പെസഹാ അപ്പവും പാലും ഇങ്ങനെ തയ്യാറാക്കൂ..

google news
pesaha appavum paalum

കുരിശുമരണം വരിക്കുന്നതിനു മുൻപായി യേശു തന്റെ ശിഷ്യന്മാരുടെ ഒപ്പം അവസാനമായി കഴിച്ച അത്താഴത്തിന്റെയും അതിനു മുൻപായി അദ്ദേഹം അവരുടെ കാലുകൾ കഴുകിയതിന്റെയും ഓർമ്മ പുതുക്കലായാണ് പെസഹാ വ്യാഴം ആചരിക്കപ്പെടുന്നത്. ഈ ദിവസം കത്തോലിക്കരായ ക്രിസ്ത്യാനികൾ സ്വന്തം ഭവനങ്ങളില്‍ നടത്തുന്ന ആചാരമാണ് അപ്പം മുറിക്കല്‍ ശുശ്രൂഷ. ഇതിനായി പ്രത്യേക രീതിയില്‍ തയ്യാറാക്കുന്ന അപ്പമാണ് പെസഹാ അപ്പം അല്ലെങ്കില്‍ ഇണ്ടറി അപ്പം. പെസഹാ അപ്പത്തിനൊപ്പം പ്രത്യേകം തയ്യാറാക്കിയ തേങ്ങാപ്പാലും നല്‍കാറുണ്ട്.

പെസഹാ അപ്പം തയ്യാറാക്കാൻ ആവശ്യമായവ 

പച്ചരി: 1 കപ്പ് 
ഉഴുന്ന് : 1/4 പിടി
തേങ്ങ ചിരകിയത് : 1 കപ്പ്
ചുവന്നുള്ളി : 5-6
വെളുത്തുള്ളി - 2 അല്ലി
ജീരകം - കാല്‍ സ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
വെള്ളം - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

പച്ചരി വെള്ളത്തിൽ നന്നായിട്ട് കുതിരാനായിട്ട് വയ്ക്കുക. കുതിർന്നതിനുശേഷം ഇത് മിക്സിയുടെ ജാറിൽ ഇട്ട് കൊടുത്ത് കുതിർത്തു വെച്ചിട്ടുള്ള ഉഴുന്നും അതിന്റെ കൂടെ ചേർത്തു കൊടുത്ത് ഒരു കപ്പ് ചിരകിയ നാളികേരവും ചെറിയ ഉള്ളിയും, ജീരകവും, ഉപ്പും ചേർത്ത് നന്നായി അരച്ചെടുക്കുക. അരയാൻ ആവശ്യത്തിനുള്ള വെള്ളവും കൂടെ ഒഴിച്ചുകൊടുക്കുക. കുറച്ചു കട്ടിയിൽ തന്നെ ഇതിനെ ഒന്ന് അരച്ചെടുക്കണം. അതിനുശേഷം. ഒരു പാത്രത്തിൽ നെയ്യ്  തടവിയതിനുശേഷം മാവ് അതിലേക്ക് ഒഴിച്ചുകൊടുക്കുക. ഇതിന്റെ മുകളിലായി കുരുത്തോല കൊണ്ട് കുരിശ് ഉണ്ടാക്കി വയ്ക്കുക.ശേഷം  ഇഡ്ഡലി പാത്രത്തിൽ വച്ച് ആവിയിൽ വേവിച്ചെടുക്കുക. പെസഹാ അപ്പം തയ്യാര്‍.

തേങ്ങാ പാലിന് ആവശ്യമായവ 

തേങ്ങ - മൂന്ന്
ശര്‍ക്കര - ഒരുകിലോ
ഏലയ്ക്ക - 10
ചുക്ക് - ഒരിഞ്ചിന്റെ രണ്ടു കഷണം
ജീരകം - ഒരു ചെറിയ സ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

തേങ്ങ നന്നായി അരച്ചു പിഴിഞ്ഞു തേങ്ങാപ്പാല്‍ എടുക്കുക. പാലില്‍, ശര്‍ക്കര ഉരുക്കിയ പാനി അരിച്ചതും ചുക്കും ജീരകവും ഏലയ്ക്കാപ്പൊടിയും ഉപ്പും ചേര്‍ത്ത് അടുപ്പില്‍ വച്ചിളക്കി കുറുക്കി വാങ്ങുക. തയാറാക്കിയ അപ്പം ചെറിയ കഷണങ്ങളാക്കി മുറിച്ച് പാലില്‍ മുക്കി കഴിക്കാം.

Tags