കുട്ടിക്കൂട്ടത്തിന് രുചികരമായ പഴം ജാം നൽകിയാലോ?
വേണ്ട വിഭവങ്ങൾ
1. അധികം പഴുക്കാത്ത പാളയൻകോടൻപഴം – രണ്ടരക്കിലോ, തൊലി കളഞ്ഞു വട്ടത്തിൽ അരിഞ്ഞത്
ഗ്രാമ്പൂ – 14
കറുവാപ്പട്ട – ഒരിഞ്ചു നീളമുള്ള ആറു കഷണം
2. അധികം പഴുക്കാത്ത കറുത്ത മുന്തിരി – അരക്കിലോ
3. പഞ്ചസാര – 12 കപ്പ്
സിട്രിക് ആസിഡ് – ഒരു ചെറിയ സ്പൂൺ
പഴം ജാം പാകം ചെയ്യുന്ന വിധം
ഒന്നാമത്തെ ചേരുവ നികക്കെ വെള്ള മൊഴിച്ചു വേവിക്കുക. ഇതു ഞെരടിപ്പിഴിഞ്ഞ് ഒരു മസ്‌ലിൻ തുണിയിലൂടെ അരിച്ചെടുക്കണം. ഏകദേശം 20 കപ്പ് ഉണ്ടാകും. മുന്തിരി നാലു കപ്പ് വെള്ളം ചേർത്ത് ഞെരടിപ്പിഴിഞ്ഞ് അരിച്ചെടുക്കുക. ഇത് പഴം മിശ്രിതത്തിൽ ചേർക്കണം.
ഇത് ഏകദേശം 24 കപ്പ് ഉണ്ടാകണം. ഇതിലേക്ക് പഞ്ചസാരയും സിട്രിക് ആസിഡും ചേർത്തു പാനിലാക്കി തടിത്തവി കൊണ്ട് തുടരെയിളക്കുക. ഒരു നൂൽ പരുവത്തിൽ ഒരുവിധം കുറുകുമ്പോൾ വാങ്ങി ചൂടോടെ കുപ്പികളിലാക്കാം. ചൂടാറിയ ശേഷം മുകളിൽ കാണുന്ന വെളുത്ത പത നീക്കം ചെയ്യുക.