ഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന അഞ്ച് ആയുര്‍വേദ ഔഷധങ്ങള്‍ ഇവയാണ്..

google news
weightloss

ഭക്ഷണത്തിലെ നിയന്ത്രണങ്ങള്‍ക്കൊപ്പം ദിവസേനയുള്ള വ്യായാമവും ഭാരം കുറയ്ക്കാന്‍ ആവശ്യമാണ്. ഇവയ്ക്ക് പുറമേ ഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ചില ആയുര്‍വേദ ഔഷധങ്ങള്‍ പരിചയപ്പെടാം. ഇവയെല്ലാം വളരെയെളുപ്പം ലഭ്യമായ നമ്മുടെ അടുക്കളയിലെ നിത്യോപയോഗ വസ്തുക്കളാണ്.

1. മഞ്ഞള്‍

നിത്യഭക്ഷണത്തില്‍ മഞ്ഞള്‍ ചേര്‍ക്കുന്നത്  ചയാപചയ പ്രക്രിയയെ വേഗത്തിലാക്കി കൊഴുപ്പ് അലിയിച്ച് കളയാന്‍ സഹായിക്കും. മ‍ഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കുര്‍കുമിന്‍ ശരീരത്തിന്‍റെ പ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നു. ശരീരത്തിലെ ചൂട് വര്‍ധിപ്പിക്കാനും മഞ്ഞളിന് കഴിയും. പാലില്‍ ചേര്‍ത്തോ കറികളില്‍ ചേര്‍ത്തോ ഒക്കെ മഞ്ഞള്‍ നിത്യഭക്ഷണത്തിന്‍റെ ഭാഗമാക്കാം.

2. കറുവാപട്ട

രക്തത്തിലെ പഞ്ചസാരയുടെ തോത് ബാലന്‍സ് ചെയ്യാന്‍ കറുവാപട്ട സഹായിക്കും. അമിതമായ വിശപ്പുണ്ടാകാതെ വയര്‍ നിറഞ്ഞ പ്രതീതി സൃഷ്ടിക്കാനും ഇതിന് സാധിക്കും. ചായക്കൊപ്പമോ പാലിനൊപ്പമോ ഓട്മീലിനൊപ്പമോ യോഗര്‍ട്ടിനൊപ്പമോ ഒക്കെ കറുവാപട്ട ഉപയോഗിക്കാം.

3. ജീരകം

ദഹനം മെച്ചപ്പെടുത്തിയും ചയാപചയം വേഗത്തിലാക്കിയും ജീരകം കാലറി കത്തിക്കാന്‍ സഹായിക്കുന്നു. രണ്ട് ടേബിള്‍സ്പൂണ്‍ ജീരകം വെള്ളത്തില്‍ രാത്രി കുതിര്‍ക്കാനിട്ട് രാവിലെ ജീരകം അരിച്ചെടുത്ത വെള്ളം വെറും വയറ്റില്‍ കുടിക്കുന്നത്  ശരീരത്തിന് നല്ലതാണ്. ഗ്യാസിന്‍റെ പ്രശ്നമുണ്ടാകാതിരിക്കാന്‍ ഇത് സഹായിക്കും.

4. ഇഞ്ചി

ശരീരത്തിലെ അണുബാധയും നീര്‍ക്കെട്ടും ഇല്ലാതാക്കാനും ദഹനം മെച്ചപ്പെടുത്താനും വിശപ്പ് കുറയ്ക്കാനും ഇഞ്ചി സഹായകമാണ്. ഇഞ്ചിയുടെ ഈ ഗുണങ്ങള്‍ അമിതഭാരം കുറച്ച് ശരീരം സ്ലിമ്മാക്കാന്‍ സഹായിക്കും. കറികള്‍ക്കൊപ്പമോ ചായയ്ക്കോ നാരങ്ങാ വെള്ളത്തിനോ ഒപ്പമോ ഒക്കെ ഇഞ്ചി നിത്യഭക്ഷണത്തിന്‍റെ ഭാഗമാക്കാം.

5. കുരുമുളക്

വൈറ്റമിന്‍ എ, സി, കെ. ധാതുക്കള്‍ എന്നിവയെല്ലാം അടങ്ങിയ കുരുമുളക്  ആരോഗ്യകരമായ ഫാറ്റി ആസിഡിനാലും സമ്പന്നമാണ്. ചയാപചയം വര്‍ധിപ്പിക്കുക വഴി കൊഴുപ്പ് കത്തിച്ച് കളയാനും ഭാരം കുറയ്ക്കാനും കുരുമുളക് സഹായിക്കും.

Tags