കിടിലന്‍ ടേസ്റ്റില്‍ തേനൂറും പാല്‍ കേക്ക് ഇതാ

milkcake
milkcake

ആവശ്യമുള്ള ചേരുവകള്‍

മൈദ- 2 കപ്പ്
ബേക്കിംഗ് പൌഡര്‍ - 1 ടേബിള്‍ സ്പൂണ്‍
ബേക്കിംഗ് സോഡാ - ഒരു നുള്ള്
നെയ്യ് - കാല്‍ കപ്പ്
അധികം പുളിയില്ലാത്ത കട്ട തൈര് - 3 ടേബിള്‍ സ്പൂണ്‍
മുട്ടയുടെ വെള്ള - 1
പാല്‍ - 2 ടേബിള്‍ സ്പൂണ്‍
പഞ്ചസാര - 1 ടേബിള്‍ സ്പൂണ്‍
എണ്ണ - വറുത്തെടുക്കാന്‍ പാകത്തിന്
പഞ്ചസാര പാനി തയ്യാറാക്കാന്‍
പഞ്ചസാര - 2 കപ്പ്
വെള്ളം - 1 കപ്പ്
ഏലക്ക - 2
നാരങ്ങാ നീര് - 1 ടേബിള്‍ സ്പൂണ്‍

തയ്യാറാക്കുന്ന വിധം

പാല്‍കേക്ക് തയ്യാറാക്കുന്നതിന് വേണ്ടി ആദ്യം തന്നെ മൈദയും ബേക്കിംഗ് സോഡയും ബേക്കിംഗ് പൗഡറിന് ഒരുമിച്ചു ചേര്‍ത്ത് നല്ലതുപോലെ അരിച്ചെടുക്കേണ്ടതാണ്. അതിന് ശേഷം ഇതിലേക്ക് അല്‍പം നെയ്യും ചേര്‍ത്ത് നല്ലതുപോലെ മിക്‌സ് ചെയ്യുക. ശേഷം മറ്റൊരു പാത്രത്തില്‍ തൈര്, പാല്‍ , മുട്ടയുടെ വെള്ള, പഞ്ചസാര എന്നിവ നല്ലതുപോലെ മിക്‌സ് ചെയ്ത് വെക്കണം. ഈ മിശ്രിതം നല്ലതുപോലെ ചേര്‍ത്ത് ഇത് മൈദ ചേരുവയിലേക്ക് ചേര്‍ക്കണം. പിന്നീട് കുഴച്ച് അരമണിക്കൂറോളം മാറ്റി വെക്കേണ്ടതാണ്.

ഈ സമയം പഞ്ചസാര പാനി തയ്യാറാക്കുന്നതിനായി പഞ്ചസാരയും വെള്ളവും ഏലക്കായും ചേര്‍ത്ത് 4-5 മിനിറ്റ് തിളപ്പിച്ച് നൂല്‍പ്പരുവത്തില്‍ മാറ്റി വെക്കണം. പിന്നീട് നമ്മള്‍ കുഴച്ച് മാറ്റി വെച്ച മാവ് അല്‍പം കനത്തില്‍ പരത്തി ദീര്‍ഘ ചതുരാകൃതിയില്‍ മുറിച്ചെടുക്കുക. പിന്നീട് ഇത് വറുത്തെടുക്കുന്നതിന് വേണ്ടി അല്‍പം എണ്ണ ചൂടാക്കി ഇതിലേക്ക് കേക്കുകള്‍ ഓരോന്നായി ഇട്ടു കൊടുക്കുക. ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാവുമ്പോള്‍ വറുത്ത് കോരി പഞ്ചസാര പാനിയില്‍ ഇട്ട് വെക്കുക. പിന്നീട് മാറ്റി വെക്കുക. അല്‍പം കഴിഞ്ഞ് ഇളം ചൂടോടെ കഴിക്കാവുന്നതാണ്.

Tags