ഉഗ്രൻ പരിപ്പ് പായസം
വേണ്ട ചേരുവകള്‍
ചെറുപയർ പരിപ്പ് - 350 ഗ്രാം
പാൽ - മുക്കാൽ ലിറ്റർ
ശർക്കരനീര് - 550 ഗ്രാം ശർക്കര ഒരു കപ്പ് വെള്ളത്തിൽ ഉരുക്കിയത്
ഏലക്കാപ്പൊടി - 1 ടീസ്പൂൺ
ഉപ്പ് - കാൽ ടീസ്പൂൺ
നെയ്യ് - വറുക്കാൻ ആവശ്യത്തിന്
അണ്ടിപ്പരിപ്പ്, കിസ്മിസ്, തേങ്ങാക്കൊത്ത് - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം ചെറുപയർ പരിപ്പൊന്നു വറുത്തെടുക്കണം (വറുക്കുമ്പോൾ ഒരുപാട് മൂപ്പ് കൂടി പോകാതെ ശ്രദ്ധിക്കണം, അങ്ങനെ വന്നാൽ ഇത് വെന്തു കിട്ടാൻ കുറച്ചു പ്രയാസമാകും). ഈ സമയത്ത് അടുത്ത സ്റ്റൗവിൽ പാല് തിളപ്പിക്കാൻ ആയിട്ട് വെക്കാം. ചെറുപയർ വറുത്തു കഴിഞ്ഞ് നല്ലതുപോലെ ചൂടാറി കഴിഞ്ഞാൽ പരിപ്പ് കഴുകി ഒരു കുക്കറിലേയ്ക്ക് ഇട്ട ശേഷം പരിപ്പിന് മുകളിൽ വെള്ളം നിൽക്കത്തക്ക വിധത്തിൽ വെള്ളം ഒഴിച്ച് വേവിക്കാൻ ആയിട്ട് വെക്കാം. വലിയ കുക്കർ ആണെങ്കിൽ രണ്ട് വിസിൽ മതിയാകും, ആവി മുഴുവൻ പോയി തുറന്നു കഴിഞ്ഞാൽ ഇത് കറക്റ്റ് ആയിട്ട് വെന്തു വന്നിട്ടുണ്ടാവും. ഇനി മറ്റൊരു പാത്രത്തിൽ ശർക്കര വെള്ളം ഒഴിച്ച് ഉരുക്കാൻ ആയിട്ട് വെക്കണം.
ശേഷം ഉരുളിയിലേയ്ക്ക് നെയ്യ് ഒഴിച്ച് അണ്ടിപരിപ്പ്, കിസ്മിസ്, തേങ്ങാക്കൊത്ത് എന്നിവ വറുത്തെടുക്കാം. ബാക്കി വരുന്ന നെയ്യിൽ തന്നെ വേവിച്ചുവെച്ച പായസപ്പരിപ്പ് ഒന്ന് ചൂടാക്കി എടുക്കണം. ഇനി നേരത്തെ ഉരുക്കിവെച്ച ശർക്കര ഇതിലേക്ക് അരിച്ചൊഴിച്ച് നന്നായിട്ട് കുറുക്കിയെടുക്കണം. നന്നായിട്ട് കുറുകി വന്നു കഴിഞ്ഞാൽ നേരത്തെ തിളപ്പിച്ചു വെച്ച പാൽ മീഡിയം ചൂടോടെ തന്നെ ഇതിലേക്ക് ഒഴിച്ചു കൊടുക്കണം. ഒഴിച്ച് കൊടുക്കുമ്പോൾ കൈവിടാതെ ഒരു കൈകൊണ്ട് ഇളക്കി കൊടുക്കുകയും വേണം.
ഇനി ഇത് അധികം നേരം തിളപ്പിക്കേണ്ട ആവശ്യം ഇല്ല, രണ്ട് മിനിറ്റ് ചൂടായി കഴിഞ്ഞാൽ ഇതിലേക്ക് ഏലക്കാപ്പൊടിയും ഉപ്പും ചേർത്ത് ഇളക്കി വാങ്ങി വെക്കാം. ഇനി ഇതിലേക്ക് നേരത്തെ വറുത്തുവെച്ച അണ്ടിപ്പരിപ്പ്, കിസ്മിസ്, തേങ്ങാക്കൊത്ത് എന്നിവ ഇട്ട് ഇളക്കി എടുത്താൽ പായസം റെഡിയായി. കുറച്ചുകൂടി ഒന്ന് ചൂടാറി കഴിയുമ്പോൾ പായസം ഒന്നുകൂടി കുറുകി കിട്ടും. ഇതോടെ സംഭവം റെഡി.