ചൂട് ചോറിനൊപ്പം കഴിക്കാൻ നാടൻ വറുത്തരച്ച സാമ്പാർ ഉണ്ടാക്കാം ...

sambar
sambar

ചേരുവകൾ

1. പരിപ്പ് - 1/2 കപ്പ്‌

2. ഉരുളക്കിഴങ്ങ് - ഒന്ന്​ വലുത്

3. സവാള - ഒന്ന്​ വലുത്

4. വെളുത്തുള്ളി - 5 അല്ലി

5. പച്ചമുളക് - 2 എണ്ണം

6. തക്കാളി - 2 എണ്ണം

(2 മുതൽ 6 വരെയുള്ള ചേരുവകൾ എല്ലാം നീളത്തിൽ അരിയുക)

7. വെണ്ട - 4 എണ്ണം

8. കാരറ്റ്‌ - ഒന്ന്​

9. വഴുതന - 2 എണ്ണം

10. മുരിങ്ങക്കായ - ഒന്ന്​

(7 മുതൽ 10 വരെ വിഭവങ്ങൾ 2 ഇഞ്ച് നീളത്തിൽ മുറിക്കുക. ഇവ അൽപം എണ്ണയിൽ ഒന്നു വഴറ്റി മാറ്റിവെക്കണം)

11. തേങ്ങ ചിരകിയത് - 3/4 കപ്പ്

12. ചെറിയുള്ളി - 4-5 അല്ലി

13. മഞ്ഞൾപൊടി - 1/2 ടീസ്പൂൺ

14. മുളകുപൊടി - 1 1/2 ടേബ്ൾ സ്പൂൺ

15. കായപ്പൊടി, ഉലുവപ്പൊടി - 1/2 ടീസ്പൂൺ വീതം

(അൽപം വെളിച്ചെണ്ണയിൽ തേങ്ങയും ഉള്ളിയും മീഡിയം ​െഫ്ലയിമിൽ സ്വർണ നിറമാവുന്നതുവരെ വറുക്കുക. തീ കുറച്ചശേഷം 12 മുതൽ 15 വരെയുള്ള പൊടികളെല്ലാം ചേർത്ത് വഴറ്റി ഇറക്കിവെക്കുക. ചൂട്‌ കുറയുമ്പോൾ കരുകരുപ്പായി അരച്ചുവെക്കണം)

16. പുളി - ഒരു ചെറുനാരങ്ങ വലുപ്പത്തിൽ (പുളി കഴുകി കുതിർത്തു പിഴിഞ്ഞതിലേക്ക് മല്ലിയിലയും കറിവേപ്പിലയും ചേർത്ത് മാറ്റിവെക്കണം).
താളിക്കാൻ

17. കടുകും ഉലുവയും - 1/2 ടീസ്പൂൺ വീതം

18. വറ്റൽ മുളക് - 2 എണ്ണം നുറുക്കിയത്

19. കറിവേപ്പില - ഒന്നോ രണ്ടോ തണ്ട്

തയാറാക്കുന്ന വിധം:

ഒരു കുക്കറിൽ പരിപ്പും കിഴങ്ങും മറ്റും ആവശ്യത്തിന് വെള്ളമൊഴിച്ച് ഒരു വിസിൽ വരുന്നതുവരെ വേവിക്കുക. ശേഷം കുക്കറിലേക്ക് വഴറ്റിവെച്ച ചേരുവകളും ആവശ്യത്തിന് ഉപ്പും ചേർത്തിളക്കി തീയിൽ നന്നായി തിളപ്പിക്കാം. തിള വന്നശേഷം പുളിവെള്ളമൊഴിക്കുക. വീണ്ടും തിളപ്പിച്ച ശേഷം തേങ്ങാക്കൂട്ട് ചേർത്ത് യോജിപ്പിച്ച് മല്ലിയിലയും കറിവേപ്പിലയും ചേർത്ത് ഇറക്കിവെക്കാം. അൽപം വെളിച്ചെണ്ണയിൽ കടുകും ഉലുവയും മറ്റും താളിച്ചു കറിയിൽ ഒഴിക്കാം. വറുത്തരച്ച സാമ്പാർ തയാർ.

Tags