അതിഥികളെ സൽക്കരിക്കാൻ കോക്കനട്ട് ലഡു

ladu
ladu

ചേരുവകള്‍

ഡെസിക്കേറ്റഡ് കോക്കനട്ട് - 100 ഗ്രാം

പാല്‍ - മുക്കാല്‍ ഗ്ലാസ്

പഞ്ചസാര -3-4 ടേബിള്‍സ്പൂണ്‍

ഏലയ്ക്ക - ഒരെണ്ണം പൊടിച്ചത്

നെയ്യ് - 3 ടേബിള്‍സ്പൂണ്‍

അണ്ടിപ്പരിപ്പ് - 10 എണ്ണം

പിസ്ത - അലങ്കാരത്തിന്

തയ്യാറാക്കുന്ന വിധം

ചുവടുകട്ടിയുള്ള ഒരു പാത്രം ചൂടാക്കി അതിലേക്ക് നെയ്യ് ചേര്‍ത്ത് ഡെസിക്കേറ്റഡ് കോക്കനട്ട് 100 ഗ്രാം പാക്കറ്റില്‍നിന്ന് മൂന്ന് ടേബിള്‍സ്പൂണ്‍ എടുത്തുമാറ്റി ബാക്കി നെയ്യിലേക്കിടുക. ചെറുതീയില്‍ വേണം എല്ലാം ചെയ്യാന്‍. നിറംമാറാതെ ശ്രദ്ധിക്കണം. ചെറുതായി ചൂടായാല്‍ അതിലേക്ക് പാല്‍, പഞ്ചസാര എന്നിവയിട്ട് യോജിപ്പിച്ച്, ഈര്‍പ്പം മുഴുവന്‍ മാറി പാത്രത്തില്‍നിന്ന് വിട്ടുവരുന്നതുവരെ ഇളക്കുക. അടുത്തതായി ഇതിലേക്ക് ഏലയ്ക്കാപ്പൊടി ചേര്‍ക്കുക. ആവശ്യമെങ്കില്‍ അണ്ടിപ്പരിപ്പ് ചേര്‍ക്കാം. ഇത് നന്നായി ഇളക്കി അടുപ്പില്‍നിന്ന് മാറ്റുക. വേറൊരു പാത്രത്തില്‍ മാറ്റി ചൂടാറാന്‍ വയ്ക്കുക. ശേഷം ഉരുളകളാക്കി എടുക്കുക. മൂന്ന് ടേബിള്‍സ്പൂണ്‍ മാറ്റിവെച്ച ഡെസിക്കേറ്റഡ് കോക്കനട്ടില്‍ ഉരുട്ടിയെടുക്കുക. പിന്നീട് പിസ്ത വെച്ച് അലങ്കരിക്കാം.

ഇതുതന്നെ ഫ്രഷ് തേങ്ങ ചിരകിവച്ചും ചെയ്യാം. അപ്പോള്‍ ചിരകിവച്ച തേങ്ങ ആദ്യം പാത്രത്തിലിട്ട് നിറംമാറാതെ ഡ്രൈ ആക്കി ഈര്‍പ്പം കളയുക. ശേഷം ബാക്കി ചേരുവകള്‍ ചേര്‍ത്ത് കോക്കനട്ട് ലഡു ഉണ്ടാക്കാം.

Tags