പ്രമേഹരോഗികൾക്ക് കഴിക്കാം ഈ ഡ്രൈ ഫ്രൂട്ട്

google news
diabetes

ധാരാളം വൈറ്റമിനുകളും പോഷക​ഗുണങ്ങളും അടങ്ങിയ ഭക്ഷണമാണ് ഈന്തപ്പഴം. ഒട്ടേറെ മാക്രോ ന്യൂട്രിയന്റുകളും പോഷകഘടകങ്ങളും അടങ്ങിയ ഈന്തപ്പഴം ദിവസവും കഴിക്കുന്നത് ഏറെ ഗുണകരമാണ്. ശാസ്ത്രീയമായി ഫീനിക്സ് ഡാക്റ്റിലിഫെറ എന്നറിയപ്പെടുന്ന ഇത്  ഒന്നാണ്.

ഈന്തപ്പഴത്തില്‍ ഉയര്‍ന്ന അളവില്‍ ഊര്‍ജം അടങ്ങിയിട്ടുണ്ട്. ഫ്രക്ടോസ്, ഗ്ലൂക്കോസ് എന്നിങ്ങനെ, ഈ ഊർജത്തിന്റെ ഭൂരിഭാഗവും പഞ്ചസാരയുടെ രൂപത്തിലാണെങ്കിലും ധാരാളം നാരുകളും കുറഞ്ഞ ഗ്ലൈസെമിക് സൂചികയും കാരണം, മിതമായ അളവില്‍ പ്രമേഹരോഗികള്‍ക്കു പോലും ഇത് സുരക്ഷിതമായി കഴിക്കാം. ഇത് ശരീരഭാരവും രക്തത്തിലെ പഞ്ചസാരയും നിയന്ത്രിക്കാന്‍ സഹായിക്കും. ഈന്തപ്പഴത്തിന് ഇൻസുലിൻ ഉൽപാദനം വർധിപ്പിക്കാനുള്ള കഴിവുണ്ട്, കൂടാതെ കുടലിൽനിന്ന് ഗ്ലൂക്കോസ് ആഗിരണം ചെയ്യുന്നതിന്റെ തോത് കുറയ്ക്കാനും ഈന്തപ്പഴത്തിന് കഴിയുമെന്ന് പഠനങ്ങള്‍ പറയുന്നു.

ഈന്തപ്പഴത്തിൽ നാരുകളുടെ അംശം വളരെ കൂടുതലാണ്. അതിനാല്‍ മലബന്ധം മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ അനുഭവിക്കുന്ന ആളുകൾക്ക് ഇത് വളരെ ഗുണം ചെയ്യും. കൂടാതെ ഈന്തപ്പഴം ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമാണ്. മറ്റു ഡ്രൈ ഫ്രൂട്ട്സുമായി താരതമ്യം ചെയ്യുമ്പോള്‍, ആന്റിഓക്‌സിഡന്റുകളുടെ സാന്ദ്രത ഇതില്‍ വളരെയധികം കൂടുതലാണ്. കോശങ്ങളുടെ ഘടനാപരവും ജനിതകവുമായ സമഗ്രതയെ ദോഷകരമായി ബാധിക്കുന്ന അപകടകരമായ ഫ്രീ റാഡിക്കലുകളെ ഇല്ലാതാക്കുന്ന സംയുക്തങ്ങളാണ് ആന്റിഓക്‌സിഡന്റുകൾ.

കണ്ണുകളുടെ ആരോഗ്യം നശിപ്പിക്കുന്ന മാക്യുലർ ഡീജനറേഷന്റെ സാധ്യതകളെ ഗണ്യമായി കുറയ്ക്കുന്നതിനുള്ള കഴിവിന് പേരുകേട്ട കരോട്ടിനോയിഡുകളും ഈന്തപ്പഴത്തില്‍ ധാരാളം അടങ്ങിയിരിക്കുന്നു. കൂടാതെ, ഇവയ്ക്ക് മികച്ച ഹൃദയാരോഗ്യം ഉറപ്പുവരുത്താനും സാധിക്കും. ഗർഭിണികളുടെ ഭക്ഷണത്തിൽ ഈന്തപ്പഴം ഉൾപ്പെടുത്തുന്നത് പ്രസവസമയത്തെ സമ്മർദം കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ഈന്തപ്പഴത്തില്‍ അടങ്ങിയിരിക്കുന്ന ടാനിൻ പ്രസവ പ്രക്രിയയെ സഹായിക്കുന്നു. ഈന്തപ്പഴത്തിലെ ഫ്ലേവനോയ്ഡുകളുടെയും വിവിധ അമിനോ ആസിഡുകളുടെയും, ഈസ്‌ട്രോൺ, സ്റ്റിറോളുകൾ എന്നിവയുടെയും സാന്നിധ്യം പുരുഷന്മാരുടെ പ്രത്യുൽപാദനക്ഷമത വലിയ തോതിൽ മെച്ചപ്പെടുത്താൻ സഹായിക്കും.  

ഈന്തപ്പഴത്തിൽ സെലിനിയം, മാംഗനീസ്, മഗ്നീഷ്യം, കോപ്പർ തുടങ്ങിയ മൈക്രോ ന്യൂട്രിയന്റുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ എല്ലുകളുടെ ആരോഗ്യത്തിന്‌ സഹായിക്കുന്നു. ഇതിലെ കൂടിയ അളവിലുള്ള പൊട്ടാസ്യം നാഡീവ്യൂഹത്തിന് ശക്തി കൂട്ടുന്നു. കൂടാതെ, ഈന്തപ്പഴത്തിൽ അടങ്ങിയ വൈറ്റമിൻ സി, വൈറ്റമിൻ ഡി എന്നിവയുടെ ഉയർന്ന സാന്ദ്രത ചർമ്മത്തിന്റെ ചെറുപ്പവും തിളക്കവും നിലനിര്‍ത്തുന്നു.  മാത്രമല്ല, ഉയര്‍ന്ന അളവില്‍ ഇരുമ്പും അടങ്ങിയിട്ടുള്ളതിനാല്‍ വിളര്‍ച്ചയും മുടികൊഴിച്ചിലും തടയാനും ഈന്തപ്പഴം പതിവായി കഴിക്കുന്നത് സഹായിക്കും.

ഈന്തപ്പഴത്തിൽ ഉയർന്ന അളവില്‍ പ്രകൃതിദത്ത പഞ്ചസാര അടങ്ങിയിട്ടുണ്ട്. മിതമായ അളവില്‍ കഴിക്കുന്നത് നല്ലതാണെങ്കിലും, ഇവ കൂടുതല്‍ കഴിച്ചാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് അതിവേഗം വർധിക്കും. പ്രമേഹമുള്ളവരോ രക്തത്തിലെ പഞ്ചസാരയുടെ അളവ് സംബന്ധിച്ച് ആശങ്കയുള്ളവരോ  ഇതു സംബന്ധിച്ച് വൈദ്യനിർ‌ദേശം തേടുന്നത് നല്ലതാണ്.

 

Tags