യുവതികളില്‍ ഹൃദയാഘാത നിരക്ക് വര്‍ധിക്കുന്നു; കാരണങ്ങള്‍?
heart attack

യുവാക്കളെ അപേക്ഷിച്ച് യുവതികളില്‍ ഹൃദയാഘാതത്തിന്റെ നിരക്ക് വര്‍ധിച്ചു വരുന്നതായി യേല്‍ സര്‍വകലാശാല നടത്തിയ പഠനത്തില്‍ കണ്ടെത്തി. യുവതികളില്‍ ഹൃദയാഘാത സാധ്യത ഉയര്‍ത്തുന്ന പ്രധാനപ്പെട്ട ഏഴ് ഘടകങ്ങളെയും ഗവേഷണം ചൂണ്ടിക്കാട്ടുന്നു. ഹൃദയാഘാത്തിനു ശേഷം മരണപ്പെടാനുള്ള സാധ്യത ഒരേ പ്രായമുള്ള പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്ക് രണ്ട് മടങ്ങ് കൂടുതലാണെന്ന് യേല്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ പറയുന്നു. യുവതികളിലുണ്ടാകുന്ന ഹൃദയാഘാതങ്ങളില്‍ 84 ശതമാനത്തിനും കാരണമാകുന്നത് പ്രമേഹം, വിഷാദം, ഹൈപ്പര്‍ടെന്‍ഷന്‍, പുകവലി, ഹൃദ്രോഗ കുടുംബചരിത്രം, കുറഞ്ഞ കുടുംബവരുമാനം, ഉയര്‍ന്ന കൊളസ്‌ട്രോള്‍ എന്നീ ഏഴ് ഘടകങ്ങളാണെന്ന് ഗവേഷണ റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു.

ഹൃദയാഘാതത്തിലേക്ക് നയിക്കുന്ന അപകട സാധ്യതകള്‍ യുവാക്കളിലും യുവതികളിലും വ്യത്യസ്തമാണെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ യേല്‍ സര്‍വകലാശാലയിലെ യുവാന്‍ ലു പറയുന്നു. സ്ത്രീകളില്‍ പ്രമേഹവും വിഷാദവുമാണ് ഏറ്റവും പ്രധാനപ്പെട്ട അപകട സാധ്യതകളെങ്കില്‍ പുരുഷന്മാരില്‍ ഇത് പുകവലിയും കുടുംബത്തിലെ ഹൃദ്രോഗ ചരിത്രവുമാണ്.

ഹൃദ്രോഗ പഠനങ്ങളില്‍ പലപ്പോഴും അവഗണിക്കപ്പെടുന്ന വിഭാഗമാണ് യുവതികളെന്ന് മറ്റൊരു ഗവേഷകനായ ഡോ. ഹാരലന്‍ എം. ക്രുംഹോള്‍സ് പറയുന്നു. സ്തനാര്‍ബുദം നിര്‍ണയിക്കപ്പെടുന്ന സ്ത്രീകളുടെ അത്ര തന്നെ എണ്ണം സ്ത്രീകള്‍ ഹൃദ്രോഗികളായിരിക്കുമ്പോഴാണ് ഈ സ്ഥിതി. യുവതികളില്‍ ഹൃദയാഘാത സാധ്യതകളെ പറ്റി കൂടുതല്‍ അവബോധം പരത്തേണ്ടത് അത്യാവശ്യമാണെന്നും ഗവേഷണ റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നു. ജാമ നെറ്റ് വര്‍ക്ക് ഓപ്പണിലാണ് ഗവേഷണഫലം പ്രസിദ്ധീകരിച്ചത്.

Share this story