അര്‍ബുദം വരാതെ നോക്കാന്‍ ഇവ ഭക്ഷണത്തിന്‍റെ ഭാഗമാക്കാം

google news
അര്‍ബുദം വരാതെ നോക്കാന്‍ ഇവ ഭക്ഷണത്തിന്‍റെ ഭാഗമാക്കാം

ആരോഗ്യകരമായ ഭക്ഷണരീതി രോഗങ്ങളില്ലാത്ത ജീവിതം നയിക്കാന്‍ നമ്മെ സഹായിക്കും. ഹൃദ്രോഗം, പ്രമേഹം, അര്‍ബുദം പോലുള്ള പല മാറാരോഗങ്ങളിലും വലിയ സ്വാധീനം ചെലുത്തുന്നത് നാം പതിവായി കഴിക്കുന്ന ഭക്ഷണവിഭവങ്ങളാണെന്ന് കാണാം. അര്‍ബുദത്തിന്‍റെ കാര്യത്തിലാണെങ്കിലും ജനിതകപരമായ കാരണങ്ങള്‍ക്കൊപ്പം ഭക്ഷണവും രോഗം വരാന്‍ ഒരു ഘടകമാണ്.

ചില ഭക്ഷണങ്ങള്‍ അര്‍ബുദ സാധ്യത വര്‍ധിപ്പിക്കുമ്പോൾ  മറ്റ് ചിലത് അര്‍ബുദത്തെ അകറ്റി നിര്‍ത്താന്‍ നമ്മെ സഹായിക്കും. അര്‍ബുദ സാധ്യത കുറയ്ക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണവിഭവങ്ങളെ പരിചയപ്പെടാം.

1. വെളുത്തുള്ളി

ശരീരത്തിലെ അണുബാധ കുറയ്ക്കുകയും കോശങ്ങള്‍ക്ക് ഹാനികരമായ ഫ്രീ റാഡിക്കല്‍സിനെ തടയുകയും ചെയ്യുന്ന അല്ലിസിന്‍ എന്ന സംയുക്തം അടങ്ങിയ ഭക്ഷണമാണ് വെളുത്തുള്ളി. വെളുത്തുള്ളി കഴിക്കുന്നത് ഗാസ്ട്രിക്, പ്രോസ്ട്രേറ്റ്, കൊളോറെക്ടല്‍ അര്‍ബുദങ്ങള്‍ക്കുള്ള സാധ്യത കുറയ്ക്കും. പ്രതിദിനം രണ്ട് മുതല്‍ അഞ്ച് ഗ്രാം വരെ വെളുത്തുള്ളി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്.

2. മഞ്ഞള്‍

അര്‍ബുദ കോശങ്ങള്‍ക്കെതിരെ പോരാടുന്ന മഞ്ഞളിന് വേറെയും ധാരാളം ആരോഗ്യ ഗുണങ്ങളുണ്ട്. ശ്വാസകോശ അര്‍ബുദം, സ്താനാര്‍ബുദം, പ്രോസ്ട്രേറ്റ്, കോളന്‍ അര്‍ബുദങ്ങള്‍ എന്നിവയുടെ സാധ്യത മഞ്ഞള്‍ കുറയ്ക്കും. കറികളിലോ പാലിലോ ചേര്‍ത്ത് മഞ്ഞള്‍ കഴിക്കാവുന്നതാണ്. ഒരു ദിവസം  രണ്ട് മുതല്‍ മൂന്ന് ടീസ്പൂണ്‍ മഞ്ഞള്‍ ഭക്ഷണക്രമത്തിന്‍റെ ഭാഗമാക്കാം.

3. സിട്രസ് പഴങ്ങള്‍

ഓറഞ്ച്, നാരങ്ങ, മുന്തിരി തുടങ്ങിയ സിട്രസ് പഴങ്ങളും നിത്യ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം. പാന്‍ക്രിയാസിനെയും വയറിനെയും ദഹന, ശ്വാസകോശ നാളികളെയും ബാധിക്കുന്ന അര്‍ബുദങ്ങളുടെ സാധ്യത ഇവ കുറയ്ക്കും.

4. കാരറ്റ്

കോശങ്ങളുടെ ആവരണങ്ങളെ വിഷാംശങ്ങളില്‍ നിന്ന് രക്ഷിക്കാനും അര്‍ബുദ കോശങ്ങളുടെ വളര്‍ച്ച തടയാനും സഹായിക്കുന്ന ബീറ്റകരോട്ടിന്‍ കാരറ്റില്‍ അടങ്ങിയിട്ടുണ്ട്. പ്രോസ്ട്രേറ്റ്, ഗാസ്ട്രിക്, ശ്വാസകോശ അര്‍ബുദങ്ങളുടെ സാധ്യത കുറയ്ക്കാന്‍ കാരറ്റിന് സാധിക്കുമെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.

5. ബ്രക്കോളി

നിരവധി ആരോഗ്യഗുണങ്ങളുള്ള പച്ചക്കറിയാണ് ബ്രക്കോളി. അര്‍ബുദകോശങ്ങളെ നശിപ്പിക്കുന്ന സള്‍ഫോറഫേന്‍ എന്ന സംയുക്തം ഇതില്‍ അടങ്ങിയിരിക്കുന്നു. സ്താനാര്‍ബുദത്തിന്‍റെയും കൊളോറെക്ടല്‍, കോളന്‍ അര്‍ബുദത്തിന്‍റെയും സാധ്യത ബ്രക്കോളി കുറയ്ക്കുന്നു.

അതേ സമയം വറുത്ത ഭക്ഷണങ്ങള്‍, റിഫൈന്‍ഡ് കാര്‍ബോഹൈഡ്രേറ്റുകള്‍, പഞ്ചസാര, സംസ്കരിച്ച മാംസം, മദ്യം, ബീഫ്, പോര്‍ക്ക്, മട്ടണ്‍ പോലുള്ള റെഡ് മീറ്റ് എന്നിവയെല്ലാം അര്‍ബുദ സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുന്നതായി ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

Tags