റെസ്റ്റോറന്റ് രുചിയില്‍ പനീര്‍ ടിക്ക ഉണ്ടാക്കാം

tikka

ചേരുവകള്‍

സവാള-1
കാപ്‌സിക്കം-1
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്-1 ടീസ്പൂണ്‍
പനീര്‍-200 ഗ്രാം
കട്ട തൈര്-200 ഗ്രാം
കശ്മീരി മുളകുപൊടി-2 ടീസ്പൂണ്‍
മല്ലിപ്പൊടി-1 ടീസ്പൂണ്‍
മഞ്ഞള്‍ പൊടി-1/2 ടീസ്പൂണ്‍
ഗരം മസാല പൊടി-1/2 ടീസ്പൂണ്‍
ജീരകം പൊടി-1 ടീസ്പൂണ്‍
ഉണങ്ങിയ മാങ്ങാപ്പൊടി-1 ടീസ്പൂണ്‍
അയമോദകം-1 ടീസ്പൂണ്‍
ചാട്ട് മസാല-1 ടീസ്പൂണ്‍
കുരുമുളക് പൊടി-1/2 ടീസ്പൂണ്‍
ഉപ്പ്-1/2 ടീസ്പൂണ്‍
നാരങ്ങ നീര്-1 1/2 ടീസ്പൂണ്‍
കടുക് എണ്ണ (ആവശ്യമെങ്കില്‍)-1 ടീസ്പൂണ്‍


പാചകം ചെയ്യുന്ന രീതി

സവാള തൊലി കളഞ്ഞ് ചതുരാകൃതിയില്‍ മുറിക്കുക. അതുപോലെ കാപ്‌സിക്കം, തക്കാളി എന്നിവയും മുറിച്ചെടുക്കുക. പനീറും ചതുര കഷ്ണങ്ങളാക്കി മുറിച്ചെടുക്കുക.

ടിക്ക മാരിനേറ്റ് ചെയ്യുന്ന വിധം

തൈര് ഒരു പാത്രത്തില്‍ നല്ലതുപോലെ കട്ടയുടച്ചു വെയ്ക്കുക. ഇതിലേയ്ക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റും മറ്റു മസാലകളും ചേര്‍ക്കുക. അര ടീസ്പൂണ്‍ ഉപ്പും ചേര്‍ത്തുകൊടുക്കുക. ഇതിലേയ്ക്ക് ചെറുനാരങ്ങാനീരും കടുകെണ്ണയും ചേര്‍ക്കണം. കടുകെണ്ണയ്ക്ക് പകരം മറ്റെതെങ്കിലും എണ്ണ ഉപയോഗിച്ചാലും നല്ലതാണ്. ഇവയെല്ലാം നന്നായി യോജിപ്പിക്കുക.

ഇതിലേയ്ക്ക് സവാള, ക്യാപ്സിക്കം, പനീര്‍ എന്നിവ ചേര്‍ത്ത് പതുക്കെ ഇളക്കുക, മസാല എല്ലാം നന്നായി പിടിപ്പിക്കാനായി യോജിക്കുമ്പോള്‍ പനീറിന്റെ ആകൃതി നഷ്ടമാകാതെ ശ്രദ്ധിക്കണം. ഇനി ഫ്രിഡ്ജില്‍ വെച്ച് രണ്ടു മണിക്കൂറെങ്കിലും മാരിനേറ്റ് ചെയ്യണം.

ഗ്രില്‍ ചെയ്യുന്ന വിധം

ഓവനില്‍ വെച്ച് ഗ്രില്‍ ചെയ്‌തെടുക്കുന്നതാണ് ശരിയായി രീതി. ഓവന്‍ ചൂടാക്കിയ ശേഷം പച്ചക്കറികളും പനീറും സ്റ്റിക്കില്‍ മാറി മാറി ത്രെഡ് ചെയ്തു വെക്കണം. അതിനുശേഷം, ഒരു ട്രേയില്‍ അലുമിനിയം ഫോയില്‍ വയ്ക്കുക, തയ്യാറാക്കിയ പനീര്‍ ടിക്ക സ്റ്റിക്ക് അതില്‍ വയ്ക്കണം. മുകളില്‍ അല്‍പം എണ്ണ തേച്ച് പ്രീ ഹീറ്റ് ചെയ്ത ഓവനില്‍ മുകളിലെ റാക്കില്‍ ട്രേ വയ്ക്കുക.ഏഴു മുതല്‍ 10 മിനിറ്റ് വരെ ഗ്രില്‍ ചെയ്യാം. എന്നിട്ട് ഓവനില്‍ നിന്ന് ട്രേ പുറത്തെടുത്ത്, പനീര്‍ ടിക്ക തിരിച്ചവച്ച് മുകളില്‍ അല്‍പം എണ്ണ പുരട്ടി വീണ്ടും റാക്കില്‍ തിരികെ വയ്ക്കണം. പനീറിന്റെയും പച്ചക്കറികളുടെയും അരികുകള്‍ ഗോള്‍ഡന്‍ ബ്രൗണ്‍ അല്ലെങ്കില്‍ വേവുന്ന വരെ ഏകദേശം മൂന്നു മുതല്‍ അഞ്ചു മിനിറ്റ് വരെ ഗ്രില്‍ ചെയ്യുന്നത് തുടരുക.പനീര്‍ ടിക്കയില്‍ ചാട്ട് മസാലയും നാരങ്ങാനീരും വിതറി പുതിന ചട്‌നി, ഉള്ളി കഷ്ണങ്ങള്‍, നാരങ്ങ കഷ്ണങ്ങള്‍ എന്നിവയ്ക്കൊപ്പം വിളമ്പാം.
 

Tags