ഇനി വീട്ടിലുണ്ടാക്കാം മാഞ്ഞാലി ബിരിയാണി

രുചിയൂറും ‘മാഞ്ഞാലി ബിരിയാണി’ കഴിച്ചവരുണ്ടോ..?
രുചിയൂറും ‘മാഞ്ഞാലി ബിരിയാണി’ കഴിച്ചവരുണ്ടോ..?

ചേരുവകൾ

1. ചിക്കൻ മസാല

ചിക്കൻ – ഒരു കിലോ

മുളകുപൊടി – 2 ടേബിൾ സ്പൂൺ

മഞ്ഞൾപ്പൊടി – ഒരു ടീ സ്പൂൺ

ഗരം മസാല – ഒന്നര ടേബിൾ സ്പൂൺ

മല്ലിപ്പൊടി– രണ്ടര ടേബിൾ സ്പൂൺ

സവാള– 3 എണ്ണം

തക്കാളി– 2 എണ്ണം

ഇഞ്ചി–വെളുത്തുള്ളി പേയ്സ്റ്റ്– ഒന്നര ടേബിൾ സ്പൂൺ

വെള്ളം– ആവശ്യത്തിന്

എണ്ണ– 5 ടേബിൾ സ്പൂൺ

നെയ്യ്– ഒരു ടേബിൾ സ്പൂൺ

ചെറിയ ഉള്ളി– 8 എണ്ണം

നാരങ്ങ നീര്– രണ്ട് ടീ സ്പൂൺ

പച്ചമുളക്– 2 എണ്ണം

മല്ലിയില– ഒരു പിടി

ഉപ്പ്– ആവശ്യത്തിന്

കറിവേപ്പില– ഒരു പിടി
2. ബിരിയാണി ചോറിന്

ജീരകശാല/കൈമ അരി– 3 കപ്പ്

നെയ്യ്– 3 ടേബിൾ സ്പൂൺ

എണ്ണ– 3 ടേബിൾ സ്പൂൺ

സവാള– ഒരെണ്ണം

കാരറ്റ്– ഒരെണ്ണം

പെരുംജീരകം– ഒരു ടീ സ്പൂൺ

വെളുത്തുള്ളി– അര ടേബിൾ സ്പൂൺ

പട്ട– ചെറിയ കഷ്ണം

ഏലയ്ക്ക– 3 എണ്ണം

ഗ്രാമ്പു– 3 എണ്ണം

തക്കോലം– 2 എണ്ണം

പൈനാപ്പിൾ കഷ്ണം– ആവശ്യത്തിന്

വെള്ളം – നാലര കപ്പ്

ഉപ്പ്– ആവശ്യത്തിന്
തയാറാക്കുന്ന വിധം

ചിക്കനിലേക്ക് ഒരു ടേബിൾ സ്പൂൺ മുളകുപൊടി, അര ടീ സ്പൂൺ മഞ്ഞൾപ്പൊടി, അര ടേബിൾ സ്പൂൺ ചെറുനാരങ്ങയുടെ നീര്, ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് നന്നായി തിരുമ്മി  വയ്ച്ച ശേഷം ചിക്കൻ വേവിക്കണം.

ഇതിനായി ഒരു പാത്രത്തിൽ 2 ടേബിൾ സ്പൂൺ എണ്ണ ഒഴിക്കുക.  അതിലേക്ക് ചിക്കൻ കഷ്ണങ്ങൾ ഇട്ടു കൊടുത്തു ഹൈ ഫ്ലെയ്മിൽ നന്നായി ഇളക്കുക. ശേഷം മുക്കാൽ കപ്പ് വെള്ളം ഒഴിച്ച് ചിക്കൻ പത്ത് മിനിറ്റ് വേവിക്കുക.

