തയ്യാറാക്കാം പൂമ്പാറ്റ ചിക്കൻ
ചേരുവകൾ
എല്ലില്ലാത്ത ചിക്കൻ - 200 ഗ്രാം
ഉരുളക്കിഴങ്ങ് - രണ്ട് (ഇടത്തരം വലുപ്പം)
മുളകുപൊടി- അര ടീസ്പൂൺ
മഞ്ഞൾ പൊടി - കാൽ ടീസ്പൂൺ
കുരുമുളക് പൊടി-കാൽ ടീസ്പൂൺ
നാരങ്ങ നീര് - ഒരു ടീസ്പൂൺ
സോയാസോസ് - ഒരു ടീസ്പൂൺ
എല്ലാ ആവശ്യത്തിനും മാവ് -ഒരു ടീസ്പൂൺ
കോൺഫ്ലോർ - ഒരു ടീസ്പൂൺ
ഉപ്പ് ,വറുക്കാനുള്ള എണ്ണ
തയാറാക്കുന്നത്
കഴുകി വൃത്തിയാക്കിയ ചിക്കൻ ചെറിയ കഷ്ണങ്ങളായിട്ട് മുറിച്ചെടുക്കുക അതിലേക്ക് മുളകുപൊടി, മഞ്ഞൾപൊടി, കുരുമുളകുപൊടി, നാരങ്ങനീര്, സോയാസോസ്, മൈദ, കോൺഫ്ലോർ, ഉപ്പ് എന്നിവ ചേർത്ത് നന്നായിട്ട് മിക്സ് ചെയ്യുക. ഇത് 10 മിനിറ്റ് മാറ്റിവെക്കുക. ഇനി വേണ്ടത് നീളത്തിലുള്ള രണ്ട് ഉരുളക്കിഴങ്ങാണ്.
അതിനെ നെടുകെ മുറിച്ച് ചെറിയ കനം കുറഞ്ഞ് അരിഞ്ഞെടുക്കണം. ഒരു പാത്രത്തിൽ കുറച്ച് വെള്ളമെടുത്ത് അതിലേക്ക് ഉപ്പും മഞ്ഞൾപൊടിയും ചേർത്ത് മിക്സ് ചെയ്യുക. അതിലേക്ക് മുറിച്ചുവെച്ച ഉരുളക്കിഴങ്ങ് ഇട്ട് പത്തുമിനിറ്റ് നേരം ഇങ്ങനെ വെക്കണം. അതിനു ശേഷം ഉരുളകിഴങ്ങു വെള്ളത്തിൽനിന്ന് എടുത്ത് ഒരു ടിഷ്യൂ പേപ്പർ വെച്ച് ഈർപ്പം ഒപ്പിയെടുക്കണം.
ഇനി പുരട്ടിെവച്ചിരിക്കുന്ന ഓരോ ചിക്കന്റെ കഷ്ണവും ഓരോ ഉരുളക്കിഴങ്ങ് സ്ലൈസിന്റെ ഉള്ളിൽവെച്ച് ചെറുതായി ഒന്ന് മടക്കി ഒരു ടൂത്ത് പിക്ക് വെച്ച് കുത്തിവെക്കുക. എല്ലാ ചിക്കനും ഇങ്ങനെ ചെയ്തെടുക്കുക. ശേഷം, ഒരു പാൻവെച്ച് അതിലേക്ക് ആവശ്യത്തിന് ഓയിൽ ഒഴിച്ച് ചിക്കൻ പൊരിച്ചെടുക്കാം. ചെറിയ തീയിൽ വേണം ഫ്രൈ ചെയ്തെടുക്കാൻ. അങ്ങനെ നമ്മുടെ ബട്ടർഫ്ലൈ ചിക്കൻ റെഡി.