രുചിയൂറും കിളിക്കൂട്
രുചിയുടെ കാര്യത്തില്‍ ആരേയും മയക്കുന്ന മലബാര്‍ വിഭവങ്ങള്‍ വ്യത്യസ്തത കൊണ്ട് സമ്പന്നമാണ്. അത്തരത്തിലുള്ള അതീവ രുചികരമായ ഒരു കിടിലന്‍ പലഹാരമാണ് കിളിക്കൂട്. കാഴ്ചയിലുള്ള പ്രത്യേകതയാണ് ഇതിനെ വ്യത്യസ്തമാക്കുന്ന പ്രധാന ഘടകം. ചെറിയൊരു മുട്ട കഷ്ണത്തെ പൊതിഞ്ഞ ചിക്കനും ഉരുളക്കിഴങ്ങും ചേര്‍ത്ത മസാല അകത്ത്, ചുള്ളിക്കമ്പുകള്‍ പോലിരിക്കുന്ന സേമിയാ കഷ്ണങ്ങള്‍ പുറത്തും. കണ്ടാല്‍ ഒരു കിളിക്കൂട് പോലെതന്നെയിരിക്കുന്ന ഈ മലബാര്‍ സ്നാക്കിന് അസാധ്യരുചിയാണ്.
ചേരുവകള്‍:
• ചിക്കന്‍ - 250 ഗ്രാം
• സവാള - 2 എണ്ണം
• പച്ചമുളക് - 2-3 എണ്ണം
• ഇഞ്ചി, വെളുത്തുള്ളി ചതച്ചത് - 1 ടേബിള്‍ സ്പൂണ്‍
• കറിവേപ്പില - കുറച്ച് (അരിഞ്ഞെടുക്കണം)
• മഞ്ഞള്‍പ്പൊടി - 1/4 ടീസ്പൂണ്‍
• മുളകുപൊടി - 1 1/2 ടീസ്പൂണ്‍
• കുരുമുളകുപൊടി - 1/4 ടീസ്പൂണ്‍
• ഗരം മസാലപ്പൊടി - 1/4 ടീസ്പൂണ്‍
• ഉപ്പ് - പാകത്തിന്
• ഉരുളക്കിഴങ്ങ് - രണ്ടെണ്ണം
• മുട്ട - 3 എണ്ണം
• സേമിയ - ആവശ്യത്തിന്
• എണ്ണ - വറുത്തെടുക്കാന്‍ ആവശ്യത്തിന്
തയാറാക്കുന്ന വിധം
• ചിക്കന്‍ കഴുകി വെള്ളം വാര്‍ന്നശേഷം ഉപ്പും ഒരു നുള്ള് മഞ്ഞള്‍പ്പൊടിയും 1/2 ടീസ്പൂണ്‍ മുളകുപൊടിയും ചേര്‍ത്ത് വേവിച്ച് എല്ല് മാറ്റി മിന്‍സ് ചെയ്തു വയ്ക്കുക.
• ഉരുളക്കിഴങ്ങ് പുഴുങ്ങി നന്നായി ഉടച്ച് ഉപ്പ് ചേര്‍ത്തു വയ്ക്കാം.
• ഫ്രൈയിങ് പാന്‍ സ്റ്റൗവിൽ വച്ച് ചൂടാകുമ്പോള്‍ 2 ടേബിള്‍ സ്പൂണ്‍ എണ്ണ ഒഴിച്ച് ചെറുതാക്കി അരിഞ്ഞ സവാളയും പച്ചമുളകും വഴറ്റുക. ഇതിലേക്ക് ഇഞ്ചി, വെളുത്തുള്ളി എന്നിവ ചതച്ചത് ചേര്‍ത്തു പച്ച മണം മാറുന്നതുവരെ നന്നായി വഴറ്റുക. അതിനുശേഷം മഞ്ഞള്‍പ്പൊടി, കുരുമുളകുപൊടി, ഗരംമസാലപ്പൊടി, മുളകുപൊടി എന്നിവ ചേര്‍ത്ത് മൂത്ത് വരുമ്പോള്‍ മിന്‍സ് ചെയ്ത ചിക്കനും കൂടി ചേര്‍ത്തു വഴറ്റുക.
• വേവിച്ച ഉരുളക്കിഴങ്ങ് ഇതില്‍ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഇനി തണുക്കാനായി മാറ്റിവയ്ക്കാം.
• ഈ സമയത്ത് രണ്ട് മുട്ട പുഴുങ്ങി ഓരോന്നും 4 കഷ്ണങ്ങളാക്കി മുറിച്ചെടുക്കുക.
• തണുക്കാനായി മാറ്റി വച്ച കൂട്ടില്‍ നിന്നും ഓരോ ഉരുളകള്‍ എടുത്ത് കൈയില്‍ വച്ച് ചെറുതായി പരത്തി ഉള്ളില്‍ ഒരു മുട്ടക്കഷ്ണം വച്ച് ഉരുട്ടിയെടുത്ത് ചെറുതായി ഒന്ന് അമര്‍ത്തിയെടുക്കുക. (കിളിക്കൂടിന്റെ ആകൃതി കിട്ടാനാണ് ഇങ്ങനെ ചെയ്യുന്നത്)
• എല്ലാം ഇതുപോലെയാക്കിയശേഷം ആദ്യം മുട്ട അടിച്ചെടുത്തതിലും പിന്നീട് സേമിയ പൊടിച്ചതിലും മുക്കി ചൂടായ എണ്ണയില്‍ ഗോള്‍ഡന്‍ ബ്രൗണ്‍ നിറത്തില്‍ വറുത്തുകോരുക.
ടൊമാറ്റോ കെച്ചപ്പ് കൂട്ടിയോ അല്ലാതെയോ ആസ്വദിക്കാം ഈ കിടിലന്‍ കിളിക്കൂട്.