വ്യത്യസ്ത രുചിയിൽ പാട്യാല ചിക്കൻ
ചേരുവകള്
ചിക്കൻ -750 gm
തൈര് - 1/2 കപ്പ്
ഇഞ്ചി പേസ്റ്റ് -1/2 ടീസ്പൂൺ
വെളുത്തുള്ളി പേസ്റ്റ് -1/2 ടീസ്പൂൺ
മഞ്ഞൾപ്പൊടി -1/2 ടീസ്പൂൺ
മുളകുപൊടി -1/2 ടീസ്പൂൺ
കുരുമുളകുപൊടി -1/4 ടീസ്പൂൺ
ഉപ്പ് - ആവശ്യത്തിന്
ഗ്രേവിക്കുവേണ്ട ചേരുവകള്
എണ്ണ -3 ടേബിൾസ്പൂൺ
പട്ട - 1/2 inch
ഏലക്ക - 2
ഗ്രാമ്പു -2
ജീരകം -1/2 ടീസ്പൂൺ
ഇഞ്ചി -1 ടീസ്പൂൺ (കൊത്തി അരിഞ്ഞത്)
വെളുത്തുള്ളി -1 ടീസ്പൂൺ (കൊത്തി അരിഞ്ഞത്)
സവാള -4 (കൊത്തി അരിഞ്ഞത്)
മഞ്ഞൾപ്പൊടി -1/2 ടീസ്പൂൺ
മുളകുപൊടി -1/2 ടീസ്പൂൺ
മല്ലിപ്പൊടി -1 ടേബിൾസ്പൂൺ
തക്കാളി -2 (ചെറുതായി അരിഞ്ഞത് )
വെള്ളം - 1/4 കപ്പ്
പച്ചമുളക് -2 (അരിഞ്ഞത്)
ചിക്കൻ ഗ്രേവിക്കുവേണ്ട ചേരുവകൾ
എണ്ണ - 1 ടേബിൾസ്പൂൺ
ജീരകം -1/2 ടീസ്പൂൺ
ഇഞ്ചി -1 ടീസ്പൂൺ
വെളുത്തുള്ളി -1 ടീസ്പൂൺ
ഉലുവയില -1 കപ്പ്
സവാള -1 (ചതുരക്കഷ്ണം )
കാപ്സിക്കം -1 (ചതുരക്കഷ്ണം )
മഞ്ഞൾപൊടി -1/4 tsp
മുളകുപൊടി -1/2tsp
മല്ലിപ്പൊടി -1/2 tsp
കശുവണ്ടിപ്പരിപ്പ് അരച്ചത് -1/2 കപ്പ്
വെള്ളം -1/2 കപ്പ്
ഗരം മസാല - 1/2 ടീസ്പൂൺ
പച്ചമുളക് - 1 (അരിഞ്ഞത് )
ഇഞ്ചി - 1/2 inch (നീളത്തിൽ അരിഞ്ഞത്)
കസൂരിമേത്തി -1/2 ടീസ്പൂൺ
ഫ്രഷ് ക്രീം -1/4 കപ്പ്
തയാറാക്കുന്ന വിധം
പാൻ അടുപ്പിൽവെച്ച് അതിലേക്ക് കഴുകി വൃത്തിയാക്കിയ ചിക്കൻ കഷണങ്ങളിട്ട് അതിലേക്കു തൈര്, ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്, മഞ്ഞൾപ്പൊടി, മുളകുപൊടി, കുരുമുളകുപൊടി, ഉപ്പ് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്ത് അരമണിക്കൂർ മാറ്റിവെക്കുക. ഇനി ഗ്രേവി തയാറാക്കാൻ ഒരു പാൻ അടുപ്പിൽ വെച്ച് അതിലേക്കു ഓയിൽ ചേർക്കുക. ഓയിൽ ചൂടായി വരുമ്പോൾ അതിലേക്കു പട്ട, ഏലക്ക, ഗ്രാമ്പു ചേർത്തുകൊടുക്കുക. ഇവയുടെ മണം വരുമ്പോൾ അതിൽ ജീരകം, ഇഞ്ചി, വെളുത്തുള്ളി ചേർക്കാം.
പച്ചമണം മാറുന്നതുവരെ വഴറ്റുക. ശേഷം സവാള ചേർത്തുകൊടുക്കാം. സവാളയുടെ കളർ മാറി ബ്രൗൺ നിറമാകുംവരെ വഴറ്റുക. ഇനി പൊടികൾ ഓരോന്നായി ചേർക്കാം (മുളകുപൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി) ചേർത്ത് നന്നായി ഇളക്കി പൊടികളുടെ പച്ചമണം മാറുന്നതുവരെ വഴറ്റുക. ശേഷം തക്കാളി അരിഞ്ഞതുചേർത്ത് ഇളക്കി അതിലേക്കു വെള്ളവും ചേർത്ത് വേവിക്കുക. മസാല വെന്തുവന്നശേഷം അതിൽനിന്നും പകുതി മസാല പാത്രത്തിലേക്ക് മാറ്റിവെക്കുക. ബാക്കി മസാലയിലേക്കു ചിക്കൻ ചേർത്തുകൊടുക്കുക. അതിലേക്കു പച്ചമുളക് കൂടെ ചേർത്തിളക്കി അടച്ചുവെച്ചു കുക്ക് ചെയ്യുക.
ഇനി ഒരു പാൻ അടുപ്പിൽവെച്ച് ഇതിലേക്കുള്ള മസാല തയാറാക്കുക. അതിനായി പാനിലേക്ക് ഓയിലൊഴിച്ച് ജീരകം, വെളുത്തുള്ളി, ഇഞ്ചി, ഉലുവയില (ഉലുവയില അരിഞ്ഞു അതിൽ ഉപ്പുചേർത്ത് മിക്സ് ചെയ്തു അതിൽ നിന്നുവരുന്ന വെള്ളം പിഴിഞ്ഞുകളഞ്ഞു എടുക്കുക. എന്നിട്ടു വെള്ളത്തിൽ കഴുകിയെടുക്കുക) ചേർത്തുകൊടുക്കുക. ഇളക്കി യോജിപ്പിച്ച് അതിലേക്കു സവാള, കാപ്സിക്കം ചേർക്കാം. ഇനി മഞ്ഞൾപ്പൊടി, മുളകുപൊടി, ജീരകപ്പൊടി, മല്ലിപ്പൊടി ചേർത്ത് ഇളക്കി അതിലേക്കു നേരത്തെ മാറ്റിവെച്ച മസാല മിക്സ് കൂടെ ചേർത്ത് മിക്സ് ചെയ്യുക.
അതിലേക്ക് കശുവണ്ടി പേസ്റ്റ്, പിന്നെ ഉപ്പും വെള്ളവും ചേർത്ത് മൂന്നുമുതൽ നാലുമിനിറ്റുവരെ ചെറുതീയിൽ കുക്ക് ചെയ്യുക. ഈ ഗ്രേവി കുക്ക് ചെയ്തുവെച്ച ചിക്കനിൽ ചേർത്തുതിളക്കുക. ഇനി ഇതിലേക്ക് ഗരംമസാല, പച്ചമുളക്, ഇഞ്ചി, കസൂരിമേത്തി കൂടെ ചേർത്ത് ഇളക്കുക. ഫ്രഷ് ക്രീം ചേർത്ത് ഇളക്കി യോജിപ്പിക്കുക. മല്ലിയില ചേർത്ത് അലങ്കരിച്ചാൽ പാട്യാല ചിക്കൻ തയാർ.