മലബാർ സ്പെഷ്യൽ കൂന്തൾ നിറച്ചത്; ചായയ്‌ക്കൊപ്പം ഇനി വേറൊന്നും വേണ്ട..

koonthal

ആവശ്യമായവ

1.കൂന്തൽ – 10, ഇടത്തരം വലുപ്പമുള്ളത്
2.മുളകുപൊടി – ഒന്നര ചെറിയ സ്പൂൺ
മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ
പെരുംജീരകംപൊടി – കാല്‍ ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
3.എണ്ണ – പാകത്തിന്
4.സവാള – മൂന്ന്, അരി‍ഞ്ഞത്
പച്ചമുളക് – മൂന്ന്, അരിഞ്ഞത്
5.തേങ്ങ ചുരണ്ടിയത് – കാൽ കപ്പ്
6.കറിവേപ്പില – ഒരു തണ്ട്
മല്ലിയില അരിഞ്ഞത് – അര വലിയ സ്പൂൺ
7.കോഴിമുട്ട – ഒന്ന്
മുളകുപൊടി – ഒരു ചെറിയ സ്പൂൺ
മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്

തയ്യാറാക്കുന്നവിധം 

കൂന്തൽ തല മാറ്റി നന്നായി കഴുകി വൃത്തിയാക്കുക. കൂന്തലിന്റെ തലഭാഗം വൃത്തിയാക്കിയതും രണ്ടു കൂന്തലും പൊടിയായി അരിയണം.
ഇതൊരു ചീനച്ചട്ടിയിലാക്കി രണ്ടാമത്തെ ചേരുവ ചേർത്തു യോജിപ്പിച്ച് വെള്ളം ചേർക്കാതെ വേവിച്ച ശേഷം അൽപം എണ്ണയൊഴിച്ച് വരട്ടിയെടുക്കുക.

ഇതേ ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി സവാളയും പച്ചമുളകും വഴറ്റണം.
നന്നായി വഴന്ന ശേഷം തേങ്ങ ചേർത്തിളക്കുക. ഇതിൽ വേവിച്ച കൂന്തലും കറിവേപ്പിലയും മല്ലിയിലയും ചേർത്ത് ഇളക്കി യോജിപ്പിച്ചു വാങ്ങുക.

വൃത്തിയാക്കി വച്ചിരിക്കുന്ന കൂന്തലുകൾക്കുള്ളിൽ തയാറാക്കിയ ഫില്ലിങ് നിറച്ച് തുറന്ന ഭാഗം ടൂത്തപിക്ക് കൊണ്ടു കുത്തി ഉറപ്പിക്കുക.
തയാറാക്കിയ കൂന്തലുകൾ, യോജിപ്പിച്ചു വച്ചിരിക്കുന്ന ഏഴാമത്തെ ചേരുവയിൽ മുക്കി ഒരു മണിക്കൂർ വയ്ക്കണം. ചൂടായ എണ്ണയിൽ മൂടി വച്ച് വറുത്തെടുക്കാം.
 

Tags