കൊതിപ്പിക്കും രുചിയിൽ ഒരു പലഹാരം തയ്യാറാക്കിയാലോ ?
ഗോതമ്പുപൊടി - 3 കപ്പ്
ഉപ്പ് - ¼ ടീസ്പൂൺ
ബേക്കിങ് സോഡ - ¼ ടീസ്പൂൺ
ചെറുപഴം - 2 എണ്ണം
നല്ല ജീരകം - ¼ ടീസ്പൂൺ
ഏലയ്ക്ക - 4 എണ്ണം
വെള്ളം - ആവശ്യത്തിന് (ഏകദേശം ¼ കപ്പ്)
ഓയിൽ - വറുക്കുന്നതിന്
ശർക്കരപ്പാനിക്ക്:
250 ഗ്രാം ശർക്കര ഒരു കപ്പ് വെള്ളത്തിൽ ഉരുക്കി അരിച്ചെടുക്കുക.
തയാറാക്കുന്ന വിധം:
ഗോതമ്പുപൊടിയിൽ ഉപ്പ്, ബേക്കിങ് സോഡ എന്നിവ ചേർത്തിളക്കി വയ്ക്കുക. മിക്സിയിൽ പഴം (പാളയംകോടൻ), ജീരകം, ഏലയ്ക്ക എന്നിവ ഇട്ട് നന്നായി അടിച്ചശേഷം പൊടിയിലേക്കു ചേർക്കാം.
ഇനി ഇതിലേക്കു ശർക്കരപ്പാനി കൂടി ഒഴിച്ച് കട്ടകൾ ഒന്നുമില്ലാതെ യോജിപ്പിച്ച് എടുക്കാം. ആവശ്യത്തിന് വെള്ളം കൂടി ഒഴിച്ച് കലക്കിയ ശേഷം ഒരു സ്പൂൺ ഉപയോഗിച്ച് മാവ് രണ്ടുമിനിറ്റ് നന്നായി അടിച്ചെടുക്കാം. ഇനി ഇത് രണ്ടു മണിക്കൂർ മൂടി വയ്ക്കാം.
കൈയൊന്നു നനച്ചു കൊടുത്തശേഷം മാവിൽ നിന്ന് കുറേശ്ശെ എടുത്ത് ബോൾ രൂപത്തിൽ തിളച്ച എണ്ണയിലേക്ക് ഇട്ടു വറുത്തു ബ്രൗൺ നിറമാകുമ്പോൾ കോരി മാറ്റാം.