രുചി റമ്പൂട്ടാനോട് സമം; ഔഷധ ഗുണം ഏറെ; മൂട്ടിൽപ്പഴം
moottipazham

 


പലർക്കും ഇപ്പോഴും കേട്ടുകേൾവി പോലുമില്ലാത്ത ഒരു ഫലമാണ്മൂട്ടിൽപ്പഴം അഥവാ മൂട്ടിപ്പഴം. രുചിയിൽ ഏറെക്കുറെ റമ്പൂട്ടാനോട് സമം. എന്നാൽ ഔഷധ ഗുണം കൂടുതൽ. വനത്തിൽ വ്യാപകമായും കാണപ്പെടുന്നു.
കാട്ടുപഴമാണെങ്കിലും പോഷകമൂല്യത്തില്‍ മൂട്ടില്‍പ്പഴം ഉയരെയാണ്. ആപ്പിളിനേക്കാള്‍ പ്രോട്ടീന്‍, നെല്ലിക്കയോളം വൈറ്റമിന്‍ സി, മാമ്പഴത്തേക്കാള്‍ കാര്‍ബോ ഹൈഡ്രേറ്റ്. ഇങ്ങനെ  പോകുന്നു മുന്‍തൂക്കം.

പശ്ചിമഘട്ടത്തിലെ കാടുകളില്‍ കാണുന്ന പഴം മരത്തിന്റെ ഏറ്റവും താഴെ സമൃദ്ധമായി ഉണ്ടാകുന്നതിനാലാണ് ഈ പേര് കിട്ടാൻ കാരണം. ഡിസംബർ – ജനുവരി മാസങ്ങളിലാണ് പൂവിടുന്നത്. ദളങ്ങളില്ലാത്ത പൂക്കൾക്കു ചുവപ്പു നിറമാണ്. പഴുക്കുമ്പോൾ പഴത്തിന്റെ നിറം കടുംചുവപ്പാകും.
മറ്റുള്ള വൃക്ഷങ്ങളെ പോലെ ഇതിന്റെ ശിഖരങ്ങളിൽ അധികം പഴം ഉണ്ടാകാറില്ല. പകരം വൃക്ഷത്തിന്റെ തായ്ത്തടിയുടെ മൂട്ടിൽ നിന്നും മുകളിലേക്ക് പഴങ്ങൾ തൂങ്ങി കിടക്കുകയാണ് ചെയ്യുന്നത്.ഓഗസ്റ്റോടെ കാട്ടില്‍ മൂട്ടില്‍പ്പഴക്കാലമാകും.
പീച്ചി കെ.എഫ്.ആര്‍.ഐ.യിലെ ശാസ്ത്രജ്ഞരായ ഡോ. വി.ബി. ശ്രീകുമാര്‍, ഡോ. ജി. ജയരാജ് എന്നിവരുടെ നേതൃത്വത്തിൽ ഈ പഴത്തെക്കുറിച്ച് ശാസ്ത്രീയപഠനം നടന്നു. ശാസ്ത്രജ്ഞരെ ഇതിലേക്ക് നയിച്ചത് വനംവകുപ്പിലെ ഡി.എഫ്.ഒ. ഡോ. ജി. പ്രസാദിന്റെ ഗവേഷണങ്ങളാണ്.

സഹ്യപര്‍വതത്തിലാകെ മൂട്ടില്‍പ്പഴത്തിന്റെ വൈവിധ്യം തേടിയുള്ള യാത്രയില്‍ മൂട്ടില്‍പ്പഴങ്ങളുടെ നാലിനങ്ങള്‍ അദ്ദേഹം കണ്ടെത്തി. കടുംചുവപ്പുനിറത്തിലുള്ള പഴമാണ് പ്രസിദ്ധം. എന്നാല്‍, മഞ്ഞ കലര്‍ന്ന പച്ച, മഞ്ഞ, പീച്ച് എന്നീ നിറങ്ങളിലുള്ളവയും കണ്ടെത്തി. എന്നാല്‍, ഇതു മൂന്നും ഉള്‍ക്കാടുകളില്‍ അപൂര്‍വമായി മാത്രമേ ഉള്ളൂ.
ഈ പഴത്തെക്കുറിച്ച് കൂടുതലറിഞ്ഞാലോ?
ബെക്കൂറിയ കോര്‍ട്ടാലെന്‍സിസ് എന്നാണ് മൂട്ടിൽപ്പഴത്തിന്റെ ശാസ്ത്രനാമം. കൂര്‍ഗ് മുതല്‍ കുറ്റാലം വരെയുള്ള പശ്ചിമഘട്ടത്തില്‍ ഇവ കണ്ടുവരുന്നു. വ്യാപകമായി ഈ മരം കാണുന്നില്ല. പത്തനംതിട്ട, കൊല്ലം, തൃശ്ശൂര്‍, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വനത്തിലാണ് കണ്ടുവരുന്നത്. 15 മീറ്റര്‍ വരെ ഉയരത്തിലുള്ള ഇടത്തരം മരമാണിത്. വലിയ നെല്ലിക്കയോളം വലുപ്പമുള്ള പഴത്തില്‍ മൂന്ന് വിത്തുണ്ടാകും. നാട്ടിന്‍പുറത്തും ഈ മരം വളരാറുണ്ട്.

പുളിപ്പും മധുരവുമുള്ളതുമാണ് ഈ ഫലം. മലയണ്ണാൻ, കുരങ്ങ്, കരടി തുടങ്ങിയ മൃഗങ്ങളുടെ ഇഷ്ടഭക്ഷണം കൂടിയാണിത്. റംബൂട്ടാന്റെ ഫലവുമായി ഇതിന് ഏറെ സാമ്യമുണ്ട്. കട്ടിയുള്ള തോട് പൊളിച്ച് അകത്തുള്ള ജെല്ലി പോലെയുള്ള ഭാഗമാണ് ഭക്ഷിക്കുന്നത്. ഇതിന്റെ തോടു കൊണ്ട് അച്ചാർ ഉണ്ടാക്കാനും സാധിക്കും. ഉദരരോഗത്തിനു മൂട്ടിപ്പഴം ഉത്തമമാണെന്നു പറയപ്പെടുന്നു.

ആപ്പിളിലെ പ്രോട്ടീന്‍ ശതമാനം 0.3 ആണ്. എന്നാല്‍, മൂട്ടില്‍പ്പഴത്തില്‍ 0.92 ശതമാനം. മാങ്ങയില്‍ 0.6 ശതമാനവും. വിറ്റാമിന്‍ സി മൂട്ടില്‍പ്പഴത്തില്‍ 0.24 ശതമാനവും നെല്ലിക്കയില്‍ 0.3 ശതമാനവും. കാര്‍ബോഹൈഡ്രേറ്റിന്റെ കാര്യത്തില്‍ മൂട്ടില്‍പ്പഴം 19.78%, മാമ്പഴം 16.8%, നെല്ലിക്ക 13.7%. നാരിന്റെ ശതമാനം ഇങ്ങനെ- മൂട്ടില്‍പ്പഴം 1.59%, മാമ്പഴം 0.7%.

Share this story