വൈകുന്നേരത്തെ ചായയ്ക്ക് നല്ല നാടന്‍ കാജ തയ്യാറാക്കിയാലോ
ആവശ്യമായ ചേരുവകള്‍
മൈദ – ഒരു കപ്പ്
ഗോതമ്പുപൊടി – അര കപ്പ്
ഉപ്പ് – കാല്‍ ടീസ്പൂണ്‍
നെയ്യ് – ഒരു ടേബിള്‍സ്പൂണ്‍+കാല്‍ക്കപ്പ്
ഫുഡ് കളര്‍ / മഞ്ഞള്‍പൊടി – കാല്‍ ടീസ്പൂണ്‍
അരിപ്പൊടി – 3 ടേബിള്‍ സ്പൂണ്‍
വെള്ളം – ആവശ്യത്തിന്
എണ്ണ – വറുക്കാന്‍ ആവശ്യത്തിന്
പഞ്ചസാര – ഒരു കപ്പ്
വെള്ളം – അര കപ്പ്
ഏലയ്ക്കാപ്പൊടി – ഒരു ടീസ്പൂണ്‍
തയാറാക്കുന്ന വിധം
ഒരു വലിയ പാത്രത്തില്‍ മൈദ, ഗോതമ്പുപൊടി, ഉപ്പ്, ഒരു ടേബിള്‍ സ്പൂണ്‍ നെയ്യ് ഇവ ചേര്‍ത്ത് കൈകൊണ്ട് നന്നായി തിരുമ്മി യോജിപ്പിക്കുക.
ഇതിലേക്ക് മഞ്ഞ ഫുഡ് കളറോ, മഞ്ഞള്‍പൊടിയോ ചേര്‍ത്ത് യോജിപ്പിക്കുക.(നിറം ചേര്‍ക്കണം എന്ന് നിര്‍ബന്ധം ഇല്ല)
വെള്ളം കുറേശ്ശെ ചേര്‍ത്തു ചപ്പാത്തി മാവിന്റെ പരുവത്തില്‍ കുഴച്ചെടുക്കുക.
അഞ്ചു മിനിറ്റ് നന്നായി കുഴച്ചതിനു ശേഷം അല്‍പ്പം എണ്ണ തടവി അടച്ചുവച്ച് അര മണിക്കൂര്‍ മാറ്റി വയ്ക്കുക.
കാല്‍ക്കപ്പ് ഉരുക്കിയ നെയ്യിലേക്കു മൂന്ന് ടേബിള്‍ സ്പൂണ്‍ അരിപ്പൊടി ചേര്‍ത്തു നന്നായി യോജിപ്പിച്ച് മാറ്റിവയ്ക്കുക.
തയാറാക്കിയ മാവിനെ ഒരേ വലുപ്പത്തിലുള്ള ആറ് ഉരുളകളാക്കി മാറ്റുക.
അല്‍പം പൊടി വിതറി 6 ചപ്പാത്തി കനം കുറച്ച് പരത്തുക.
ഒരു ചപ്പാത്തിയുടെ മുകളിലേക്കു നെയ്യും അരിപ്പൊടിയും ചേര്‍ന്ന മിശ്രിതം ഒരു ബ്രഷ് വച്ചു തേച്ചു കൊടുക്കുക. ഇതിനു മുകളിലേക്ക് അടുത്ത ചപ്പാത്തി വയ്ക്കുക. ആറ് ചപ്പാത്തിയും ഈ രീതിയില്‍ നെയ്യ് പുരട്ടി അടുക്കി വയ്ക്കുക.
ഏറ്റവും മുകളിലും നെയ് മിശ്രിതം പുരട്ടി ഒന്നിച്ച് നീളത്തില്‍ ചുരുട്ടി എടുക്കുക.
വശങ്ങള്‍ അല്പം മുറിച്ചു മാറ്റിയതിനു ശേഷം ഇതിനെ 10 – 12 കഷണങ്ങളാക്കി മുറിക്കുക.
അല്പം പൊടി വിതറി ഓരോ കഷണങ്ങളും നീളത്തില്‍ പരത്തിയെടുക്കുക.
ഒരു ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കുക. ചൂട് മീഡിയത്തിലും താഴെ ആക്കിയതിനു ശേഷം പരത്തി എടുത്ത മടക്ക് ഇട്ട് വറുത്ത് കോരുക.
ചെറിയ തീയില്‍ വേണം വറുത്ത് എടുക്കാന്‍. ഒരു സ്പൂണോ തവിയോ ഉപയോഗിച്ചു ചൂട് എണ്ണ മുകളിലേക്ക് ഒഴിച്ചു കൊണ്ടേയിരിക്കണം.
ഉള്‍ഭാഗവും നന്നായി മൊരിഞ്ഞ് നിറം മാറാന്‍ തുടങ്ങുമ്പോള്‍ എണ്ണയില്‍ നിന്നും കോരി മാറ്റാം. പരത്തിയ മടക്ക് എല്ലാം ഇങ്ങനെ വറുത്തെടുക്കുക.
മറ്റൊരു പാത്രത്തില്‍ പഞ്ചസാരയും, അരക്കപ്പ് വെള്ളവും, ഏലയ്ക്കാപ്പൊടിയും ചേര്‍ത്ത് തിളപ്പിക്കുക. പഞ്ചസാര നന്നായി ഉരുകി ഒട്ടുന്ന പരുവം ആകുമ്പോള്‍ തീ ഓഫ് ചെയ്ത് അഞ്ചുമിനിറ്റ് ചൂട് അല്പം മാറാന്‍ വേണ്ടി മാറ്റി വെയ്ക്കുക.
തയാറാക്കിയ മടക്കു സാന്‍ ഓരോന്നായി പഞ്ചസാരപ്പാനിയില്‍ മുക്കി എടുക്കുക.
ഒരു മണിക്കൂര്‍ കൊണ്ട് പഞ്ചസാര ഇതിലേക്ക് പിടിച്ച് നല്ല ക്രിസ്പിയായി കിട്ടും.
വായു കടക്കാത്ത പാത്രത്തിലാക്കി അടച്ചു സൂക്ഷിക്കാം.