ഇൻസ്റ്റന്റ് ഉപ്പുമാവ് മിക്സ് തയ്യാറാക്കി സൂക്ഷിച്ചോളൂ..ഇതുണ്ടെങ്കിൽ രാവിലെ മിനിറ്റുകൾക്കുള്ളിൽ ബ്രേക്ക് ഫാസ്റ്റ് റെഡിയാക്കാം..

upma
upma

ആവശ്യമായവ 

റവ - രണ്ട് കപ്പ് 
നെയ്യ് - രണ്ട് ടേബിൾ സ്പൂൺ 
കടുക് - ഒരു ടീസ്പൂൺ
ഉഴുന്ന് പരിപ്പ് - ഒരു ടീസ്പൂൺ 
കടല പരിപ്പ് - അര ടീസ്പൂൺ 
അണ്ടിപ്പരിപ്പ് - കാൽ കപ്പ് 
കറിവേപ്പില - രണ്ട് തണ്ട് 
വറ്റൽ മുളക് - മൂന്നോ നാലോ എണ്ണം 
ഉപ്പ് - ഒന്നര ടീസ്പൂൺ 

തയാറാക്കുന്ന വിധം 

റവ ഒരു നോൺസ്റ്റിക്ക് പാനിലിട്ടു മീഡിയം തീയിൽ വച്ച് എട്ടു മിനിറ്റ് നേരം നല്ലതുപോലെ റോസ്റ്റ് ചെയ്തെടുക്കുക. ഇത് പാനിൽ നിന്നും മാറ്റിയതിനുശേഷം ചൂടാറുന്നതിനായി ഒരു പാത്രത്തിലേക്ക് മാറ്റാം. പാനിലേക്ക് നെയ്യൊഴിച്ച്, ചൂടായി വരുമ്പോൾ കടുക് ഇട്ടു പൊട്ടിയതിലേക്ക് ഉഴുന്ന് പരിപ്പ്, കടല പരിപ്പ്, അണ്ടിപ്പരിപ്പ്, കറിവേപ്പില, വറ്റൽ മുളക് എന്നിവ ചേർത്ത് രണ്ടു മുതൽ മൂന്നു മിനിറ്റ് വരെ നല്ലതുപോലെ മൂപ്പിക്കുക. 

ഇതിലേക്ക് റവയും ഉപ്പും ചേർത്തുകൊടുക്കാം. മൂന്നു മിനിറ്റ് നേരം നല്ലതുപോലെ ഇളക്കി യോജിപ്പിച്ചതിനു ശേഷം തീ അണയ്ക്കാം. ഡ്രൈഡ് വെജിറ്റബിൾസ് ഉണ്ടെങ്കിൽ ഈ സമയത്തു അതും ഇതിനൊപ്പം ചേർക്കാവുന്നതാണ്. നല്ലതുപോലെ തണുക്കുന്നതിനായി ഒരു പരന്ന പാത്രത്തിലേക്ക് മാറ്റികൊടുക്കണം. തണുത്തതിനു ശേഷം ഒരു വായു കടക്കാത്ത പാത്രത്തിലാക്കി സൂക്ഷിക്കാവുന്നതാണ്. ഒന്നര മാസം വരെ കേടുകൂടാതെയിരിക്കും. 

ഇതുപയോഗിച്ച് എങ്ങനെയാണ് ഉപ്പുമാവ് തയ്യാറാക്കേണ്ടത് എന്ന് നോക്കാം..

നേരത്തെ തയാറാക്കി വച്ചിരിക്കുന്ന റവ മിക്സ് അര കപ്പ് എടുക്കുക. അതിലേക്ക് ഒന്നേകാൽ കപ്പ് തിളച്ച വെള്ളവും കാൽ ടീസ്പൂൺ നെയ്യും ചേർത്ത് നന്നായി മിക്സ് ചെയ്തതിനുശേഷം അടച്ചു വയ്ക്കാം. ഏഴ് - എട്ട് മിനിറ്റിനു ശേഷം തുറന്നെടുത്തു ചൂടോടെ കഴിക്കാവുന്നതാണ് . ആളുകളുടെ എണ്ണം അനുസരിച്ച് മിക്‌സും വെള്ളവും കൂടുതൽ എടുക്കണേ.. 

Tags