ഓണത്തിന് തയ്യാറാക്കാം ഉഗ്രൻ രുചിയിലൊരു ചെറുപയർ ഈന്തപ്പഴം പായസം
വേണ്ട ചേരുവകൾ
ചെറുപയർ - ഒന്നര കപ്പ്
വെള്ളം - 3 കപ്പ്
ശർക്കര - 350 ഗ്രാം
വെള്ളം -1 കപ്പ്
നെയ്യ് - ഒരു ടീസ്പൂൺ
ഈന്തപ്പഴം -15 എണ്ണം
കുതിർക്കാനുള്ള വെള്ളം - 2 ടേബിൾസ്പൂൺ
തേങ്ങയുടെ രണ്ടാം പാൽ - രണ്ടര കപ്പ്
ഒന്നാം പാൽ - മൂന്നര കപ്പ്
ഏലയ്ക്കാപ്പൊടി - അര ടീസ്പൂൺ
ഉപ്പ് - ഒരു നുള്ള്
കശുവണ്ടി, കിസ്മിസ്, തേങ്ങാകൊത്ത്- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ചെറുപയർ നല്ലതുപോലെ കഴുകി വാരിയ ശേഷം ഒരു കുക്കറിലേക്ക് ഇട്ട് വെള്ളം ഒഴിച്ച് ഏഴ് വിസിൽ വരുന്നതുവരെ വേവിച്ചെടുക്കാം. ശർക്കര 1 കപ്പ് വെള്ളത്തിൽ ഉരുക്കി എടുക്കണം. മറ്റൊരു പാത്രത്തിൽ ഈന്തപ്പഴം എടുത്ത് അല്പം വെള്ളത്തിൽ 10 മിനിറ്റ് കുതിർത്തു വച്ചശേഷം മിക്സിയിൽ ഒന്ന് അടിച്ചെടുക്കണം (നല്ലതുപോലെ അരയണമെന്നില്ല). ഇനി വേവിച്ചുവെച്ച ചെറുപയർ അടിച്ച് കട്ടിയുള്ള ഒരു ഉരുളിയിലേക്ക് മാറ്റാം. ഇതിലേക്ക് ഉരുക്കി വെച്ച ശർക്കര നീര് അരിച്ച് ഒഴിക്കണം. ഒരു ടീസ്പൂൺ നെയ്യ് കൂടി ചേർത്ത ശേഷം ചെറുപയർ ശർക്കര നീരിൽ കുറുകുന്നത് വരെ വേവിക്കണം. ഇതിലേക്ക് രണ്ടാം പാൽ ഒഴിച്ച് കുറുക്കിയെടുക്കാം.
ഇനി ഒരു നുള്ള് ഉപ്പ് കൂടി ചേർത്ത് കൊടുക്കാം. കുറുകി വരുമ്പോൾ അരച്ചുവെച്ച ഈന്തപ്പഴം ചേർത്ത് നല്ലതുപോലെ ഇളക്കിയശേഷം ഏലയ്ക്കാപ്പൊടി കൂടി ചേർത്തു കൊടുക്കണം. ഇനി ഇതിലേയ്ക്ക് കട്ടിയുള്ള തേങ്ങാപ്പാൽ ചേർത്ത് ഒരു മിനിറ്റ് തിളച്ചു കഴിഞ്ഞാൽ തീ ഓഫ് ചെയ്യാം. ശേഷം കശുവണ്ടി, കിസ്മിസ്, തേങ്ങാക്കൊത്ത് എന്നിവ നെയ്യിൽ വറുത്ത ശേഷം പായസത്തിലേയ്ക്ക് ചേർത്തു കൊടുത്താൽ ചെറുപയർ ഈന്തപ്പഴം പായസം റെഡി.