വായിൽ കപ്പലോടും ചിക്കൻ-മക്രോണി പോള
ചേരുവകൾ
മക്രോണി -1 കപ്പ്
മുട്ട -3
കോഴി -300 ഗ്രാം
വലിയുള്ളി - 4 (ഇടത്തരം)
ഇഞ്ചി -ചെറിയ ഒരു കഷണം
വെളുത്തുള്ളി - 2 അല്ലി
പച്ചമുളക് - 3 എണ്ണം
തയാറാക്കുന്ന വിധം:
ഒരു കപ്പ് മക്രോണി തിളച്ച വെള്ളത്തിലിട്ട് മുക്കാൽ ഭാഗം വേവിക്കുക. ഒപ്പം ഒരു ടേബ്ൾ സ്പൂൺ ഓയിൽ വെള്ളത്തിലൊഴിക്കണം. വെന്തുവരുമ്പോൾ പാകത്തിന് ഉപ്പും മഞ്ഞൾപ്പൊടിയും ചേർക്കുക. ശേഷം മക്രോണി സ്ട്രെയിനറിലേക്ക് മാറ്റുക.
മസാല തയാറാക്കാൻ:
എല്ലില്ലാത്ത കോഴിയിറച്ചി, ഉപ്പ്, മഞ്ഞൾപ്പൊടി, കുരുമുളക് എന്നിവ ചേർത്ത് വേവിച്ചു മാറ്റിവെക്കുക. ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ വളരെ ചെറുതായി അരിഞ്ഞത് ഒരു പാനിലോ മറ്റോ വെളിച്ചെണ്ണ ഒഴിച്ച് വഴറ്റുക. അതിലേക്ക് വലിയുള്ളി അരിഞ്ഞത് ചേർത്ത് വഴന്നുവരുമ്പോൾ കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, കാൽ ടീസ്പൂൺ മുളകുപൊടി, ഒരു ടീസ്പൂൺ കുരുമുളകുപൊടി, അര ടീസ്പൂൺ ഗരംമസാല, പാകത്തിന് ഉപ്പ് എന്നിവ ചേർക്കുക.
ശേഷം അര കപ്പ് തേങ്ങയും മൂന്നോ നാലോ ചെറിയുള്ളിയും ചേർത്ത് ചമ്മന്തിപോലെ അരച്ചത് ചേർക്കുക. വേവിച്ച കോഴിയിറച്ചി ചെറുതായി പിച്ചിയെടുത്തത് ചേർക്കുക. ഒപ്പം കറിവേപ്പില, മല്ലിയില എന്നിവ ചെറുതായി അരിഞ്ഞത് ചേർത്ത് എല്ലാംകൂടി നന്നായി കൂട്ടിയോജിപ്പിക്കുക. രണ്ടു മിനിറ്റ് വേവിച്ചശേഷം തീ ഓഫ് ചെയ്തു പകുതി അടച്ചുവെക്കുക. മൂന്ന് മുട്ട ഒരു ജ്യൂസ് ജാറിൽ ഉടച്ച് ഒഴിക്കുക. അതിലേക്ക് 3-4 ഏലക്കായ, ഒരു നുള്ള് ഉപ്പ്, കാൽ ടീസ്പൂൺ കുരുമുളക് എന്നിവ ചേർത്ത് ഒരു മിനിറ്റ് അടിച്ചെടുക്കുക.
കോഴി മസാലയിലേക്ക് വേവിച്ചുവെച്ച മക്രോണിയും അടിച്ചെടുത്ത മുട്ടയും ചേർത്ത് നന്നായി കൂട്ടിയോജിപ്പിക്കുക.ശേഷം നെയ് തടവിയ അടപ്പുള്ള ഒരു നോൺസ്റ്റിക് പാത്രത്തിലേക്ക് തയാറാക്കിയ മക്രോണി മസാല ഒരേ ലെവലിൽ ഇടുക. അടച്ചുവെച്ച് 20 മിനിറ്റ് ചെറിയ തീയിൽ വേവിച്ചെടുക്കുക. വെന്ത് കുറച്ച് തണുത്തശേഷം ഒരു പ്ലേറ്റിലേക്ക് മാറ്റാം.