ഇന്ന് കൊഴുക്കട്ട ശനി; തയ്യാറാക്കാം മധുരമൂറും കൊഴുക്കട്ടകൾ..

google news
kozhukkatta shani

പുരാതന ക്രിസ്ത്യാനികള്‍ വലിയനോമ്പിന്റെ നാല്പത്തൊന്നാം ദിവസമാണ് 'കൊഴുക്കട്ട ശനി' ആഘോഷിക്കുന്നത്. കർത്താവ് നാൽപതു നാൾ ഉപവസിച്ചതിന്റെ ഓർമ്മയ്ക്കായും, അവസാന പത്തു ദിവസമായ വിശുദ്ധവാരത്തിനു മുന്നൊരുക്കമായും ആണ് ഓശാനയുടെ തലേ ശനിയാഴ്ചയായ നാൽപത്തിയൊന്നാം നാൾ വിശേഷമായി ആചരിക്കുന്നത്. ശനിയാഴ്ച വൈകുന്നേരം ക്രൈസ്തവ ഭവനങ്ങളില്‍ കൊഴുക്കട്ട ഉണ്ടാക്കും. 

ഇതിന് പിന്നിലൊരു കഥയുണ്ട്. പെസഹായ്ക്ക് ആറു ദിവസം മുൻപ്, ജറുസലേമിലേക്കുള്ള യാത്രയ്ക്കിടയില്‍ ഈശോ ലാസറിന്‍റെ(ഈ ലാസറിനെയാണ് മരിച്ച് മൂന്നാം ദിവസം ഈശോ ഉയര്‍പ്പിച്ചത്) ഭവനത്തിലെത്തുമ്പോൾ ലാസറിന്‍റെ സഹോദരിമാരായ മര്‍ത്തായും മറിയവും തിടുക്കത്തില്‍ മാവുകുഴച്ചുണ്ടാക്കിയ വിഭവം കൊണ്ട് ഈശോയ്ക്ക് വിരുന്നു നൽകി. വലിയ വിരുന്നായ പെസഹായ്ക്കു മുൻപ് ഈശോ ഭക്ഷിച്ച അവസാനത്തെ വിരുന്നായിരുന്നു അത്. ആ വിരുന്നിന്‍റെ ഓര്‍മയാണ് കൊഴുക്കട്ട ശനിയാഴ്ചകളില്‍ അനുസ്മരിക്കുന്നത്. അതുകൊണ്ട് തന്നെ ഈ ദിവസത്തെ ലാസറിന്റെ ശനിയാഴ്ച എന്നും പറയും.

രണ്ടു തരത്തിൽ കൊഴുക്കട്ട തയ്യാറാക്കാം..

ആവശ്യമായവ 

വറുത്ത അരിപ്പൊടി – 2 കപ്പ്
വെള്ളം – 3 കപ്പ്
ഉപ്പ് – പാകത്തിന്
പഞ്ചസാര – 1 ടീസ്പൂൺ
നെയ്യ് – 3 ടീസ്പൂൺ
ശർക്കര – 125 ഗ്രാം
വെള്ളം – 1/2 കപ്പ്
തേങ്ങ ചിരകിയത് – 2.3/4 കപ്പ്
ജീരകംപൊടി – ¼ ടീസ്പൂൺ
ഏലയ്ക്കാപ്പൊടി – ¼ ടീസ്പൂൺ

തയ്യാറാക്കുന്നവിധം 

വറുത്ത അരിപ്പൊടി തിളച്ച വെള്ളത്തിൽ 2 ടീസ്പൂണ്‍ വെളിച്ചെണ്ണയും ഉപ്പും ചേർത്ത് മിക്സ്‌ ചെയ്തു വെക്കുക. ശർക്കര പൊടിച്ചു 1/4 കപ്പ് വെള്ളത്തിൽ ഉരുക്കി അരിച്ചെടുക്കാം. ഇതിലേക്ക് 1 1/2 കപ്പ് തേങ്ങ ചിരവിയത് ചേർത്ത് വെള്ളം വറ്റിച്ചെടുക്കണം. 1/4 ടീസ്പൂണ്‍ ഏലക്കാപ്പൊടിയും ചേർക്കാം.

ഇനി പഞ്ചസാര 1/4 കപ്പ് വെള്ളം ചേര്‍ത്ത് ഉരുക്കി 1 1/2 കപ്പ് തേങ്ങ ചിരവിയത് ചേർത്ത് വെള്ളം വറ്റിച്ചെടുക്കാം. ഇതിലേക്കും 1/4 ടീസ്പൂണ്‍ ഏലക്കാപ്പൊടി ചേര്‍ക്കണം.

ഇപ്പോള്‍ അരിപ്പൊടി ചൂടാറി തുടങ്ങിക്കാണും അത് കുഴച്ചു മയപ്പെടുത്തി, ഓരോരൊ ചെറിയ ഉരുളകള്‍ എടുത്തു കൊഴുക്കട്ടയുടെ ആകൃതി ഉണ്ടാക്കി ഫില്ലിംഗ് വെച്ചു ഉരുട്ടിയെടുക്കാം . 

ഇനി 20 മിനിറ്റ് ആവിയില്‍ വേവിക്കുക. ഒന്ന് ചൂടാറിയിട്ട് പ്ലേറ്റിലേക്ക് മാറ്റാം. സ്വാദിഷ്ടമായ കൊഴുക്കട്ടകള്‍ തയ്യാര്‍!


 

Tags