സസ്യാഹാരപാചകത്തിന് പേരുകേട്ട കൂവപ്പടി ഗ്രാമവും ഇവിടത്തെ നളന്മാരും

Koovapady village and its Nalans are famous for their vegetarian cuisine
Koovapady village and its Nalans are famous for their vegetarian cuisine

പാചക്കാരുടെ വീടുകളോട് ചേർന്നുള്ള ദേഹണ്ഡപ്പുരകളിലാണ് നിരവധി തൊഴിലാളികളുടെ പരിശ്രമത്തിൽ സദ്യവട്ടങ്ങളൊരുങ്ങുന്നത്

പെരുമ്പാവൂർ: സസ്യാഹാരപാചകത്തിന് പണ്ടേ പേരുകേട്ടയിടമാണ് കൂവപ്പടി ഗ്രാമം. ഇവിടത്തെ ദേഹണ്ഡപ്പെരുമയ്ക്ക് ഒരു നൂറ്റാണ്ടിന്റെ ചരിത്രം പറയാനാകും. കുടിയേറിപ്പാർത്തവരായ തമിഴ്ബ്രാഹ്മണരുടെ മഠങ്ങൾ ഏറെയുണ്ടായിരുന്ന കൂവപ്പടിയിൽ സസ്യാഹാരശീലത്തിനായിരുന്നു പണ്ട് ഏറെ മുൻ‌തൂക്കം. ഹിന്ദുസമൂഹങ്ങൾക്കിടയിൽ ഇവിടത്തെ നായർ ദേഹണ്ഡക്കാരുടെ സദ്യയ്ക്കായിരുന്നു ഏറെ പ്രിയം. കൂവപ്പടിക്കാരായ പാചകക്കാരുടെ തനതുശൈലിയിലുള്ള വെജിറ്റേറിയൻ സദ്യയ്ക്ക് അന്നും ഇന്നും ഇതര മതവിഭാഗങ്ങൾക്കിടയിലും ആവശ്യക്കാരേറെയാണ്. ഇവിടത്തെ നാടൻ ശൈലിയിലുള്ള നളപാചക്കാരിൽ പ്രശസ്തരായവർ പലരും മണ്മറഞ്ഞു.  

1993-ൽ തൊണ്ണൂറാം വയസ്സിൽ അന്തരിച്ച പുതിയേടത്ത് (കുപ്പശ്ശേരി) ഗോവിന്ദൻ നായരാണ് കൂവപ്പടിയുടെ ചരിത്രത്തിലെ ഏറ്റവും പഴയ പാചകക്കാരൻ. അദ്ദേഹത്തിന്റെ ശിഷ്യ പരമ്പരയിൽ പെട്ട നിരവധിപേർ പിൽക്കാലത്ത് ഈ മേഖലയിൽ അറിയപ്പെടുന്ന പാചകക്കാരായി മാറിയെന്നതും ചരിത്രം. പെരുമ്പാവൂരിലെ പഴയ അരുണ കേഫിലെ പാചകക്കാരനായി വടക്കൻ പറവൂരിൽ നിന്നെത്തിയ സോമൻപിള്ള പിന്നീട് കൂവപ്പടിയിലെ മികച്ച പാചകക്കാരനായി മാറിയതും ഗോവിന്ദൻ നായരുടെ പാചകക്കളരിയിൽ അഭ്യസിച്ചാണ്. വിവാഹസീസണുകളിലും ഓണം, വിഷുക്കാലങ്ങളിലും കൂവപ്പടിയിലെ പാചകക്കാർക്ക് തിരക്കോട് തിരക്കാണ്. വിവാഹസദ്യയ്ക്ക് പാചകക്കാർ വീടുകളിലെത്തി വച്ചുണ്ടാക്കുന്ന പതിവ് ഇന്നില്ല.

Koovapady village and its Nalans are famous for their vegetarian cuisine

പാചക്കാരുടെ വീടുകളോട് ചേർന്നുള്ള ദേഹണ്ഡപ്പുരകളിലാണ് നിരവധി തൊഴിലാളികളുടെ പരിശ്രമത്തിൽ സദ്യവട്ടങ്ങളൊരുങ്ങുന്നത്. കൂവപ്പടി, കൊരുമ്പശ്ശേരി പ്രദേശങ്ങൾ കേന്ദ്രീകരിച്ച്  ചെറുതും വലുതുമായ  സൗകര്യങ്ങളിൽ നിരവധി വെജിറ്റേറിയൻ കാറ്ററിംഗ് ഏജൻസികൾ പ്രവർത്തിയ്ക്കുന്നുണ്ട്. ഇപ്പോഴുള്ള പാചക്കാരിൽ ഏറ്റവും മുതിർന്നയാൾ വലിയമംഗലത്തില്ലം വി. കെ. കൃഷ്ണൻ ഇളയതാണ് (രാജൻ മൂത്തശ്ശൻ).  അന്തരിച്ച പുതിയേടത്ത് നാരായണൻ നായർ, കുപ്പശ്ശേരി രാമൻ നായർ, ശ്രീലക്ഷ്മി കാറ്ററിംഗ് രാമൻ നായർ (രാമു) തുടങ്ങിവരെല്ലാം സ്വാദിഷ്ടവിഭവങ്ങൾ വച്ചുണ്ടാക്കുന്നതിൽ കേമന്മാരായിരുന്നു.

സുന്ദരൻ നെടുമ്പുത്ത്, ഗോപൻ നെടുമ്പുറത്ത്,  സജീവ് നെടുമ്പുറത്ത്, മാടമ്പിള്ളി രാമൻ നായർ, പ്രകാശ് നാരങ്ങാമ്പുറം, രാഹുൽ രാമൻ, കൂവേലി പുത്തൻകോട്ടയിൽ ഗോപാലകൃഷ്ണൻ, കൂടാലപ്പാട് ലക്ഷ്മണയ്യർ, ശ്രാമ്പിയ്ക്കൽ മഠം സഹസ്രനാമ അയ്യർ, വിജയൻ നാടുവാണി,  വേണുഗോപാൽ കൂവപ്പടി തുടങ്ങിയ ഒരു പറ്റം നളപാചകക്കാരാൽ സമ്പന്നമായ ദേഹണ്ഡപ്പെരുമ ഇന്നും കൂവപ്പടിയ്ക്കുണ്ട്. അത്തം മുതൽ  സദ്യവട്ടങ്ങൾ ഒരുക്കുന്ന തിരക്കിലാണ് എല്ലാ പാചകക്കാരും. ഓണസ്സദ്യയും വിവിധതരം പായസങ്ങളും വിതരണം ചെയ്യുന്നതിനായി കൂവപ്പടിയുടെ പലയിടങ്ങളിലും വിതരണകേന്ദ്രങ്ങൾ തുറന്നിട്ടുണ്ട് പലരും. എറണാകുളം ജില്ലയുടെ പലയിടങ്ങളിൽ നിന്നും സദ്യയ്ക്കുള്ള ഓർഡറുകൾ ലഭിയ്ക്കുന്നുണ്ടെന്നും മിതമായ നിരക്കിലാണ് ആവശ്യക്കാർക്ക് എത്തിച്ചുകൊടുക്കുന്നതെന്നും  ഇവിടത്തെ കാറ്ററിംഗ് സർവ്വീസുകാർ പറഞ്ഞു.

Tags