പത്ത് മിനിറ്റിനു ശേഷം വെന്ത ചിക്കനും അതിന്റെ ഗ്രേവിയും വേർതിരിക്കുക. ശേഷം അതേ പാത്രത്തിൽ 3–4 ടേബിൾ സ്പൂൺ എണ്ണ ഒഴിച്ചു അതിൽ ചിക്കൻ കഷ്ണങ്ങൾ വറുത്തെടുത്തു മാറ്റുക

ചിക്കൻ വറുത്തെടുത്ത എണ്ണയിൽ ഒരു പിടി കറിവേപ്പില ഇടുക. പിന്നെ 3 സവാളയും ചെറിയ ഉള്ളിയും നേരിയതായി അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റിയെടുക്കുക. പിന്നാലെ രണ്ട് തക്കാളി, ഒന്നര ടേബിൾ സ്പൂൺ ഇഞ്ചി–വെളുത്തുള്ളി പേയ്സ്റ്റ്, പച്ചമുളക് അരിഞ്ഞതും, ഉപ്പും ചേർത്ത് വീണ്ടും നന്നായി അഞ്ച് മിനിറ്റോളം വഴറ്റുക

ശേഷം ഇതിലേക്ക് രണ്ടര ടേബിൾ സ്പൂൺ മല്ലിപ്പൊടി, അര ടീ സ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടേബിൾ സ്പൂൺ മുളകുപൊടി, ഒന്നര ടേബിൾ സ്പൂൺ ഗരം മസാല, അര ടീ സ്പൂൺ നാരങ്ങാ നീര് എന്നിവ ചേർത്തു നന്നായി വഴറ്റുക.

കൂട്ട് നന്നായി വഴറ്റിയതിന് ശേഷം ഇതിലേക്ക് ചിക്കൻ വേവിച്ച വെള്ളം ചേർത്ത് ഇളക്കുക. ഇതിലേക്ക് വറുത്തു വച്ചിരിക്കുന്ന ചിക്കൻ ചേർത്തു യോജിപ്പിക്കുക. ശേഷം രണ്ട് ടേബിൾ സ്പൂൺ നെയ്യും മല്ലിയിലയും ചേർത്ത് ഇളക്കി അടുപ്പിൽ നിന്ന് മാറ്റാം.

ബിരിയാണി ചോറിന് 3 കപ്പ് അരി  നന്നായി കഴുകി കുതിരാനായി വെള്ളത്തിൽ ഇട്ടു വയ്ക്കുക.

ബിരിയാണി ഉണ്ടാക്കുന്ന പാത്രത്തിൽ 4 ടേബിൾ സ്പൂൺ നെയ്യും എണ്ണയും ചേർക്കുക. ശേഷം ഒരു സവാള അരിഞ്ഞത് വറുത്തെടുക്കുക. സവാള വറുത്തു മാറ്റിയ എണ്ണയിലേക്ക് പട്ട, ഏലയ്ക്ക, ഗ്രാമ്പു, തക്കോലം എന്നിവ ചേർത്തിളക്കുക. ഇതിലേക്ക് ഒരു ടീ സ്പൂൺ പെരും ജീരകവും അര ടീ സ്പൂൺ വെളുത്തുള്ളിയും ചേർത്ത് നന്നായി വഴറ്റുക. ഈ കൂട്ട് വഴറ്റിയതിനു ശേഷം ഇതിലേക്ക് നാലര കപ്പ് വെള്ളം ചേർത്ത് തിളപ്പിക്കുക.

വെള്ളം തിളച്ചതിനു ശേഷം ഇതിലേക്ക് ആവശ്യത്തിന് ഉപ്പും കുതിർത്ത് വച്ച അരി  ചേർക്കുക. ശേഷം ലോ ഫ്ലെയ്മിൽ അരി വേവിച്ചെടുക്കുക. അരി പാതി വേവുമ്പോൾ ഇതിലേക്ക് ഗ്രേറ്റ് ചെയ്ത കാരറ്റും പൈനാപ്പിൾ കഷ്ണങ്ങളും വറുത്ത വച്ച സവാളയും മല്ലിയിലയും ചേർത്ത് അരി വേവിച്ചെടുക്കുക. ശേഷം വിളമ്പുക.

Tags