ട്.

അണുബാധയുണ്ടായാല്‍ ടോണ്‍സിലുകള്‍ ചുവന്ന് തടിച്ച് കാണപ്പെടും. ആ ഘട്ടത്തില്‍ വായ തുറന്ന് കണ്ണാടിയില്‍ നോക്കിയാല്‍ ടോണ്‍സിലുകള്‍ വ്യക്തമായി തിരിച്ചറിയാനാകും.

രണ്ട് തരത്തില്‍

    ടോണ്‍സിലൈറ്റിസിനെ അക്യൂട്ട് ടോണ്‍സിലൈറ്റിസ്, ക്രോണിക് ടോണ്‍സിലൈറ്റിസ് എന്നിങ്ങനെ തരംതിരിക്കാറുണ്ട്.
    പെട്ടെന്ന് വരുന്നതാണ് അക്യൂട്ട് ടോണ്‍സിലൈറ്റിസ്. ഇത് 3-5 ദിവസംകൊണ്ട് ഭേദമാകാറുണ്ട്.
    ദീര്‍ഘനാള്‍ നീണ്ടുനില്‍ക്കുന്ന ടോണ്‍സില്‍ അണുബാധയെയാണ് ക്രോണിക് ടോണ്‍സിലൈറ്റിസ് എന്ന് പറയുന്നത്. രണ്ട് അവസ്ഥകളിലും ലക്ഷണങ്ങളെല്ലാം ഒരുപോലെയാണ്. ക്രോണിക് ടോണ്‍സിലൈറ്റിസ് ഉണ്ടായാല്‍ അഡിനോയ്ഡ് ഗ്രന്ഥിയ്ക്കും അണുബാധ വരാനുള്ള സാധ്യത കൂടുതലാണ്. മൂക്കിന് പിന്നിലായുള്ള ഗ്രന്ഥിയാണ് അഡിനോയ്ഡ്. അഡിനോയ്ഡ് ഗ്രന്ഥിക്കുണ്ടാകുന്ന അണുബാധകാരണം ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് നേരിടാറുണ്ട്.

കാരണം

വൈറസുകളും ബാക്ടീരിയകളും ടോണ്‍സിലൈറ്റിസ് ഉണ്ടാക്കാറുണ്ട്. എന്നാല്‍ ഏറ്റവുംകൂടുതല്‍ കാണുന്നത് വൈറസ് ബാധയാണ്. ചില രോഗികളില്‍ വൈറസും ബാക്ടീരിയയും ഒരുമിച്ച് ബാധിക്കാനുള്ള സാധ്യതയുമുണ്ട്. സാധാരണ ജലദോഷം ഉണ്ടാക്കുന്ന വൈറസുകള്‍ തന്നെയാണ് പലപ്പോഴും ടോണ്‍സിലൈറ്റിസിനും കാരണമാകുന്നത്.

പരിശോധന

ലക്ഷണങ്ങള്‍ മനസ്സിലാക്കി, പരിശോധനകളിലൂടെ ടോണ്‍സിലൈറ്റിസ് തിരിച്ചറിയാനാകും. ടോണ്‍സിലുകള്‍ വലുപ്പംവെച്ച് ചുവന്ന നിറമായി മാറിയിട്ടുണ്ടാകാം. കഴുത്തിലെ കഴല വീര്‍ത്തിരിക്കും.

സ്ട്രെപ്റ്റോ കോക്കസ്

ബാക്ടീരിയയുടെ സാന്നിധ്യമുണ്ടോ എന്ന് മനസ്സിലാക്കാന്‍ റാപ്പിഡ് സ്ട്രെപ്റ്റ ടെസ്റ്റ് നടത്താറുണ്ട്. കൂടാതെ തൊണ്ടയിലെ ശ്രവപരിശോധനയും നടത്താറുണ്ട്.

പ്രാഥമികമായി ചെയ്യേണ്ടത്

ടോണ്‍സിലൈറ്റിസ് പ്രതിരോധിക്കാന്‍ പ്രാഥമികമായി ചെയ്യാവുന്ന കാര്യങ്ങളുണ്ട്. തിളപ്പിച്ച ശേഷം ഇളം ചൂടോടെ വെള്ളം ധാരാളമായി കുടിക്കുക, ഇളം ചൂടുവെള്ളത്തില്‍ ഉപ്പിട്ട് തൊണ്ട ഗാര്‍ഗിള്‍ ചെയ്യുക. അതുകൊണ്ട് മാറ്റമില്ലെങ്കില്‍ ചികിത്സ തേടണം.

