ഗ്രീൻ കോറിയാൻഡർ റൈസ് തയ്യാറാക്കാം
ഇന്നത്തെ ഡിന്നര്‍ സ്വല്പം വ്യത്യസ്തമാക്കിയാലോ .ഗ്രീൻ കോറിയാൻഡർ റൈസ് തയ്യാറാക്കാം.
ആവശ്യമുള്ള സാധനങ്ങള്‍
അരി(ബ്രൗണ്‍ റൈസ് എങ്കില്‍ നല്ലത്) -ഒരു കപ്പ്
പച്ചനിറമുള്ള കാപ്സിക്കം വലുത് -ഒന്ന്
സവാള -ഒന്ന്
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് -ഒരു ടീസ്പൂണ്‍
തൈര് -30 മില്ലിലിറ്റര്‍
മല്ലിയില, പുതിന, പച്ചമുളക് അരച്ചെടുത്ത പേസ്റ്റ് -2 ടേബിള്‍ സ്പൂണ്‍
ഗരംമസാല -ഒരു ടീസ്പൂണ്‍
ജീരകം -അര ടീസ്പൂണ്‍
ബേ ലീവ്സ് -2 എണ്ണം
മല്ലിപ്പൊടി -അര ടീസ്പൂണ്‍
ഒലീവ് ഓയില്‍ -ഒരു ടീസ്പൂണ്‍
ഉപ്പ് -ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു നോണ്‍ സ്റ്റിക്ക് പാത്രമെടുത്ത് അതിലേക്ക് എണ്ണയൊഴിച്ച് ചൂടാക്കുക. എണ്ണ നന്നായി ചൂടായി കഴിയുമ്പോള്‍ ജീരകം ചേര്‍ക്കാം. ജീരകം പൊട്ടിക്കഴിഞ്ഞ് ബേ ലീവ്സ് ചേര്‍ക്കാം. ഇത് പതിയെ ഇളക്കിക്കൊടുക്കാം. ഇതിലേക്ക് നേരത്തെ ചെറുതായി അരിഞ്ഞുവെച്ച സവാള ചേര്‍ത്ത് നന്നായി വഴറ്റാം. സവാള ഇളം ബ്രൗണ്‍ നിറമാകുമ്പോള്‍ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, മല്ലിയില-പുതിനയില പേസ്റ്റ്, തൈര് എന്നിവ ചേര്‍ത്ത് ഇളക്കി വേവിക്കാം.
ഈ മസാല നന്നായി വെന്ത് വരുമ്പോള്‍ നല്ല മണം ലഭിക്കും. ഇതിലേക്ക് ഗരം മസാലയും മല്ലിപ്പൊടിയും ചേര്‍ക്കാം. അഞ്ച്-ആറ് മിനിറ്റുവരെ ഇത് വേവിച്ചെടുക്കണം. ശേഷം ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുത്ത കാപ്സിക്കം കൂടി മസാലയിലേക്ക് ചേര്‍ത്ത് ഇളക്കിക്കൊടുക്കാം. ഇതിലേക്ക് കഴുകിയെടുത്ത് വെച്ചിരിക്കുന്ന അരിയും ഒന്നരഗ്ലാസ് വെള്ളവും ചേര്‍ത്ത് കൊടുക്കാം. ശേഷം പാത്രം നന്നായി അടച്ച് വെച്ച് 15 മിനിറ്റ് നേരമോ ചോറ് പാകത്തിന് വെന്തുവരുന്നത് വരെയോ വേവിച്ചെടുക്കാം. ചൂടോടെ വിളമ്പാം.