എരിവ് ഇഷ്ടമുള്ളവരണോ ? എന്നാൽ ഈ പലഹാരം തയ്യാറാക്കി നോക്കൂ
ചേരുവകൾ
ചിക്കൻ അരക്കിലോ
മുട്ട, പച്ചമുളക് ആറെണ്ണം വീതം
ഇഞ്ചി, വെളുത്തുള്ളി അരച്ചത് രണ്ടു സ്പൂൺ
സവാള പൊടിയായി അരിഞ്ഞത് മൂന്നെണ്ണം
റൊട്ടി എട്ടെണ്ണം
മുളകുപൊടി ഒരു സ്പൂൺ
മല്ലിപ്പൊടി ഒരു സ്പൂൺ
കുരുമുളകുപൊടി, മഞ്ഞൾപൊടി അര ടീസ്പൂൺ വീതം
ചിക്കൻ മസാല രണ്ടു ടീസ്പൂൺ
ഗരംമസാല അര ടീസ്പൂൺ
മല്ലിയില അരിഞ്ഞത് ഒരു ടേബിൾ സ്പൂൺ
സേമിയ,
എണ്ണ ആവശ്യത്തിന്
ഉപ്പ് പാകത്തിന്
കിളിക്കൂട് അപ്പം തയ്യാറാക്കുന്ന വിധം
ചിക്കനിൽ ആവശ്യത്തിനുള്ള ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് വേവിച്ച് ഇറച്ചിമാത്രം അടർത്തിയെടുത്ത് നല്ല മയത്തിൽ മിക്‌സിയിൽ അരച്ചെടുക്കുക. അഞ്ചു മുട്ട പുഴുങ്ങി വെക്കുക. ഒരു പാനിൽ എണ്ണ ചൂടാക്കി സവാള, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി അരച്ചത് എന്നിവ ചേർത്ത് നല്ലപോലെ വഴറ്റണം.
ഇതിലേക്ക് പാകത്തിനുള്ള ഉപ്പും വേവിച്ച് അരച്ച ഇറച്ചി, മുളകുപൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, കുരുമുളകുപൊടി, ഗരംമസാല, ചിക്കൻ മസാല എന്നിവ ചേർത്ത് വഴറ്റി അടുപ്പിൽ നിന്ന് വാങ്ങണം.
റൊട്ടിക്കഷണങ്ങൾ വെള്ളത്തിൽ മുക്കി പിഴിഞ്ഞെടുത്ത ശേഷം തയ്യാറാക്കി വെച്ച മസാലയിൽ ചേർത്ത് നല്ലവണ്ണം കുഴച്ച് യോജിപ്പിക്കണം. ഇതിൽ നിന്ന് അഞ്ചോ ആറോ ഉരുളകൾ ഉരുട്ടി പത്തിരി പ്രസിൽ അലുമിനിയം ഫോയിലോ പ്ലാസ്റ്റിക് കവറോ വച്ച് അൽപം എണ്ണ തടവി തയ്യാറാക്കിയ ഉരുളവച്ച് മറ്റൊരു കവർകൊണ്ട് മൂടുക.
അതിനുശേഷം അച്ച് അമർത്തി പൂരിയുടെ വലിപ്പത്തിൽ പരത്തുക. ഇതിനകത്ത് പുഴുങ്ങിയ മുട്ട വച്ച് കവർ ചെയ്ത് ഉരുട്ടിയെടുക്കുക. ബാക്കി രണ്ട് മുട്ട അടിച്ച് വെക്കുക. ഇതിൽ ഉരുട്ടിയെടുത്ത ഉരുള മുക്കിയെടുത്ത് സേമിയയിൽ ഒരുപോലെ പൊതിയണം. എണ്ണ ചൂടാകുമ്പോൾ രണ്ടെണ്ണം വീതം ഇടുക. എന്നിട്ട് സ്വർണനിറത്തിൽ പൊരിച്ചെടുക്കുക.