ചികിത്സ

വൈറസുകള്‍ കാരണം ഉണ്ടാകുന്ന ടോണ്‍സിലൈറ്റിസിന് വേദന കുറയ്ക്കാനുള്ള മരുന്നുകളാണ് ആവശ്യമായി വരിക. ബാക്ടീരിയകാരണമുള്ള ടോണ്‍സിലൈറ്റിസ് ആണെങ്കില്‍ ആന്റിബയോട്ടിക് മരുന്നുകള്‍ ആവശ്യമായി വരാം. വളരെ കഠിനമായ ടോണ്‍സിലൈറ്റിസ് ആണെങ്കില്‍ ആന്റിബയോട്ടിക് ഇന്‍ജക്ഷന്‍ രൂപത്തിലും നല്‍കേണ്ടിവന്നേക്കാം.

സര്‍ജറി ആവശ്യമാണോ ?

ചിലര്‍ക്ക് ടോണ്‍സിലൈറ്റിസ് ആവര്‍ത്തിച്ചുവരുന്നതായി കാണാറുണ്ട്. വളരെ അടിയന്തര ഘട്ടമാണെങ്കില്‍ മാത്രം ടോണ്‍സിലുകള്‍ സര്‍ജറിയിലൂടെ നീക്കം ചെയ്യേണ്ടിവരാറുണ്ട്. ടോണ്‍സിലക്ടമി എന്നാണ് ഈ സര്‍ജറിയുടെ പേര്.

സങ്കീര്‍ണതകള്‍

കൃത്യമായി ചികിത്സിച്ചാല്‍ മറ്റ് സങ്കീര്‍ണതകളിലേക്ക് നീങ്ങാതെ ടോണ്‍സിലൈറ്റിസ് ഭേദമാക്കാന്‍ സാധിക്കും. എന്നാല്‍ ചികിത്സ തേടുന്നതില്‍ വീഴ്ച വരുത്തിയാല്‍ ഗൗരവമുള്ള സങ്കീര്‍ണതകള്‍ക്ക് ഇടയാക്കുകയും ചെയ്യും. അണുബാധ കഴുത്തിലേക്ക് വ്യാപിക്കാം. ശ്വാസകോശത്തിലേക്ക് കടന്ന് ന്യുമോണിയയായി മാറാം. ഹൃദയത്തെയും വൃക്കയെയും ബാധിക്കാനും സാധ്യതയുണ്ട്.

ടോണ്‍സിലുകള്‍ നീക്കം ചെയ്താല്‍

ടോണ്‍സിലുകള്‍ നീക്കം ചെയ്താലും രോഗപ്രതിരോധ ശേഷിയെ ബാധിക്കാറില്ല. കാരണം പാലറ്റെന്‍ ടോണ്‍സില്‍ കൂടാതെ ലിംഗ്വല്‍ ടോണ്‍സില്‍, ട്യൂബല്‍ ടോണ്‍സില്‍ എന്നിവയുമുണ്ട്. നീക്കംചെയ്ത ടോണ്‍സിലുകളുടെ ധര്‍മം ഇവ ഏറ്റെടുക്കും.

ഒച്ചയടപ്പ്

സ്വനപേടകത്തിന് അണുബാധയുണ്ടാകുന്നത് ഒച്ചയടപ്പായി അനുഭവപ്പെടാം. സ്വനപേടകത്തിന് അണുബാധയുണ്ടാകുന്ന രോഗാവസ്ഥയെ ലാരിഞ്ചൈറ്റിസ് (ഘമൃ്യിഴശശേ)െ എന്നുപറയുന്നു. വൈറസുകള്‍, ബാക്ടീരിയകള്‍ എന്നിവ ഈ രോഗാവസ്ഥയ്ക്ക് കാരണമാകാറുണ്ട്. മാത്രമല്ല, അലര്‍ജിയും ഈ അവസ്ഥ സൃഷ്ടിക്കാറുണ്ട്.
ഇതുകൂടാതെ കൂടുതല്‍ ശബ്ദത്തിലും ദീര്‍ഘനേരവും സംസാരിക്കുന്നവര്‍ക്കും ഒച്ചയടപ്പ് വരാം. വോക്കല്‍ കോഡ് നോഡ്യൂളുകള്‍ ഉണ്ടാകുന്നതും ഒച്ചയടപ്പിന് കാരണമാകാറുണ്ട്.

Tags