ഡിന്നർ തയ്യാറാക്കുമ്പോൾ ഈ ഐറ്റം തയ്യാറാക്കാൻ മറക്കല്ലേ ...
ചേരുവകൾ
കരിമീൻ- രണ്ട്
മുളക്‌പൊടി- രണ്ട് ടേബിൾ സ്പൂൺ
മഞ്ഞൾപൊടി- രണ്ട് ടീസ്പൂൺ
മല്ലിപ്പൊടി- രണ്ട് ടേബിൾ സ്പൂൺ
പച്ചക്കുരുമുളക്‌പൊടി- രണ്ട് ടീസ്പൂൺ
നാരങ്ങാനീര്- രണ്ട് ടേബിൾസ്പൂൺ
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്- മൂന്ന് ടേബിൾ സ്പൂൺ
വെളിച്ചെണ്ണ- ആറ് ടേബിൾസ്പൂൺ
കട്ടിയുള്ള തേങ്ങാപ്പാൽ- ഒരു കപ്പ്
ഉള്ളി അരിഞ്ഞത്- അരക്കപ്പ്
തക്കാളി അരിഞ്ഞത്- ഒരു കപ്പ്
കുരുമുളക് ഇല- ആവശ്യത്തിന്
കരിമീൻ വറുത്തത് തയ്യാറാക്കുന്ന വിധം
കരിമീൻ വൃത്തിയാക്കി രണ്ട് വശങ്ങളും വരയുക. ഒരു ടേബിൾസ്പൂൺ മുളക് പൊടി, അര ടേബിൾ സ്പൂൺ മഞ്ഞൾ പൊടി, ഒരു ടേബിൾസ്പൂൺ മല്ലിപ്പൊടി, ഒരു ടീസ്പൂൺ മുളക്‌പൊടി, ഒരു ടേബിൾസ്പൂൺ ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്, ഒരു ടേബിൾ സ്പൂൺ നാരങ്ങാനീര്, ഉപ്പ്, ഒരു ടീസ്പൂൺ വെളിച്ചെണ്ണ എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. മീനിൽ ഈ മസാലക്കൂട്ട് തേച്ചുപിടിപ്പിച്ച് ഇരുപത് മിനിറ്റ് വയ്ക്കാം.
പാൻ ചൂടാകുമ്പോൾ രണ്ട് ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കറിവേപ്പില ഇടുക. ഇതിലേക്ക് രണ്ട് ടേബിൾസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് പച്ചമണം മാറുന്നതുവരെ ഇളക്കുക. ഇതിൽ അരഞ്ഞു വച്ച ഉള്ളി അരകപ്പ്, ഉപ്പ് എന്നിവ ചേർത്ത് വഴറ്റാം. തീ കുറച്ച് അതിലേക്ക് ഒരു ടേബിൾസ്പൂൺ മുളക്‌പൊടി, ഒരു ടീസ്പൂൺ മഞ്ഞൾപൊടി, ഒരു ടേബിൾസ്പൂൺ മല്ലിപ്പൊടി, ഒരു ടീസ്പൂൺ പച്ചക്കുരുമുളക് പൊടി എന്നിവ ചേർത്ത് വഴറ്റുക. വെന്ത് വരുമ്പോൾ ഒരു കപ്പ് തക്കാളി ചേർക്കാം. തക്കാളി നന്നായി ഉടഞ്ഞ് വേവുന്നതുവരെ വഴറ്റാം. ഇനി തേങ്ങാപ്പാൽ ചേർക്കാം. തേങ്ങാപ്പാൽ കുറുകി വരുമ്പോൾ അടുപ്പിൽ നിന്നിറക്കാം. മറ്റൊരു പാനിൽ രണ്ട് ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ മീൻ അതിലിട്ട് വറുക്കാം. തിരിച്ചും മറിച്ചുമിട്ട് വേവിക്കണം.
ഇനി ഒരു കുരുമുളക് ഇല തീയിൽ വാട്ടിയ ശേഷം തയ്യാറാക്കിയ മസാല അതിൽ നിരത്താം. ഇനി വറുത്ത മീൻ ഇലയിൽ വച്ചശേഷം മീനിന് മുകളിലും മസാല പുരട്ടണം. മറ്റൊരു ഇല വാട്ടിയ ശേഷം മുകൾ ഭാഗത്ത് വച്ച് വാഴനാരുകൊണ്ട് കെട്ടാം. ഇനി മൺചട്ടിയിലോ പാനിലോ എണ്ണയൊഴിച്ച് ചൂടാകുമ്പോൾ മീൻ വീണ്ടും വറുത്തെടുക്കാം. ഇനി അടുപ്പിൽ നിന്നിറക്കി ചെറുചൂടോടെ കഴിക്കാം.