നല്ല മധുരത്തില്‍ ഒരു പായസം തയ്യാറാക്കാം
ചേരുവകൾ
1. നന്നായി പഴുത്ത നേന്ത്രപ്പഴം - 1/2 കി.ഗ്രാം
2. പുറംതോടു മാറ്റിയ ചക്കക്കുരു - 8 എണ്ണം
3. നെയ്യ് - ആവശ്യത്തിന്
4. ശർക്കര - 400 ഗ്രാം
5. തേങ്ങാപ്പാൽ:
ഒന്നാം പാൽ - ഒന്നര കപ്പ്
രണ്ടാം പാൽ - 6 കപ്പ്
6. പഞ്ചസാര - ഒരു ടേബ്ൾ സ്പൂൺ
7. ഏലക്കപ്പൊടി - ഒന്നര ടീസ്പൂൺ
8. ജീരകം (വറുത്തു പൊടിച്ചത്) - അര ടീസ്പൂൺ
9. ചുക്കുപൊടി - 1/2 ടീസ്പൂൺ
10. തേങ്ങാക്കൊത്ത് - 1 1/2 ടേബ്ൾസ്പൂൺ
11. അണ്ടിപ്പരിപ്പ്, ബദാം നുറുക്കിയത് - അൽപം
12. കിസ്മിസ് - അൽപം
തയാറാക്കുന്ന വിധം:
നേന്ത്രപ്പഴം തൊലി കളഞ്ഞശേഷം അകത്തെ കുരുവും നാരും കളയുക. പഴം കഷണങ്ങളായി നുറുക്കിയെടുത്ത് കുറച്ചു നെയ്യിൽ കരിഞ്ഞുപോകാതെ വഴറ്റിയെടുത്ത് മിക്സിയിൽ മയത്തിൽ അരച്ചെടുക്കാം. ചക്കക്കുരു ഒരു നുള്ള് ഉപ്പും അര ടീസ്പൂൺ ഏലക്കപ്പൊടിയും ചേർത്ത് കുക്കറിൽ 6 വിസിൽ വരുന്നതുവരെ വേവിക്കുക. ചൂട് കുറഞ്ഞാൽ മിക്സിയിൽ തരുതരുപ്പായി അരച്ചെടുക്കണം. ശർക്കര കുറച്ച് വെള്ളമൊഴിച്ച് ഉരുക്കി അരിച്ചുവെക്കാം.
ഉരുളിയിൽ അൽപം നെയ്യൊഴിച്ച് അരച്ചുവെച്ച പഴവും ചക്കക്കുരുവും കുറച്ചുനേരം വഴറ്റി വിളയിച്ചെടുക്കുക. ഇതിലേക്ക് ശർക്കരവെള്ളം ഒഴിച്ച് വീണ്ടും ഇളക്കി കട്ട ഉടയുന്നതുവരെ വഴറ്റണം. ഇതിലേക്ക് രണ്ടാം പാൽ ഒഴിച്ച് എല്ലാംകൂടി യോജിപ്പിച്ച് ഇളക്കിക്കൊണ്ടിരിക്കണം. നന്നായി തിളച്ചു കുറുകിത്തുടങ്ങുമ്പോൾ പഞ്ചസാര ചേർക്കാം. ശേഷം പൊടികൾ, ഒന്നാം പാൽ എന്നിവയും ചേർക്കാം. തിളക്കുന്നതിനു തൊട്ടുമുമ്പ്, ചുറ്റുംനിന്ന് ബബ്ൾസ് വരാൻ തുടങ്ങുമ്പോൾ ഇറക്കിവെക്കണം, തിളച്ചുമറിയരുത്.
നെയ്യിൽ തേങ്ങാക്കൊത്ത്, അണ്ടിപ്പരിപ്പ്, കിസ്മിസ്, ബദാം എന്നിവ വറുത്ത് പ്രഥമനു മുകളിലേക്കൊഴിച്ചുകൊടുത്ത് ആവി പോകത്തക്കവിധം അൽപസമയം അടച്ചുവെക്കുക. നന്നായൊന്ന് സെറ്റാകുന്നതുവരെ തവി ഇടുകയോ ഇളക്കുകയോ ചെയ്യാതിരിക്കുന്നതാണ് നല്ലത്. ചൂടാറി എല്ലാം ഒന്നു സെറ്റായിക്കഴിഞ്ഞാൽ വിളമ്പാം.