എളുപ്പം വീട്ടിലുണ്ടാക്കാം ശര്‍ക്കര വരട്ടി


ചേരുവകള്‍
നേന്ത്രക്കായ- 3 എണ്ണം
ശര്‍ക്കര-2 എണ്ണം
ചുക്കുപൊടി-അര ടീസ്പൂണ്‍
അരിപ്പൊടി-2 ടീസ്പൂണ്‍
ഏലക്കായ-4 എണ്ണം
ജീരകം പൊടിച്ചത്-അര ടീസ്പൂണ്‍
എണ്ണ-ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
തൊലി കളഞ്ഞ നേന്ത്രക്കായ നീളത്തില്‍ രണ്ടായി കീറി 1/2 സെ.മീ കനത്തില്‍ മുറിച്ചു വയ്ക്കുക. ഈ കഷ്ണങ്ങള്‍ വെള്ളത്തിലിട്ട് കറ പോകുന്നത് വരെ നന്നായി കഴുകി എടുക്കുക.
ചീനച്ചട്ടിയില്‍ എണ്ണ തിളയ്ക്കുമ്പോള്‍ നേന്ത്രക്കായ കഷണങ്ങള്‍ ചെറുതീയില്‍ വറുത്തുകോരുക. കട്ടിയുള്ള കാരണം ഉള്ള് വേവാന്‍ താമസിക്കും. നല്ല മൊരിഞ്ഞു തുടങ്ങുമ്പോള്‍ ഇളക്കുമ്പോള്‍ മനസ്സിലാകും. ഏതാണ്ട് 20-25 മിനുട്ടുകള്‍ വേണം ഒരു തവണ വറുത്തുകോരാന്‍. ശേഷം കോരി എടുത്ത് ചൂടാറാന്‍ വക്കുക,ഒരു പേപ്പറില്‍ നിരത്തി ഇട്ടാല്‍ മതി.

ഒരു പാത്രത്തില്‍ ശര്‍ക്കര കുറച്ച് വെള്ളം ഒഴിച്ച് ഉരുക്കി എടുക്കുക. നന്നായി ഉരുകി കഴിഞ്ഞാല്‍, വിരല് കൊണ്ട് തൊട്ടു നോക്കി നൂല്‍ പരുവമായോ എന്ന ഉറപ്പ് വരുത്തണം. അങ്ങനെയെങ്കില്‍ തയ്യാറാക്കി വച്ചിരിക്കുന്ന കായ വറുത്തത് ഇതിലേക്കിട്ട് നന്നായി ഇളക്കുക. ശേഷം തീ അണച്ച് ഒരു മിനിറ്റ് വെയ്ക്കുക.
ഇതിലേക്ക് വറുത്ത് പൊടിച്ചുവെച്ച ജീരകപ്പൊടി, ഏലക്ക പൊടി, ചുക്കു പൊടി എന്നിവ ചേര്‍ക്കുക. അവസാനം അരിപ്പൊടിയും വിതറുക. ചൂട് പോകുന്തോറും ശര്‍ക്കര വരട്ടി ക്രിസ്പി ആയി വരുന്നതായിരിക്കും. വായുകടക്കാത്ത പാത്രത്തില്‍ സൂക്ഷിച്ചുവെയ്ക്കാം.